- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവറിൽ ഇരട്ട സിക്സർ പായിച്ച് നസീം ഷാ; ഏഷ്യാകപ്പ് സൂപ്പർ ഫോർ 'ത്രില്ലർ' പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി പാക്കിസ്ഥാൻ ഫൈനലിൽ; 130 റൺസ് വിജയലക്ഷ്യം മറികടന്നത് നാലു പന്തും ഒരു വിക്കറ്റും ശേഷിക്കെ; ഇന്ത്യയും അഫ്ഗാനും പുറത്ത്

ഷാർജ: അവസാന ഓവർ വരെ ആവേശം നിറഞ്ഞ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഫൈനലിൽ. അഫ്ഗാൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനിൽക്കേ പാക്കിസ്ഥാൻ മറികടന്നു. ജയപരാജയ സാധ്യത മാറിമറിഞ്ഞ മത്സരത്തിൽ, അവസാന ഓവറിൽ വാലറ്റക്കാരൻ നസീം ഷായുടെ ഇരട്ട സിക്‌സറാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്.
ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്ന 11 റൺസ്, ആദ്യ രണ്ടു പന്തുകളിലെ ഇരട്ട സിക്‌സറുകളിലൂടെ നസീം ഷാ പാക്കിസ്ഥാന് സമ്മാനിച്ചു. സൂപ്പർ ഫോറിലെ രണ്ടാം ജയത്തോടെ പാക്കിസ്ഥാൻ ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് അവരുടെ എതിരാളികൾ. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ - അഫ്ഗാനിസ്താൻ മത്സരം അപ്രസക്തമായി.
അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ (0) പുറത്താക്കി ഫസൽഹഖ് ഫറൂഖി പാക്കിസ്ഥാനെ ഞെട്ടിച്ചു. പിന്നാലെ ഫഖർ സമാനെയും (5) അവർക്ക് നഷ്ടമായി. തുടർന്ന് മുഹമ്മദ് റിസ്വാനും ഇഫ്തിഖർ അഹമ്മദും ചേർന്ന് സ്‌കോർ 45 വരെയെത്തിച്ചു. ഒമ്പതാം ഓവറിൽ റിസ്വാനെ റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. 26 പന്തിൽ നിന്ന് 20 റൺസെടുത്താണ് താരം പുറത്തായത്.
നാലാം വിക്കറ്റിൽ ഒന്നിച്ച ഇഫ്തിഖർ അഹമ്മദ് - ഷദാബ് ഖാൻ സഖ്യം കളി പാക്കിസ്ഥാന് അനുകൂലമാക്കിയെന്ന ഘട്ടത്തിൽ ഇഫ്തിഖറിനെ മടക്കി ഫരീദ് അഹമ്മദ് പാക് ടീമിനെ ഞെട്ടിച്ചു. 33 പന്തിൽ നിന്ന് 30 റൺസായിരുന്നു ഇഫ്തിഖറിന്റെ സമ്പാദ്യം. പിന്നാലെ 26 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 36 റൺസെടുത്ത ഷദാബിനെ മടക്കി റാഷിദ് ഖാൻ വീണ്ടും അഫ്ഗാന്റെ രക്ഷയ്ക്കെത്തി. പിന്നാലെ തുടർച്ചയായി പാക് വിക്കറ്റുകൾ വീഴ്‌ത്തി അഫ്ഗാൻ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു.
മുഹമ്മദ് നവാസ് (4), ഖുഷ്ദിൽ ഷാ (1), ഹാരിസ് റൗഫ് (0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ പാക്കിസ്ഥാൻ എട്ടിന് 110 റൺസെന്ന നിലയിലേക്ക് വീണു. അവസാന പ്രതീക്ഷയായിരുന്ന ആസിഫ് അലിയെ 19-ാം ഓവറിൽ ഫരീദ് പുറത്താക്കിയതോടെ അഫ്ഗാൻ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പാക്കിയതായിരുന്നു. എട്ട് പന്തിൽ നിന്ന് 16 റൺസായിരുന്നു ആസിഫിന്റെ സമ്പാദ്യം. എന്നാൽ അവസാന ഓവറിലെ രണ്ടു സിക്സറുകളിലൂടെ നസീം ഷാ പാക്കിസ്ഥാന്റെ ഹീറോയായി.
ചെറിയ സ്‌കോർ മികച്ച രീതിയിൽ തന്നെ പ്രതിരോധിച്ച് പാക്കിസ്ഥാനെ വിറപ്പിച്ച ശേഷമാണ് അഫ്ഗാൻ കീഴടങ്ങിയത്. അഫ്ഗാൻ ബൗളർമാരെല്ലാം തന്നെ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫറൂഖിയും ഫരീദും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പാക് ബൗളിങ്ങിനു മുന്നിൽ കാര്യമായ വെടിക്കെട്ട് പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ പാക് ബൗളർമാർ അഫ്ഗാന്റെ റൺറേറ്റ് പിടിച്ചുനിർത്തി. 37 പന്തിൽ നിന്ന് 35 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അവരുടെ ടോപ് സ്‌കോറർ. ഹസ്റത്തുള്ള സസായ് (21), റാഷിദ് ഖാൻ (18), റഹ്‌മാനുള്ള ഗുർബാസ് (17) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറർമാർ.
കരീം ജനത് (15), നജീബുള്ള സദ്രാൻ (10), ക്യാപ്റ്റൻ മുഹമ്മദ് നബി (0) എന്നിവർ നിരാശപ്പെടുത്തി. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. നസീം ഷാ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.


