- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗില്ലും രോഹിത്തും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാനായില്ല; സാംപയുടെ ബൗളിങ്ങിന് മുന്നിൽ പകച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി; തുടർച്ചയായ രണ്ടാം ജയത്തോടെ 2-1 ന് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ;ഇന്ത്യക്ക് തിരിച്ചടിയായത് കൂട്ടുകെട്ടുകളുടെ അഭാവം
ചെന്നൈ: അവസാന മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി . 270 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 248 റൺസിന് പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടു ജയവുമായാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ തുടർന്നുള്ള രണ്ടുമത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
സ്‌കോർ: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1). ഓസീസിനായി ആദം സാംപ നാലും ആഷ്ടൺ അഗർ രണ്ടും മാർക്കസ് സ്റ്റോയിനിസും ഷോൺ അബോട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ ശുഭ്മാൻ ഗിൽ-രോഹിത് ശർമ്മ സഖ്യം ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടക്കാരൻ മിച്ചൽ സ്റ്റാർക്കിനെ തുടക്കത്തിലെ കടന്നാക്രമിച്ച് ഇരുവരും കുതിച്ചപ്പോൾ ഓപ്പണിങ് വിക്കറ്റിൽ 9.1 ഓവറിൽ 65 റൺസ് പിറന്നു. 17 പന്തിൽ 30 നേടിയ രോഹിത്തിനെ ഷോൺ അബോട്ടും 49 പന്തിൽ 37 നേടിയ ഗില്ലിനെ പിന്നാലെ ആദം സാംപയും പവലിയനിൽ എത്തിച്ചു.
ഇതിന് ശേഷം വിരാട് കോലി-കെ എൽ രാഹുൽ സഖ്യം പോരാട്ടത്തിന് ശ്രമിച്ചെങ്കിലും രാഹുലിനെ 50 പന്തിൽ 32 റൺസെടുത്ത് നിൽക്കേ മടക്കി സാംപ വീണ്ടും ബ്രേക്ക് ത്രൂ നൽകി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ക്രീസിലെത്തിയ അക്സർ പട്ടേലാവട്ടേ 4 പന്തിൽ 2 റണ്ണുമായി സ്റ്റീവ് സ്മിത്തിന്റെ ത്രോയിൽ മടങ്ങി. ശേഷം സ്പിന്നർ ആഷ്ടൺ അഗർ എറിഞ്ഞ 36-ാം ഓവർ ഇന്ത്യൻ പ്രതീക്ഷകൾ തച്ചുതകർത്തു. ആദ്യ പന്തിൽ വിരാട് കോലിയെയും(72 പന്തിൽ 54), രണ്ടാം പന്തിൽ സൂര്യകുമാർ യാദവിനെയും(1 പന്തിൽ 0) അഗർ പറഞ്ഞയച്ചു.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സ്‌കൈ ഗോൾഡൻ ഡക്കാവുന്നത്. ഇന്ത്യൻ പ്രതീക്ഷകൾ ഹാർദിക് പാണ്ഡ്യയിലേക്കും രവീന്ദ്ര ജഡേജയിലേക്കും നീണ്ടെങ്കിലും പാണ്ഡ്യയെ(40 പന്തിൽ 40) പുറത്താക്കി സാംപ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. ജഡേജയും(33 പന്തിൽ 18) സാംപയ്‌ക്കെതിരെ അലക്ഷ്യ ഷോട്ട് കളിച്ച് മടങ്ങി. ജഡേജ മടങ്ങി എട്ട് വിക്കറ്റ് നഷ്ടമാകുമ്പോൾ 45.1 ഓവറിൽ 225 റൺസേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. മുഹമ്മദ് ഷമി(10 പന്തിൽ 14), കുൽദീപ് യാദവ്(15 പന്തിൽ 6), മുഹമ്മദ് സിറാജ്(5 പന്തിൽ 3*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്‌കോർ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറിൽ 269 റൺസിൽ എല്ലാവരും പുറത്തായി. 31 പന്തിൽ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തിൽ 47 റൺസുമായി മിച്ചൽ മാർഷും നൽകിയ മികച്ച തുടക്കം കൂറ്റൻ സ്‌കോറിലേക്ക് എത്തിക്കാൻ ഓസീസിനായില്ല. നായകൻ സ്റ്റീവ് സ്മിത്ത്(0), ഡേവിഡ് വാർണർ(23), മാർനസ് ലബുഷെയ്ൻ(28), അലക്സ് ക്യാരി(38), മാർക്കസ് സ്റ്റോയിനിസ്(25), ഷോൺ അബോട്ട്(26), ആഷ്ടൺ അഗർ(17), മിച്ചൽ സ്റ്റാർക്ക്(10), ആദം സാംപ(10*) എന്നിങ്ങനെയായിരുന്നു സ്‌കോർ.
ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്സർ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി. മുംബൈയിലെ ആദ്യ ഏകദിനം ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചപ്പോൾ വിശാഖപട്ടണത്ത് 10 വിക്കറ്റ് ജയവുമായി ഓസീസ് ശക്തമായി തിരിച്ചെത്തുകയായിരുന്നു.