ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ന് നേർക്കുനേർ. ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് ഏഷ്യാകപ്പിലെ മത്സര ഫലങ്ങളെങ്കിലും സൂപ്പർ ഫോറിൽ പരാജയമറിയാതെ മുന്നേറിയ ശ്രീലങ്കയ്ക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഏഷ്യയിലെ വൻ ശക്തിയായ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ ഞായറാഴ്ച വൈകീട്ട് 7.30 മുതൽ ദുബായിൽ ആരംഭിക്കും. ശ്രീലങ്കയ്ക്ക് 12-ാം ഫൈനലാണിത്. പാക്കിസ്ഥാന് അഞ്ചാമത്തെയും.

രാഷ്ട്രീയ പ്രതിസന്ധികളെത്തുടർന്ന് ശ്രീലങ്കയിൽ നടക്കേണ്ട ടൂർണമെന്റ് അവസാന നിമിഷമാണ് യുഎഇയിലേക്ക് മാറ്റിയത്. രാജ്യം ആഭ്യന്തര സംഘർഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം ദുബായിൽ ഏഷ്യാ കപ്പ് കളിക്കാനെത്തിയത്. ടൂർണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പർ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയ ശ്രീലങ്ക, ആരാധകർക്ക് സന്തോഷത്തിന്റെ ഒരു ദിവസം സമ്മാനിക്കാനാണ് ഞായറാഴ്ച ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.

പ്രാഥമികഘട്ടത്തിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനോട് തോറ്റുകൊണ്ട് തുടങ്ങിയ ശ്രീലങ്ക, പിന്നീട് ഗംഭീരമായി തിരിച്ചുവരുകയായിരുന്നു. പിന്നെ, തുടർച്ചയായി നാലു വിജയങ്ങളോടെയാണ് ഫൈനലിലെത്തിയത്. തോറ്റ എതിരാളികളിൽ ഇന്ത്യയുമുണ്ട്. സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച പാക്കിസ്ഥാനെയും തോൽപ്പിച്ചു. ഓൾറൗണ്ട് മികവോടെ മുന്നേറുന്ന ടീം ചില ഘട്ടത്തിൽ 1990-കളിലെ ലങ്കയെ ഓർമിപ്പിക്കുന്നു.

പാത്തും നിസംഗ, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭനുക രാജപക്സെ, ക്യാപ്റ്റൻ ദസുൻ ഷനക, വാനിന്ദു ഹസരംഗ എന്നിവരടങ്ങിയ ബാറ്റിങ് നിരയിൽ ഓരോരുത്തരും അവരുടെ അവസരത്തിൽ തിളങ്ങുന്നു. അഞ്ചു മത്സരത്തിൽ ലങ്ക 28 സിക്സും 62 ബൗണ്ടറികളും നേടി. ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷ്ണ, വാനിന്ദു ഹസരംഗ, ചമിക കരുണരത്നെ എന്നിവരടങ്ങിയ ബൗളിങ് നിരയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു. വിജയതൃഷ്ണയുള്ള ടീമുമായാണ് ഇക്കുറി ലങ്ക എത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റുകൊണ്ട് തുടങ്ങിയ പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ ഇന്ത്യയെയും അഫ്ഗാനിസ്താനെയും തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയെങ്കിലും അവസാനമത്സരത്തിൽ ലങ്കയോട് തോറ്റത് തിരിച്ചടിയായി. ക്യാപ്റ്റൻ ബാബർ അസം മികവിലേക്ക് ഉയരാത്തത് ടീമിന്റെ പ്രതീക്ഷയെ ബാധിച്ചു. അഞ്ചു മത്സരത്തിൽ ബാബർ നേടിയത് 63 റൺസ്. മറ്റൊരു ഓപ്പണർ മുഹമ്മദ് റിസ്വാനും മികച്ച ബൗളിങ് നിരയും ചേർന്നാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.

ദുബായിലെ പിച്ചിൽ ടോസ് നിർണായകമാണ്. ഇക്കുറി കളിച്ച എട്ടു മത്സരത്തിലും ടോസ് നേടിയ ടീം ഫീൽഡിങ് തിരഞ്ഞെടുത്തു. ഇതിൽ ആറുതവണയും ചേസ് ചെയ്ത ടീം ജയിച്ചു. രണ്ടുവട്ടവും ആദ്യം ബാറ്റുചെയ്ത് ജയിച്ചത് ഇന്ത്യയാണ്. ഹോങ്കോങ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്കെതിരേ. ഫൈനലിലും ടോസ് നേടുന്ന ടീമിന് ഫീൽഡിങ് തിരഞ്ഞെടുക്കാൻ ആലോചിക്കേണ്ടിവരില്ല.