- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8 വിക്കറ്റുമായി വീണ്ടും ഇന്ത്യയെ കറക്കിവീഴ്ത്തി നാഥൻ ലിയോൺ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ 163 റൺസിന് പുറത്ത്; പൊരുതിയത് അർധ സെഞ്ച്വറി നേടിയ പൂജാര മാത്രം; മൂന്ന് ദിവസം ശേഷിക്കെ ഇൻഡോറിൽ ഓസ്ട്രേലിയയക്ക് ജയിക്കാൻ 76 റൺസ്
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 76 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 163 റൺസിൽ അവസാനിപ്പിക്കാൻ ഓസീസിന് സാധിച്ചു. എട്ട് വിക്കറ്റുകൾ പിഴുത നതാൻ ലിയോണിന്റെ മാരക ബൗളിങാണ് ഇന്ത്യയെ തകർത്തത്. അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടെ ചെറുത്തു നിൽപ്പില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി അതി ദയനീയമായേനെ.പൂജരായാണ് രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ. താരം 142 പന്തുകൾ നേരിട്ട് അഞ്ച് ഫോറും ഒരു സിക്സും സഹിതം 59 റൺസ് കണ്ടെത്തി.
ഇന്ത്യൻ ഇന്നിങ്ങ്‌സിൽ മറ്റാരും 30 കടന്നില്ല.ആദ്യ ഇന്നിങ്‌സിൽ 88 റൺസിന്റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ ഇൻഡോറിൽ രണ്ടാം ഇന്നിങ്‌സിലും പതറിപ്പോയി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ നേഥൻ ലിയോൺ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോൾ 32 റൺസിനിടെ ഇരു ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി. 15 പന്തിൽ 5 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 33 പന്തിൽ 12 റൺസുമായി രോഹിത് ശർമ്മയും മടങ്ങി.ഗിൽ ബൗൾഡും രോഹിത് എൽബിയുമാവുകയായിരുന്നു.
ചേതേശ്വർ പൂജാരയ്‌ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇടംകൈയൻ സ്പിന്നർ മാത്യൂ കുനെമാൻ 26 പന്തിൽ 13 റൺസെടുത്ത കോലിയെ എൽബിയിൽ പുറത്താക്കി.വിക്കറ്റ് കൂട്ടത്തോടെ വീണതോടെ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ലിയോണിന്റെ കറങ്ങും പന്തിന് മുന്നിൽ വീണു.36 പന്തിൽ 7 റൺസ് നേടിയ ജഡേജ എൽബിയിലാണ് പുറത്തായത്. പിന്നാലെയായിരുന്നു സ്റ്റാർക്കിന്റെ പന്തിൽ ഖവാജയുടെ വണ്ടർ ക്യാച്ചിൽ 27 പന്തിൽ 26 റൺസുമായി ശ്രേയസ് അയ്യരുടെ മടക്കം.
8 പന്തിൽ 3 റൺസെടുത്ത ശ്രീകർ ഭരതും ലിയോണിന് മുന്നിൽ ബൗൾഡായി. 28 പന്തിൽ 16 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ ലിയോണിന് മുന്നിൽ കുടുങ്ങിപ്പോൾ അർധസെഞ്ചുറി നേടിയ പൂജാരയാവട്ടെ ലിയോണിന്റെ തന്നെ പന്തിൽ സ്ലിപ്പിൽ സ്മിത്തിന്റെ വണ്ടർ ക്യാച്ചിൽ പുറത്തായി. പിന്നാലെ ഒരു ലൈഫ് കിട്ടിയ ഉമേഷ് യാദവ് സിക്‌സർ ശ്രമത്തിനിടെ ഗ്രീനിന്റെ ക്യാച്ചിൽ വീണു. അവസാനക്കാരനായി മുഹമ്മദ് സിറാജ് ലിയോണിന്റെ പന്തിൽ ബൗൾഡായപ്പോൾ 39 പന്തിൽ 15* റൺസുമായി അക്‌സർ പട്ടേൽ പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 109 റൺസിനെതിരെ ഓസീസ് 197 റൺസ് കണ്ടെത്തി. ജഡേജ നാലും അശ്വിനും ഉമേഷും മൂന്ന് വീതവും വിക്കറ്റ് വീഴ്‌ത്തിയിട്ടും ലീഡ് കണ്ടെത്തുകയായിരുന്നു ഓസീസ്. 60 റൺസ് നേടിയ ഖവാജയായിരുന്നു ഓസീസ് ടോപ് സ്‌കോറർ.