ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉഴറുന്ന ശ്രീലങ്ക ജനതയ്ക്ക് ഏഷ്യാ കപ്പ് കിരീട നേട്ടത്തിലൂടെ ആത്മവിശ്വാസത്തിന്റെ നറുനിലവ് സമ്മാനിച്ച് ദസുൻ ഷനകയും സംഘവും. ടൂർണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പർ ഫോറിലും ആധികാരിക ജയത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവിൽ ഞായറാഴ്ച നടന്ന കലാശപ്പോരിൽ പാക്കിസ്ഥാനെ 23 റൺസിന് തകർത്താണ് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഷനകയുടേയും സംഘത്തിന്റെ അവിശ്വസനീയമായ കുതിപ്പ്.

ദുബായിലെ പിച്ചിൽ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും അത് മുതലാക്കാൻ പാക്കിസ്ഥാന് സാധിച്ചില്ല. ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 147 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്‌ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരംഗയുമാണ് പാക്കിസ്ഥാനെ തകർത്തത്. പാക് ബാറ്റിങ് നിരയിൽ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. അർധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 49 പന്തുകൾ നേരിട്ട റിസ്വാൻ ഒരു സിക്സും നാല് ഫോറുമടക്കം 55 റൺസെടുത്ത് പുറത്തായി.

ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ തുടക്കത്തിൽ നിരാശയിലാഴ്‌ത്തി ഇത്തവണയും ക്യാപ്റ്റൻ ബാബർ അസം മടങ്ങി. ആറു പന്തിൽ നിന്ന് അഞ്ചു റൺസ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറിൽ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തിൽ ഫഖർ സമാനെയും (0) മധുഷാൻ മടക്കി.

തുടർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത റിസ്വാൻ - ഇഫ്തിഖർ അഹമ്മദ് സഖ്യം പാക്കിസ്ഥാനെ 93 വരെയെത്തിച്ചു. 31 പന്തിൽ നിന്ന് 32 റൺസെടുത്ത ഇഫ്തിഖറിനെ മടക്കി മധുഷാൻ തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വമ്പനടിക്കായി മുഹമ്മദ് നവാസിനെ കളത്തിലിറക്കിയെങ്കിലും താരത്തിന് ഒമ്പത് പന്തിൽ നിന്ന് ആറു റൺസ് മാത്രമാണ് നേടാനായത്.

17-ാം ഓവർ എറിഞ്ഞ ഹസരംഗയാണ് കളി ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്. ആദ്യ പന്തിൽ അപകടകാരിയായ റിസ്വാനെ മടക്കിയ ഹസരംഗ മൂന്നാം പന്തിൽ ആസിഫ് അലിയേയും (0) മടക്കി. അഞ്ചാം പന്തിൽ ഖുഷ്ദിൽ ഷായേയും (2) പുറത്താക്കിയ ഹസരംഗ പാക്കിസ്ഥാനെ ഏഴിന് 112 റൺസെന്ന നിലയിലേക്ക് തള്ളിവിട്ടു. ഷദാബ് ഖാൻ (8), നസീം ഷാ (4), ഹാരിസ് റൗഫ് (13) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങൾ.

നേരത്തെ പാക്കിസ്ഥാനെതിരേ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ശ്രീലങ്കയെ ഭനുക രജപക്സയുടെ ഇന്നിങ്സാണ് മികച്ച സ്‌കോറിൽ എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്സയുടെ അർധ സെഞ്ചുറി മികവിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 45 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ആറ് ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റിൽ ചാമിക കരുണരത്നയേയും കൂട്ടുപിടിച്ചുള്ള രജപക്സയുടെ ബാറ്റിങ്ങാണ് ലങ്കൻ സ്‌കോർ 170-ൽ എത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം പന്തിൽ തന്നെ കുശാൽ മെൻഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറിൽ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടർന്ന് ധനുഷ്‌ക ഗുണതിലകയേയും (1) മടക്കിയ ഹാരിസ് റൗഫ് ലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ചിരുന്ന ധനഞ്ജയ ഡിസിൽവയെ ഇഫ്തിഖർ അഹമ്മദും പുറത്താക്കിയതോടെ ലങ്ക പതറി. 21 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 28 റൺസെടുത്താണ് താരം മടങ്ങിയത്. ക്യാപ്റ്റൻ ദസുൻ ഷാനകയ്ക്കും (2) ലങ്കൻ സ്‌കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനാകാതിരുന്നതോടെ അവർ അഞ്ചിന് 58 റൺസെന്ന പരിതാപകരമായ സ്ഥിതിയിലായി.

എന്നാൽ പിന്നീടായിരുന്നു ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ച രണ്ടു കൂട്ടുകെട്ടുകളുടെ പിറവി. ആറാം വിക്കറ്റിൽ ഒന്നിച്ച രജപക്സ - വാനിന്ദു ഹസരംഗ സഖ്യം ലങ്കയെ 100 കടത്തി. ഇരുവരും കൂട്ടിച്ചേർത്ത 58 റൺസാണ് ലങ്കൻ ഇന്നിങ്സിന്റെ നട്ടെല്ല്. 21 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 36 റൺസെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ പിന്നാലെ ക്രീസിലെത്തിയ ചാമിക കരുണരത്നയെ കൂട്ടുപിടിച്ച് ഭനുക രജപക്സ ലങ്കൻ സ്‌കോർ ഉയർത്തി. 54 റൺസാണ് ഈ സഖ്യം ലങ്കൻ സ്‌കോറിലെത്തിച്ചത്. ഇതിൽ 14 പന്തിൽ നിന്ന് 14 റൺസായിരുന്നു കരുണരത്നയുടെ സംഭാവന. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.