അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് നിറംമങ്ങിയ ജയം. സെമി ബർത്ത് ലക്ഷ്യമിട്ട് വന്മാർജിനിൽ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഓസീസിനെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയത്. 168 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഓസിസിനെതിരെ അഫ്ഗാന്റെ പോരാട്ടം 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണ്ടിയരുന്ന അഫ്ഗാന് വേണ്ടി റാഷിദ് ഖാന് 16 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും 23 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 48 റൺസോടെ പുറത്താകാതെ നിന്ന റാഷിദ് ഖാനാണ് ഓസിസിന് മുന്നിൽ കനത്ത വെല്ലുവിളി ഉയർത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. 32 പന്തിൽ പുറത്താവാതെ 54 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ടോപ് സ്‌കോറർ. മിച്ചൽ മാർഷും (45) തിളങ്ങി. മറുപടി ബാറ്റിംഗിൽ അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനാണ് സാധിച്ചത്. 23 പന്തിൽ 48 റൺസുമായി പുറത്താവാതെ നിന്ന റാഷിദ് ഖാനാണ് അഫ്ഗാന് പ്രതീക്ഷ നൽകിയത്. ജോഷ് ഹേസൽവുഡ്, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജയത്തോടെ ഓസീസിന് അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റായി. എന്നാൽ റൺറേറ്റ് -0.173 ആണ്. മികച്ച റൺറേറ്റുള്ള ഇംഗ്ലണ്ടിനെ നാളെ ശ്രീലങ്കയെ തോൽപ്പിച്ചാൽ ഓസ്ട്രേലിയയെ മറികടന്ന് സെമിയിലെത്താം. ഓസ്ട്രേലിയയുടെ ജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. ന്യൂസീലൻഡ് ഗ്രൂപ്പ് ഒന്നിൽ നിന്നും സെമി ഉറപ്പാക്കിയിരുന്നു.

168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ് തകർപ്പൻ തുടക്കമാണ് നൽകിയത്. സഹ ഓപ്പണർ ഉസ്മാൻ ഗനി (2) വേഗം മടങ്ങിയെങ്കിലും തകർത്തടിച്ച ഗുർബാസ് 17 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 30 റൺസെടുത്താണ് പുറത്തായത്.

തുടർന്ന് ക്രീസിൽ ഒന്നിച്ച ഇബ്രാഹിം സദ്രാൻ - ഗുൽബാദിൻ നയ്ബ് സഖ്യം 59 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഓസീസ് വിയർത്തു. എന്നാൽ 14-ാം ഓവറിൽ മാക്സ്വെല്ലിന്റെ നേരിട്ടുള്ള ത്രോയിൽ നയ്ബ് പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 23 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 39 റൺസെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തിൽ സദ്രാനെ പുറത്താക്കി ആദം സാംപ ഓസീസിന് പ്രതീക്ഷയേകി. 33 പന്തിൽ നിന്നും 26 റൺസായിരുന്നു സദ്രാന്റെ സംഭാവന. തുടർന്നെത്തിയ ക്യാപ്റ്റൻ മുഹമ്മദ് നബിക്കും (1) നജീബുള്ള സദ്രാനും (0) പെട്ടെന്ന് മടങ്ങിയത് അഫ്ഗാന് തിരിച്ചടിയായി.

എന്നാൽ ഏഴാം വിക്കറ്റിൽ ദാർവിഷ് റസൂലിയെ കൂട്ടുപിടിച്ച് റാഷിദ് ഖാൻ തകർത്തടിച്ചതോടെ ഓസീസ് വിയർത്തു. അവസാന പന്തിൽ 21 റൺസാണ് അഫ്ഗാന് വേണ്ടിയിരുന്നത്. മാർകസ് സ്റ്റോയിനിസിന്റെ ആദ്യ പന്തിൽ ദർവിഷ് റണ്ണൗട്ടായി. ക്രീസിൽ റാഷിദ്, ബാക്കിയുള്ളത് ആറ് പന്തുകൾ. നേരിട്ട ആദ്യ പന്തിൽ റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ഫോർ. മൂന്നാം പന്തിലും റണ്ണെടുത്തില്ല. അവസാന മൂന്ന് പന്തിൽ ജയിക്കാൻ 17 റൺസ്. നാലാം പന്തിൽ സിക്സ്. അഞ്ചാം പന്തിൽ രണ്ട് റൺ. ഇതോടെ ഓസീസ് ജയമുറപ്പിച്ചു. അവസാന പന്ത് റാഷിദ് ഫോർ നേടി. ആതിഥേയരെ വിറപ്പിച്ച് അഫ്ഗാൻ കീഴടങ്ങി.

അഡ്ലെയ്ഡിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറിൽ കാമറോൺ ഗ്രീൻ പുറത്ത് (3) പുറത്ത്. താളം കണ്ടെത്താൻ വിഷമിക്കുന്ന ഡേവിഡ് വാർണർ (25) ആറാം ഓവറിൽ മടങ്ങി. അതേ ഓവറിന്റെ അവസാന പന്തിൽ സ്റ്റീവൻ സ്മിത്തും (4) മടങ്ങിയതോടെ ഓസീസ് മൂന്നിന് 54 എന്ന നിലയിലായി. പിന്നീട് മാർഷ് (45), മാർകസ് സ്റ്റോയിനിസ് (25) എന്നിവർ നടത്തിയ പോരാട്ടം തകർച്ചയിൽ നിന്ന് രക്ഷിച്ചു.

മാർഷിന് ശേഷം ക്രീസിലെത്തിയ മാക്സ്വെൽ ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ മാത്യൂ വെയ്ഡ് (6), പാറ്റ് കമ്മിൻസ് (0), കെയ്ൻ റിച്ചാർഡ്സൺ (1) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. മാക്വെല്ലിനൊപ്പം ആഡം സാംപ (1) പുറത്താവാതെ നിന്നു. 32 പന്തിൽ രണ്ട് സിക്സിന്റേയും ആറ് ബൗണ്ടറിയുടെയും സഹായത്തോടെയാണ് മാക്സ്വെൽ അർധ സെഞ്ചുറി പൂർത്തിയാക്കിയത്. നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പുറമെ ഫസൽഹഖ് ഫാറൂഖി രണ്ടും മുജീബ് ഉർ റഹ്‌മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ഹാസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പിന്മാറിയതോടെ മാത്യൂ വെയ്ഡാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ഫിഞ്ചിന് പകരം കാമറോൺ ഗ്രീൻ ടീമിലെത്തി. ടിം ഡേവിഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ടീമിലില്ല. നിർണായക മത്സരത്തിൽ പരിക്കാണ് ഡേവിഡിനെ വലച്ചത്. ഡേവിഡിന് പകരം സ്റ്റീവ് സ്മിത്തും സ്റ്റാർക്കിന് പകരം കെയ്ൻ റിച്ചാർഡ്സും ടീമിലെത്തി.