ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 263 റൺസിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 78.3 ഓവറിൽ 263 റൺസുമായി കൂടാരം കയറി. 81 റൺസെടുത്ത ഉസ്മാൻ ഖവാജയും 72 റൺസുമായി പുറത്താകാതെ നിന്ന പീറ്റർ ഹാൻഡ്‌സ്‌കോംബും മാത്രമെ ഓസീസ് നിരയിൽ പൊരുതിയുള്ളു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും അശ്വിൻ ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 13 റൺസുമായി നായകൻ രോഹിത് ശർമ്മയും നാല് റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.

125 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 81 റൺസെടുത്താണ് ഖവാജ ഓസീസിന്റെ ടോപ് സ്‌കോററായത്. ഹാൻഡ്‌സ്‌കോംബ് ആകട്ടെ, 142 പന്തിൽ ഒൻപതു ഫോറുകളോടെയാണ് 72 റൺസെടുത്തത്. 59 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 33 റൺസെടുത്ത ക്യാപ്റ്റന് പാറ്റ് കമ്മിൻസിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർ ഡേവിഡ് വാർണർ (44 പന്തിൽ 15), മാർനസ് ലബുഷെയ്ൻ (25 പന്തിൽ 18), ട്രാവിസ് ഹെഡ് (30 പന്തിൽ 12) നേഥൻ ലയൺ (26 പന്തിൽ 10) എന്നിവരാണ് ഓസീസ് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. അതേസമയം, സ്റ്റീവ് സ്മിത്ത് (0), അലക്‌സ് കാരി (0), ടോഡ് മർഫി (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന കുനേമൻ 12 പന്തിൽ ആറു റൺസെടുത്ത് പുറത്തായി.

ടോസിലെ ഭാഗ്യം ബാറ്റിംഗിലും തുടക്കത്തിൽ ഓസീസിനെ തുണച്ചു. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ഖവാജയും വാർണറും ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നൽകി. പതിവുപോലെ ഷമിക്കും അശ്വിനും മുന്നിൽ വാർണർ പതറിയെങ്കിലും ഖവാജ ഉറച്ചു നിന്നു ആദ്യ റണ്ണെടുക്കാൻ നേരിട്ടത് 21 പന്തുകൾ നേരിട്ട വാർണർ ഒടുവിൽ ടീം സ്‌കോർ 50ൽ എത്തിയതിന് പിന്നാലെ ഷമിയുടെ പന്തിൽ വിക്കറ്റിന് പിന്നിൽ ശ്രീകർ ഭരത്തിന്റെ കൈകളിലൊതുങ്ങി.44 പന്തിൽ 15 റൺസായിരുന്നു വാർണറുടെ സംഭാവന.

വൺ ഡൗണായി എത്തിയ മാർനസ് ലാബുഷെയ്ൻ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിത്. അശ്വിനും ഷമിക്കും ജഡേജക്കുമെരെ തകർപ്പൻ ഷോട്ടുകളുമായി ഖവാജയും ലാബുഷെയ്‌നും കളം നിറഞ്ഞതോടെ ഓസീസ് 91-1 എന്ന മികച്ച നിലയിലെത്തി. എന്നാൽ ലഞ്ചിന് തൊട്ടു മുമ്പ് ലാബുഷെയ്‌നിനെ(18) വിക്കറ്റിന് മുന്നിൽ കുടുക്കിയ അശ്വിൻ അതേ ഓവറിൽ സ്റ്റീവ് സ്മിത്തിനെ(0) വിക്കറ്റിന് പിന്നിൽ ശ്രീകർ ഭരത്തിന്റെ കൈകളിലെത്തിച്ച് ഓസീസിനെ ഞെട്ടിച്ചു.

ലഞ്ചിന് പിരിയുപമ്പോൾ 95-3 എന്ന സ്‌കോറിൽ പതറിയ ഓസീസിന് പിന്നീട് പൊകുതി നിന്ന ഉസ്മാൻ ഖവാജയുടെയും(81), ട്രാവിസ് ഹെഡ്ഡിന്റെയും(12), അലക്‌സ് ക്യാരിയുടെയും(0) വിക്കറ്റുകൾ നഷ്ടമാവുമ്പോൾ സ്‌കോർ ബോർഡിൽ 168 റൺസെ ഉണ്ടായിരുന്നുള്ളു. പൊരുതി നിന്ന് ഓസീസിന് പ്രതീക്ഷ നൽകിയ ഖവാജയെ രാഹുൽ പറന്നു പിടിക്കുകയായിരുന്നു. ഖവാജയെയും അലക്‌സ് ക്യാരിയെയയും അടുത്തടുത്ത് നഷ്ടമായതോടെ ഓസ്‌ട്രേലിയ എളുപ്പം തകരുമെന്ന് കരുതിയെങ്കിലും കമിൻസും ഹാൻഡ്‌സ്‌കോംബും പ്രതിരോധിച്ചു നിന്നു. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയശേഷമാണ് വേർപിരിഞ്ഞത്. 33 റൺസെടുത്ത കമിൻസിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. അതേ ഓവറിൽ ടോഡ് മർഫിയെ ബൗൾഡാക്കി ജഡേജ തകർച്ചക്ക് വേഗം കൂട്ടി.

നേഥൻ ലിയോണിനെ(10) കൂട്ടുപിടിച്ച് ഹാൻഡ്സ്‌കോംബ് ഓസീസിനെ 250 കടത്തി. എന്നാൽ ലിയോണിനെയും(10) അവസാന ബാറ്ററായ കുനെമാന്നെയും(6) ബൗൾഡാക്കി ഷമി ഓസീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.

ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സ് ജയത്തോടെ പരമ്പരയിൽ 1 - 0ന് മുന്നിലെത്തിയെങ്കിലും സമ്മർദം കൂടുതൽ ഇന്ത്യൻ ക്യാംപിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് ഇനിയും 2 മത്സരങ്ങൾ കൂടി ജയിക്കേണ്ടതുണ്ട്.