- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാ കപ്പിൽ നേപ്പാളിലെ തകർത്ത് പാക്കിസ്ഥാന്റെ തുടക്കം; വിജയം 238 റൺസ് റൺസിന്; ബാബർ അസമിനും ഇഫ്തീഖർ അഹമ്മദിനും സെഞ്ച്വറി
മുൾട്ടാൻ: ഏഷ്യാകപ്പിൽ വൻ വിജയവുമായി പാക്കിസ്ഥാൻ. നേപ്പാളിനെതിരെ 238 റൺസിന്റെ കൂറ്റൻ വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ബാബർ അസം, ഇഫ്തീഖർ അഹമ്മദ് എന്നിവരുടെ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ മുന്നോട്ടുവെച്ച 343 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 23.4 ഓവറിൽ 104 റൺസിൽ ഓൾഔട്ടായി. നേപ്പാൾ മുൻനിരയെ പേസർമാരായ ഷഹീൻ അഫ്രീദിയും നസീം ഷായും തകർത്തപ്പോൾ മറ്റൊരു പേസർ ഹാരിസ് റൗഫ് മധ്യനിരയും സ്പിന്നർ ഷദാബ് ഖാൻ വാലറ്റവും എറിഞ്ഞിട്ടു. ഷദാബ് 6.4 ഓവറിൽ 27 റൺസിന് നാല് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ ഷഹീൻ ഷാ അഫ്രീദിയുടെ പേസിന് മുന്നിൽ കുടുങ്ങിയ നേപ്പാളിന് 14 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. കുശാൽ ഭർട്ടേൽ(8), രോഹിത് പൗഡെൽ(0) എന്നിവരെ ആദ്യ ഓവറിൽ ഷഹീൻ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. പിന്നാലെ ആസിഫ് ഷെയ്ഖിനെ(5) നസീം ഷാ മടക്കി. ആരിഫ് ഷെയ്ഖ്(26), സോംപാൽ കാമി(28) എന്നിവർ മാത്രമാണ് നേപ്പാളിനായി പൊരുതാൻ ശ്രമിച്ചത്. ഇരുവരേയും അതിവേഗക്കാരൻ ഹാരിസ് റൗഫ് പറഞ്ഞയച്ചതോടെ നേപ്പാൾ തകർന്നു.
ഗുൽസാൻ ജാ(13), ദീപേന്ദ്ര സിങ്(3), സന്ദീപ് ലമിച്ചാനെ(0) കുശാൽ മല്ല(6), ലലിത് രാജ്ബൻഷി(0) കരൺ കെ സി(7*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്‌കോർ. ഗുൽസാൻ, മല്ല, ലമിച്ചാനെ, ലലിത് എന്നിവരെ പുറത്താക്കിയാണ് ഷദാബ് ഖാൻ നാല് വിക്കറ്റ് തികച്ചത്. ദീപേന്ദ്രയുടെ വിക്കറ്റ് മുഹമ്മദ് നവാസിനായിരുന്നു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് നായകൻ ബാബർ അസമിന്റെയും മധ്യനിര ബാറ്റർ ഇഫ്തീഖർ അഹമ്മദിന്റേയും സെഞ്ചുറിക്കരുത്തിൽ പാക്കിസ്ഥാൻ 50 ഓവറിൽ 6 വിക്കറ്റിന് 342 എന്ന വമ്പൻ സ്‌കോറിലെത്തിയിരുന്നു. 25 റൺസിന് ഓപ്പണർമാരെ നഷ്ടമായ ശേഷമായിരുന്നു പാക് തിരിച്ചുവരവ്. 19-ാം ഏകദിന ശതകം നേടിയ ബാബർ 131 പന്തിൽ 151 റൺസുമായി മടങ്ങി. നേരിട്ട 109-ാം ബോളിൽ 100 റൺസ് തികച്ച ബാബർ 20 പന്തുകൾ കൂടിയേ 150 പുറത്താക്കിയാക്കാൻ എടുത്തുള്ളൂ.
അതേസമയം 67 പന്തിൽ കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്തീഖർ അഹമ്മദ് 71 പന്തിൽ 109* റൺസുമായി പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ബാബറും ഇഫ്തീഖറും 214 റൺസ് ചേർത്തു. 27.5 ഓവറിൽ 124-4 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ ബാബർ- ഇഫ്തീഖർ ഷോയിൽ പിന്നീടുള്ള 22.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 218 റൺസാണ് അടിച്ചുകൂട്ടിയത്. ആറാം ഓവറിൽ ക്രീസിലെത്തിയ ബാബറിനെ മടക്കാൻ അവസാന ഓവർ വരെ നേപ്പാളിന് കാത്തിരിക്കേണ്ടിവന്നു.
ഫഖർ സമാൻ(14), ഇമാം ഉൾ ഹഖ്(5), മുഹമ്മദ് റിസ്വാൻ(44), ആഗാ സൽമാൻ(5), ഷദാബ് ഖാൻ(4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സ്‌കോർ. നേപ്പാളിനായി സോംപാൽ കാമി രണ്ടും കരൺ കെ സിയും സന്ദീപ് ലമിച്ചാനെയും ഓരോ വിക്കറ്റും നേടി.
സ്പോർട്സ് ഡെസ്ക്