- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശഭരിതം, നാടകീയം; അവസാന പന്തിൽ സിംബാബ്വേയെ വീഴ്‌ത്തി ബംഗ്ലാദേശ്; ജയം മൂന്ന് റൺസിന്; ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി ബംഗ്ലാദേശ്
ബ്രിസ്ബെയ്ൻ: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സിംബാബ്വേയെ മൂന്ന് റൺസിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി നിർത്താനും അവർക്ക് കഴിഞ്ഞു. വിജയലക്ഷ്യമായ 151 റൺസ് പിന്തുടർന്ന ആഫ്രിക്കൻ ടീമിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാടകീയ നിമിഷങ്ങൾക്കാണ് ഗാബ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ് താരം ടാസ്‌കിൻ അഹമ്മദാണ് കളിയിലെ താരം.
മൊസദക് ഹുസൈൻ എറിഞ്ഞ അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമായിരുന്നു സിംബാബ്വേയ്ക്ക്. ഈ പന്തിൽ മുസറബാനി ബീറ്റ് ആകുകയും ബംഗ്ലാദേശ് നാല് റൺസിന് ജയിച്ചുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാൽ ആക്ഷൻ റീപ്ലേയിൽ ബംഗ്ലാ കീപ്പർ പന്ത് പിടിച്ചത് സ്റ്റംപിന് മുന്നിലായതിനാൽ തേഡ് അമ്പയർ നോബോൾ വിളിച്ചു. ഇതോടെ ഡഗ്ഔട്ടിൽ നിന്നും താരങ്ങൾ തിരികെ മൈതാനത്തേക്ക്. എന്നാൽ ഫ്രീഹിറ്റ് ലഭിച്ച പന്തിലും മുസറബാനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തകർപ്പൻ ഫോമിൽ കളിക്കുന്ന സികന്ദർ റാസ 0(30 ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ തിളങ്ങാതെ മടങ്ങിയപ്പോൾ ഒരവസരത്തിൽ ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലായിരുന്നു സിംബാബ്വേ. 42 പന്തിൽ നിന്ന് 64 റൺസ് നേടിയ ഷോൺ വില്യംസിന്റെ ഇന്നിങ്സാണ് അവർക്ക് പുതുജീവൻ പകർന്നത്. റെജിസ് ചകബ്വ 15(19) റയാൻ ബേൾ 27*(25) എന്നിവരെ കൂട്ടുപിടിച്ചാണ് വില്യംസ് സിംബാബ്വേയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഒടുവിൽ ഷക്കീബുൽ ഹസൻ എറിഞ്ഞ 19ാം ഓവറിൽ ദൗർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ വില്യംസിന്റെ ഇന്നിങ്സിന് തിരശീല വീഴ്‌ത്തിയപ്പോൾ സിംബാബ്വെ പതറി. മറുവശത്തുണ്ടായിരുന്ന ബേളിന് അവശ്യ ഘട്ടത്തിൽ സ്ട്രൈക്ക് ലഭിക്കാതിരുന്നതും അവർക്ക് വിനയായി. ബംഗ്ലാദേശിന് വേണ്ടി ടാസ്‌കിൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മൊസദക് ഹുസൈൻ മുസ്താഫിസുർ റഹ്‌മാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണർ നജ്മുൾ ഹുസൈൻ ഷാന്റോയുടെ അർധസെഞ്ചുറി 71(55) മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ഷക്കീബുൽ ഹസൻ 23(20), അഫീഫ് ഹുസൈൻ 29(19) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ജയത്തോടെ ബംഗ്ലാദേശിന് മൂന്ന് കളികളിൽ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റ് ആയി. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെയാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ. ഗ്രൂപ്പിൽ ഇന്ത്യക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അവർ.
ഇന്നത്തെ മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ സിംബാബ്വേയ്ക്ക് സെമി ഫൈനൽ സ്വപ്നം കണ്ട് തുടങ്ങാമായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ നെതർലൻഡ്സും ഇന്ത്യയുമാണ് അവരുടെ എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് അവരുടെ സമ്പാദ്യം.
സ്പോർട്സ് ഡെസ്ക്