- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാകപ്പിൽ മഴക്കളി! ശ്രീലങ്കയിൽ നിന്നും വേദി മാറ്റാൻ സമ്മർദ്ദം ഉയർത്തി പിസിബി; ബാക്കി കളി പാക്കിസ്ഥാനിൽ നടത്താമെന്നും നിർദ്ദേശം; പ്രതികരിക്കാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ; സൂപ്പർ ഫോറിൽ ഇന്ത്യ - പാക് പോരാട്ടം പത്തിന്
പല്ലെക്കലെ: ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ 'മഴക്കളി'യിൽ മുങ്ങിയതോടെ നോക്കൗട്ട് മത്സരങ്ങൾ പ്രധാന വേദിയായ കൊളംബോയിൽ നിന്നു മാറ്റാൻ ആലോചന. സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നോക്കൗട്ട് മത്സരങ്ങൾക്ക് മറ്റു വേദികൾ അന്വേഷിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്.
പല്ലെക്കലെ, ഹമ്പൻതോട്ട, ധാംബുള്ള എന്നീ വേദികളാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതിൽ ധാംബുള്ളയിൽ മാത്രമാണ് നിലവിൽ ഭേദപ്പെട്ട കാലാവസ്ഥ. അതേസമയം ഏഷ്യാകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ആതിഥേയ രാഷ്ട്രമായ പാക്കിസ്ഥാനിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പിസിബി രംഗത്ത് വന്നു.
മഴമൂലം ഏഷ്യാ കപ്പ് മത്സരങ്ങൾ ഉപേക്ഷിക്കുകയും വൈകുകയും ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉന്നയിക്കുന്നത്. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ ഏഷ്യാ കപ്പ് യുഎഇയിൽ നടത്താമെന്ന് അറിയിച്ചിരുന്നതായും ഇത് ഇന്ത്യ നിരാകരിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും പിസിബി മുൻ ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യൻ ടീം സ്‌പോർട്‌സിനു മുകളിൽ രാഷ്ട്രീയം കണ്ടതാണ് കാരണമായതെന്നും സേത്തി കുറ്റപ്പെടുത്തി. ശ്രീലങ്കയിൽ മഴഭീഷണി തുടരുന്ന സാഹചര്യത്തിൽ ബാക്കിയുള്ള മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്താമെന്ന് പിസിബി ചെയർമാൻ സാക്ക അഷറഫ് അറിയിച്ചു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഏഷ്യാ കപ്പിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് സൂപ്പർ ഫോറിലെത്തിയ ഇന്ത്യക്ക് വീണ്ടും പാക്കിസ്ഥാൻ എതിരാളിയായി എത്തുന്നുണ്ട്. ഈ മാസം 10ന്(ഞായറാഴ്ച)യാണ് സൂപ്പർ ഫോറിലെ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. കാൻഡിയിൽ കനത്ത മഴ തുടരുന്നതിനാൽ ഇന്ത്യ-പാക് മത്സരവേദി ഹംബൻടോട്ടയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.
10ന് പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് 12ന് ശ്രീലങ്കയെയോ അഫ്ഗാനിസ്ഥാനെയോ നേരിടണം. ഇന്ന് നടക്കുന്ന അഫ്ഗാൻ-ശ്രീലങ്ക പോരാട്ടത്തിലെ വിജയികളായിരിക്കും സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികൾ. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാന് ഇന്ന് വമ്പൻ ജയം നേടിയാൽ മാത്രമെ സൂപ്പർ ഫോർ പ്രതീക്ഷ നിലനിർത്താനാവു.
അതേസമയം അഫ്ഗാനെതിരെ ഇന്ന് തോറ്റാലും ശ്രീലങ്കക്ക് സൂപ്പർ ഫോർ പ്രതീക്ഷ വെക്കാം. ശ്രീലങ്കക്ക് +0.951 ഉം രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +0.373 ഉം നെറ്റ് റൺറേറ്റുള്ളപ്പോൾ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന് -1.780 നെറ്റ് റൺ റേറ്റാണുള്ളത്. സൂപ്പർ ഫോറിൽ 15ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. സൂപ്പർ ഫോറിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിലെത്തുക.
ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി പാക്കിസ്ഥാനും രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും സൂപ്പർ ഫോറിലെത്തിയിട്ടുണ്ട്. 17ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനൽ. സൂപ്പർ ഫോറിലെത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായപ്പോൾ മഴമൂലം 23 ഓവറിൽ 147 റൺസായി ഇന്ത്യയുടെ വിജയലക്ഷ്യം പുനർ നിർണയിച്ചു. രോഹിത്തും ശുഭ്മാൻ ഗില്ലും ചേർന്ന് 10 വിക്കറ്റിന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.
സ്പോർട്സ് ഡെസ്ക്