- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
44 ന് അഞ്ചുവിക്കറ്റ്; പരിക്ക് വകവെക്കാതെ കാമറോൺ ഗ്രീനിന്റെ ഐതിഹാസിക ഇന്നിങ്സ്; ന്യൂസിലാന്റിനെതിരെ ഒന്നാം ഏകദിനത്തിൽ ഓസീസിന് 2 വിക്കറ്റിന്റെ തകർപ്പൻ ജയം; നിർണ്ണായകമായത് ഗ്രീൻ- കാരി സഖ്യത്തിന്റെ 158 റൺസിന്റെ കൂട്ടുകെട്ട്

കെയ്ൺസ്: ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസീസ് 45 ഓവറിൽ ലക്ഷ്യം മറികടന്നു. പരിക്ക് വകവെയ്ക്കാതെ ബാറ്റ് വീശിയ കാമറോൺ ഗ്രീനാണ് (89) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. അലക്സ് കാരി 85 റൺസെടുത്തു.
ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിലായിരുന്നു ഓസീസ്. ഡേവിഡ് വാർണർ (20), ആരോൺ ഫിഞ്ച് (5), സ്റ്റീവൻ സ്മിത്ത് (1), മർനസ് ലബുഷെയ്ൻ (0), മാർകസ് സ്റ്റോയിനിസ് (5) എന്നിവർ നിരാശപ്പെടുത്തി. മത്സരത്തിൽ ഒന്നാകെ നാല് വിക്കറ്റ് വീഴ്‌ത്തിയ ട്രന്റ് ബോൾട്ടാണ് ഓസീസിന്റെ മുൻനിരയെ തകർത്തത്.
എന്നാൽ ക്രീസിൽ ഒത്തുചേർന്ന ഗ്രീൻ- കാരി സഖ്യം ഓസീസിന് തുണയായി. ഇരുവരും 158 റൺസാണ് കൂട്ടിചേർത്തത്.കാരിയെ പുറത്താക്കി, ലോക്കി ഫെർഗൂസൺ ബ്രേക്ക് ത്രൂ നൽകി. ഗ്ലെൻ മാക്സ്വെല്ലും (2), മിച്ചൽ സ്റ്റാർക്കും (1) നിരാശപ്പെടുത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി. എന്നാൽ ആഡം സാംപയുടെ അവസരോചിത ഇന്നിങ്സ് (13 പന്തിൽ 13) ഓസീസിന് തുണയായി. 92 പന്തിൽ ഒരു സിക്സും 10 ഫോറും ഉൾപ്പെടെയാണ് ഗ്രീൻ 89 റൺസ് നേടിയത്.
ഇടയ്ക്കിടെ അദ്ദേഹത്തെ പേശി വലിവ് അലട്ടിയിരുന്നു. ഫിസിയോയുടെ സഹായവും വേണ്ടിവന്നു. കിവീസിന് വേണ്ടി ബോൾട്ടിന് പുറമെ മാറ്റ് ഹെന്റി, ഫെർഗൂസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ, ഗ്ലെൻ മാക്സ്വെല്ലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ തകർത്തത്. പത്ത് ഓവർ പൂർത്തിയാക്കിയ മാക്സ്വെൽ 52 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. കെയ്ൻ വില്യംസൺ (45), ടോം ലാഥം (43), ഡാരിൽ മിച്ചൽ (26), മൈക്കൽ ബ്രേസ്വെൽ (7) എന്നിവരാണ് മാക്സ്വെൽ പുറത്താക്കിയത്.
ന്യൂസിലൻഡ് മധ്യനിര തകർന്നതോടെ കിവീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഡെവോൺ കോൺവെ (46), ജയിംസ് നീഷം (16), മിച്ചൽ സാന്റ്നർ (13), മാറ്റ് ഹെന്റി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ലോക്കി ഫെർഗൂസൺ (5), ട്രന്റ് ബോൾട്ട് (6) പുറത്താവാതെ നിന്നു. ജോഷ് ഹേസൽവുഡിന് മൂന്ന് വിക്കറ്റുണ്ട്. സ്റ്റാർക്ക്, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.


