- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധ സെഞ്ചുറികളുമായി ഹര്‍ഷിതയും ചമാരി അത്തപ്പത്തുവും; ഇന്ത്യന്‍ വനിതകളെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏഷ്യാ കപ്പില്‍ കന്നിക്കിരീടവുമായി ശ്രീലങ്ക
ധാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്ക് കന്നിക്കിരീടം. ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക കിരീടം നേടുന്നത്. ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 60 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍ഷിത സമരവിക്രമ (51 പന്തില്‍ പുറത്താവാതെ 69), ചമാരി അത്തപ്പത്തു (61) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.
അഞ്ചുവട്ടം ഫൈനല്‍ കളിച്ചെങ്കിലും ഒരിക്കല്‍പോലും ശ്രീലങ്കയ്ക്ക് കിരീടത്തിലേക്കെത്താനായിരുന്നില്ല. എല്ലായ്‌പ്പോഴും തോറ്റതാകട്ടെ ഇന്ത്യയോടും. ഇക്കുറി ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ശ്രീലങ്കയുടേത്. ക്യാപ്റ്റന്‍ ചമരിയുടെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് തങ്ങളുടെ കന്നിക്കിരീടം സമ്മാനിച്ചത്. 43 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കം 61 റണ്‍സ് നേടി 12-ാം ഓവറില്‍ അട്ടപ്പട്ടു മടങ്ങുമ്പോഴേക്കും ശ്രീലങ്ക ഏതാണ്ട് ഭദ്രമായ നിലയില്‍ എത്തിയിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ വിഷ്മി ഗുണരത്നെയുടെ (1) വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചമാരി - ഹര്‍ഷിത സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ ചമാരിയെ ദീപ്തി ശര്‍മ ബൗള്‍ഡാക്കി. 43 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഒമ്പത് ഫോറും നേടി. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും കവിഷ ദില്‍ഹാരിയെ (16 പന്തില്‍ 30) കൂട്ടുപിടിച്ച് ഹര്‍ഷിത ലങ്കയെ ആധികാരിക വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ഷിതയുടെ ഇന്നിംഗ്സ്.
നേരത്തെ, സ്മൃതിക്ക് പുറമെ ജെമീമ റോഡ്രിഗസും റിച്ച ഘോഷും നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 150 കടത്തിയത്. ശ്രീലങ്കക്കായി കാവിഷ ദില്‍ഹാരി രണ്ട് വിക്കറ്റെടുത്തു. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 19 പന്തില്‍ 16 റണ്‍സെടുത്ത ഷഫാലിയെ പുറത്താക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി എത്തിയ ഉമ ഛേത്രിയും (9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(11 പന്തില്‍ 11)പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.
എന്നാല്‍ ജെമീമയെ (16 പന്തില്‍ 29) കൂട്ടുപിടിച്ച് മന്ദാന നടത്തിയ പോരാട്ടം ഇന്ത്യയെ 100 കടത്തി.പതിനാറാം ഓവറില്‍ ജെമീമ റണ്ണൗട്ടായതിന് പിന്നാലെ സ്മൃതിയെ കവിഷ പുറത്താക്കിയതോടെ ഇന്ത്യ പതറി. എന്നാല്‍ ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച റിച്ച ഘോഷ് (14 പന്തില്‍ 30) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. പൂജ വസ്ട്രക്കറും (5*), രാധാ യാദവും(1*) പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.