- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് മത്സരങ്ങൾ പാക്കിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും; ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്ക വേദിയാകും; ഏഷ്യാ കപ്പ് ക്രിക്കറ്റ് ഓഗസ്റ്റ് 31 മുതൽ ഹൈബ്രിഡ് മോഡലിൽ; ജസ്പ്രീത് ബുമ്രയും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലേക്ക്
ദുബായ്: ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കമായി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി പ്രഖ്യാപിച്ചു. ടൂർണമെന്റിലെ നാല് മത്സരങ്ങൾ പാക്കിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്കയാവും വേദിയാവുക. ഏറെ ചർച്ചകൾക്കും ആകാംക്ഷകൾക്കുമൊടുവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഹൈബ്രിഡ് മോഡൽ അംഗീകരിച്ചതോടെയാണ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി മത്സരങ്ങൾ നടക്കുക. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക്കിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങൾ തിരിച്ചെത്തുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഹൈബ്രിഡ് മോഡൽ മുന്നോട്ടുവെച്ചത്.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്തും. ഇവരിൽ നിന്ന് മികച്ച രണ്ട് ടീമുകൾ വീതം ഫൈനലിൽ എത്തുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കം കാരണം ആണ് പ്രഖ്യാപനം വൈകിയത്. സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപാൾ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടം. ഗ്രൂപ്പ് സ്റ്റേജ് പോരാട്ടങ്ങൾക്ക് ശേഷം ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. നാല് ടീമുകളായി ചുരുങ്ങി സൂപ്പർ ഫോർ മത്സരം. പിന്നാലെ ഫൈനൽ. സെപ്റ്റംബർ 17നാണ് കലാശപ്പോര്.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയിൽ നടത്തുന്ന ഹൈബ്രിഡ് മോഡൽ പാക് ക്രിക്കറ്റ് ബോർഡ് നിർദേശിക്കുകയായിരുന്നു. എന്നാൽ ഇത് ആദ്യം തള്ളിയ ബിസിസിഐ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിൻവാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒത്തുതീർപ്പെന്ന നിലയിൽ ഹൈബ്രിഡ് മോഡലിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ തത്വത്തിൽ സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരമായത്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യക്കായി പേസർ ജസ്പ്രീത് ബുമ്രയും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും കളിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിക്കിന്റെ പിടിയിലായിരുന്ന ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിൽസയിലും പരിശീലനത്തിലുമായിരുന്നു. ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഏഷ്യാ കപ്പിലെ പ്രകടനവും ഫോമും ഫിറ്റ്നസും നിർണായകമായ സാഹചര്യത്തിൽ കൂടിയാണ് സൂപ്പർ താരങ്ങൾ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.
സ്പോർട്സ് ഡെസ്ക്