മെൽബൺ: 1992-ലെ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബാബർ അസമും കൂട്ടരും മെൽബണിൽ ഇംഗ്ലണ്ടിനെ നേരിട്ടത്. എന്നാൽ, ബാറ്റർമാർ പരാജയപ്പെട്ടതും ടീമിലെ ചാമ്പ്യൻബൗളറായ ഷഹീൻ അഫ്രീദിയുടെ പരിക്കുമാണ് പാക്കിസ്ഥാന് കപ്പ് അകറ്റിയത്. കൂടാതെ ബെൻ സ്റ്റോക്‌സ് എന്ന പോരാളിയും പാക്കിസ്ഥാന് മുന്നിൽ തടങ്ങളായി നിന്നു. പ്രധാന തിരിച്ചടിയായത് പ്രധാന ബൗളർ ഷഹീൻ അഫ്രീദിയുടെ പരിക്ക് തന്നെയായിരുന്നു. തന്റെ ആദ്യ ഓവറിൽ അലക്‌സ് ഹെയിൽസിനെ പുറത്താക്കിയ താരം തന്റെ മൂന്നാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം കളം വിടുകയായിരുന്നു. ഫീൽഡിംഗിനിടെ പരിക്കേറ്റാണ് അഫ്രീദി ഫീൽഡ് വിട്ടത്.

പിന്നീട് നിർണായക ഘട്ടത്തിൽ അഫ്രീദി കളത്തിൽ ഇറങ്ങിയെങ്കിലും അത് ഫലം കണ്ടില്ല. ഇംഗ്ലണ്ടിന് 30 പന്തിൽ 41 റൺസ് വേണ്ട ഘട്ടത്തിൽ ഷഹീൻ അഫ്രീദിയുടെ രണ്ടോവറുകൾ മറികടക്കണമെന്ന കടമ്പ മുന്നിലുണ്ടായിരുന്നുവെങ്കിലും 16ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം താരം കളിത്തിന് പുറത്തേക്ക് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഇഫ്തിക്കർ അഹമ്മദ് ആ ഓവർ പൂർത്തിയാക്കിയപ്പോൾ ഒരു സിക്‌സും ഒരു ഫോറും നേടി ബെൻ സ്റ്റോക്‌സ് മത്സരം ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് തിരിക്കുകയായിരുന്നു.

ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് ഷഹീൻ. അദ്ദേഹത്തിന്റെ പരിക്ക് തിരിച്ചടിയായെന്നാണ് പാക് നായകൻ ബാബർ അസം മത്സരത്തിന് ശേഷം പറഞ്ഞതും. അഫ്രിദിയുടെ പരിക്കില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാനും വിജയിക്കാൻ അവസരം ഉണ്ടായിരുന്നെന്നാണ് ബാബർ പറഞ്ഞത്. 20 റൺസിന്റെ എങ്കിലും കുറവാണ് പാക്കിസ്ഥാന് ഉണ്ടായിരുന്നു. ഷഹീന് പരിക്കില്ലായിരുന്നെങ്കിൽ ഒരുപക്ഷേ റിസൽട്ട് മറിച്ചായേനേ എന്നും ബാബർ പറഞ്ഞു വെക്കുന്നു.

1992 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രയാണത്തിന് ഇത്തവണത്തേതുമായി നിരവധി സമാനതകളുണ്ട്. ഓസ്ട്രേലിയയിൽ വെച്ച് നടന്ന രണ്ട് ലോകകപ്പുകളിലേയും നിലവിലെ ചാമ്പ്യന്മാർ ഓസ്ട്രേലിയ തന്നെയായിരുന്നു. മെൽബണിലെ ആദ്യ മത്സരത്തിൽ തന്നെ തോറ്റുകൊണ്ടാണ് പാക്കിസ്ഥാൻ തുടങ്ങിയത്. 1992-ൽ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോടാണ് പരാജയപ്പെട്ടതെങ്കിൽ ഇത്തവണ ഇന്ത്യയോടാണ് മെൽബണിൽ തോറ്റത്.

എന്നാൽ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അവർ സെമിയിലേക്ക് മുന്നേറിയത്. അതും അവസാന ദിവസം. അങ്ങനെ 1992-ലേത് പോലെ അത്ഭുതകരമായിട്ടായിരുന്നു പാക്കിസ്ഥാൻ 2022 ലോകകപ്പ് സെമിയിലെത്തിയത്. സെമിയിൽ ന്യൂസിലൻഡായിരുന്നു എതിരാളികൾ. 1992-ന് പുറമേ 1999-ഏകദിനലോകകപ്പിന്റെ സെമിയിലും 2007-ട്വന്റി 20 ലോകകപ്പിന്റെ സെമിയിലും പാക്കിസ്ഥാൻ കിവികളെ പരാജയപ്പെടുത്തിയിരുന്നു. പതിവുകളൊന്നും തെറ്റിക്കാതെ പാക്കിസ്ഥാൻ ഇക്കുറിയും കിവികളെ തകർത്ത് കലാശപ്പോരിന് യോഗ്യത നേടി.

കലാശപ്പോരും 1992-ന് സമാനമായിരുന്നു. മെൽബണിലെ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ചരിത്രം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പാക് ആരാധകർ. അന്ന് ഇമ്രാൻ ഖാനും സംഘവും കപ്പുയർത്തിയാണ് മടങ്ങിയത്. പക്ഷേ ഇത്തവണ കലാശപ്പോരിൽ പരാജയപ്പെട്ട് ബാബറിനും സംഘത്തിനും കണ്ണീരോടെ മടങ്ങേണ്ടിവന്നു. അന്ന് ഗ്രഹാം ഗൂച്ച് തോറ്റ് മടങ്ങിയ ഇംഗ്ലീഷ് ചരിത്രം മെൽബണിൽ ആവർത്തിക്കുമെന്ന പ്രഖ്യാപനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ബട്ട്ലർ കപ്പുയർത്തിയത്.

138 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിൻഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി. 2019 ഏകദിവ ലോകകപ്പിനു പിന്നാലെ ഇത്തവണത്തെ ടി20 കിരീടവും ഇംഗ്ലണ്ടിന് സ്വന്തം. 49 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 52 റൺസോടെ പുറത്താകാതെ നിന്ന ബെൻ സ്റ്റോക്ക്സിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റൻ ജോസ് ബട്ട്ലർ (26), ഹാരി ബ്രൂക്ക്സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി.