- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റാഞ്ചിയിൽ അശ്വിൻ കറക്കി വീഴ്ത്തിയത് റെക്കോർഡുകളും; ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി; ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറുമായി; അഞ്ച് വിക്കറ്റ് നേട്ടത്തിലും കുംബ്ലെക്കൊപ്പം അശ്വിൻ
റാഞ്ചി: റാഞ്ചി ടെസ്റ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചു രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തി നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി ആർ അശ്വിൻ. ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളർ, ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ, അഞ്ച് വിക്കറ്റ് നേട്ടത്തിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പവും അശ്വിൻ എത്തി.
ആദ്യ രണ്ട് റെക്കോർഡിലും പിന്നിലാക്കിയതും സാക്ഷാൽ കുംബ്ലെയെയാണ്. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്. ഏറെ നാളായി ഇതിഹാസ താരം അനിൽ കുംബ്ലെ സ്വന്തമാക്കി വച്ച റെക്കോർഡാണിത്. ഇന്ത്യൻ മണ്ണിൽ കുംബ്ലെ 63 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 350 ടെസ്റ്റ് വിക്കറ്റുകൾ. അശ്വിൻ 59 ടെസ്റ്റുകൾ ഇന്ത്യൻ മണ്ണിൽ കളിച്ച് വീഴ്ത്തിയത് 354 വിക്കറ്റുകൾ.
അതിവേഗം 350 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡാണ് മറ്റൊന്നു. 59ാം ടെസ്റ്റിൽ ഈ നേട്ടത്തിലെത്താൻ താരത്തിനായി. കുംബ്ലെ 63 ടെസ്റ്റുകളിൽ നിന്നാണ് 350ൽ എത്തിയത്. അഞ്ച് വിക്കറ്റ് നേട്ടം 35ാം തവണ സ്വന്തമാക്കിയാണ് റാഞ്ചിയിൽ അശ്വിൻ തിളങ്ങിയത്. കുംബ്ലെയും ഇത്രയും തവണ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അടുത്ത ടെസ്റ്റിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാൽ അശ്വിന് റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റാനും അവസരം.
ഏഷ്യയിൽ 400 വിക്കറ്റെന്ന നാഴികക്കല്ലും താരം പിന്നിട്ടു. നേരത്തെ ഇംഗ്ലണ്ടിന്റെ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. റാഞ്ചി ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. 90 റൺസ് നേടിയ ധ്രുവ് ജുറൈലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഓപ്പണർ യശസ്വി ജയ്സ്വാൾ 73 റൺസ് നേടി. ടൂർണമെന്റിൽ 600 റൺസിലേറെ പിന്നിടാനും ജയ്സ്വാളിനായി. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ചറികളാണ് താരം നേടിയത്. ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് പരമ്പരയിൽ അറുന്നൂറിലധികം റൺസ് നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് ജയ്സ്വാൾ.
സ്പോർട്സ് ഡെസ്ക്