- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധസെഞ്ച്വറിയുമായി പിടിച്ചു നിന്നത് കെ എൽ രാഹുൽ മാത്രം ; മുൻനിര ഉൾപ്പടെ കൂടാരം കയറിയത് അതിവേഗം; ബംഗ്ലാദേശിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; അഞ്ചുവിക്കറ്റുമായി തിളങ്ങി ഷാക്കിബ് ആൽ ഹസൻ; ബംഗ്ലാദേശിന് 187റൺസ് വിജയലക്ഷ്യം

മിർപുർ: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മുൻനിര പൂർണമായി നിരാശപ്പെടുത്തിയ മത്സരത്തിൽ 41.2 ഓവറിൽ ഇന്ത്യ 186 റൺസിന് പുറത്തായി. 73 റൺസെടുത്ത കെ എൽ രാഹുലിന് മാത്രമാണ് ബംഗ്ലാദേശി ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായുള്ളൂ.
ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ വിശ്രമം അനുവദിച്ച സീനിയർ താരങ്ങൾ തിരികയെത്തിയ മത്സരത്തിൽ നിരാശയുണർത്തുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ടവെച്ചത്. സ്‌കോർ ബോർഡ് 23ൽ നിൽക്കുമ്പോൾ തന്നെ ഓപ്പണറായ ശിഖർ ധവാൻ തിരികെ ഡഗ് ഔട്ടിലെത്തി.17 പന്തിൽ വെറും ഏഴ് റൺസായിരുന്നു ശിഖറിന്റെ സംഭാവന.
പിടിച്ച് നിൽക്കുമെന്ന തോന്നൽ ഉണ്ടായെങ്കിലും മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുമായില്ല. 31 പന്തിൽ 27 റൺസെടുത്ത ഹിറ്റ്മാനെ ഷാക്കിബ് ആണ് പുറത്താക്കിയത്. ട്വന്റി 20 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസവുമായെത്തിയ മുൻ നായകൻ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. 15 പന്തിൽ ഒമ്പത് റൺസെടുത്ത കോലിയെ ഷാക്കിബ് ബംഗ്ല നായകൻ ലിറ്റൻ ദാസിന്റെ കൈകളിൽ എത്തിച്ചു.
ശ്രേയ്യസ് അയ്യരും കെ എൽ രാഹുലും ചേർന്ന കൂട്ടുക്കെട്ടാണ് വൻ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. എന്നാൽ, അധികം വൈകാതെ 39 പന്തിൽ 24 റൺസെടുത്ത ശ്രേയ്യസിനെ എബാഡോട്ട് ഹുസൈൻ മടക്കി. ഒരറ്റത്ത് കെ എൽ രാഹുൽ പിടിച്ച് നിന്നത് മാത്രമാണ് മത്സരത്തിൽ ഇന്ത്യയെ തുണച്ചത്. വാഷിങ്ടൺ സുന്ദർ ന്യൂസിലൻഡിലേത് പോലെ തന്നെ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും ഷാക്കിബിന് മുന്നിൽ ആ പ്രതിരോധവും കീഴടങ്ങി. വാലറ്റത്തെയും കൂട്ടി രാഹുൽ ടീം സ്‌കോർ 200 കടത്തുമെന്ന് പ്രതീക്ഷ എബാഡോട്ട് ഹുസൈനാണ് തകർത്തത്.
70 പന്തിൽ 73 റൺസാണ് രാഹുൽ നേടിയത്. പിന്നീട് അധികം പോരാട്ടം കൂടാതെ ഇന്ത്യൻ ഇന്നിങ്‌സിന് അന്ത്യമായി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസൻ 36 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി. എബാഡോട്ട് ഹുസൈൻ നാല് വിക്കറ്റുകളും സ്വന്തമാക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ് അയക്കുകയായിരുന്നു. തുടർച്ചയായ പരമ്പര വിജയങ്ങൾക്ക് പിന്നാലെ ന്യൂസിലൻഡിലെ ഏകദിന സീരീസ് നഷ്ടത്തിന്റെ വിഷമം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും കാര്യങ്ങൾ പിഴയ്ക്കുകയായിരുന്നു.


