പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ തകർപ്പൻ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

12-ാം ഓവർ വരെ ഒപ്പത്തിനൊപ്പം പോരാടിയ ലങ്കയെ 17 പന്തിൽ അർധസെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ അനായാസം മറികടന്നത്. അവസാന 48 പന്തിൽ വിജയത്തിലേക്ക് 70 റൺസ് വേണ്ടിയിരുന്ന ഓസീസിനെ സ്റ്റോയ്‌നിസ് അനായാലം ലക്ഷ്യത്തിലെത്തിച്ചു.

അഞ്ചാമനായി ക്രീസിലെത്തി തകർത്തടിച്ച ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസ് 17 പന്തിൽ ആറ് സിക്‌സും നാലു ഫോറും പറത്തി അർധസെഞ്ചുറി തികച്ചു. 18 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. നായകൻ ആരോൺ ഫിഞ്ച് 41 പന്തിൽ 31 റൺസെടുത്ത് വിജയത്തിൽ സ്റ്റോയ്‌നിസിന് കൂട്ടായി. സ്‌കോർ ശ്രീലങ്ക 20 ഓവറിൽ 157-6, ഓസ്‌ട്രേലിയ 16.3 ഓവറിൽ 158-3.

ജയത്തോടൊപ്പം മികച്ച നെറ്റ് റൺറേറ്റും ആവശ്യമായിരുന്ന ഓസീസിന് തുണയായത് സ്റ്റോയ്നസിന്റെ ഇന്നിങ്സായിരുന്നു. വെടിക്കെട്ട് ഇന്നിങ്സോടെ ട്വന്റി 20-യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡ് സ്റ്റോയ്നിസ് സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പിൽ പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ചുറിയും കൂടിയാണ് സ്റ്റോയ്നിസിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

158 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് അഞ്ചാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ (11) നഷ്ടമായി. സഹ ഓപ്പണറും ക്യാപ്റ്റനുമായ ഫിഞ്ചിന് സ്‌കോർ ഉയർത്താനും സാധിച്ചില്ല. 17 പന്തിൽ നിന്ന് 17 റൺസെടുത്ത മിച്ചൽ മാർഷും 12 പന്തിൽ നിന്ന് 23 റൺസടിച്ച ഗ്ലെൻ മാക്സ്വെല്ലുമാണ് ഓസീസ് സ്‌കോറിങ് അൽപമെങ്കിലും വേഗത്തിലാക്കിയത്. എന്നാൽ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സ്റ്റോയ്നിസ് മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഫിഞ്ച് 42 പന്തിൽ നിന്ന് 31 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറിൽ തന്നെ സ്‌കോർ ഉയർത്താൻ കെൽപ്പുണ്ടായിരുന്ന കുശാൽ മെൻഡിസ് (5) പാറ്റ് കമ്മിൻസിന്റെ പന്തിൽ വീണു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പഥും നിസ്സങ്ക - ധനഞ്ജയ ഡിസിൽവ സഖ്യം 69 റൺസ് കൂട്ടിച്ചേർത്തെങ്കിലു സ്‌കോറിങ് വേഗം കുറഞ്ഞു. 23 പന്തിൽ നിന്ന് 26 റൺസെടുത്ത ഡിസിൽവയെ 12-ാം ഓവറിൽ ആഷ്ടൺ അഗർ മടക്കി. പിന്നാലെ നിസ്സങ്ക റണ്ണൗട്ടായി. 45 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റൺസെടുത്ത നിസ്സങ്കയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറർ.

തുടർന്ന് സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഭാനുക രജപക്സ (7), ക്യാപ്റ്റൻ ദസുൻ ഷാനക (3) എന്നിവരെ ലങ്കയ്ക്ക് നഷ്ടമായി. പിന്നാലെ വാനിന്ദു ഹസരംഗയേയും (1) അവർക്ക് നഷ്ടമായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ ലങ്കൻ സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. എന്നാൽ 25 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 39 റൺസെടുത്ത് പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കൻ സ്‌കോർ 150 കടത്തിയത്. ഏഴു പന്തിൽ നിന്ന് 14 റൺസെടുത്ത ചാമിക കരുണരത്നെ, അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി. പാറ്റ് കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.