ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 404 റൺസിന് മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലാദശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്. 16 റൺസോടെ മെഹ്ദി ഹസനും 13 റൺസോടെ എബദോതത് ഹൊസൈനും ക്രീസിൽ. നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപും മൂന്നു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ തകർത്തത്.ഇന്ത്യയുടെ സ്‌കോർ മറികടക്കാൻ ആതിഥേയർക്ക് ഇനിയും 271 റൺസ് വേണം.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിലെ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ നജീമുൾ ഹൊസൈൻ ഷാൻരോ(0) പുറത്തായി. സ്‌കോർ രണ്ടക്കം കടക്കും മുമ്പെ യാസിർ അലിയെ(4)ഉമേഷും മടക്കി. സാക്കിർ ഹസനും(20), ലിറ്റൺ ദാസും(24) ചെറുത്തു നിൽപ്പിന് ശ്രമിച്ചെങ്കിലും ഇരുവരെയും മടക്കി സിറാജ് ബംഗ്ലാദേശിനെ 56-4ലേക്ക് തള്ളിയിട്ടു.

മുഷ്ഫീഖുർ റഹീം(28) പ്രതീക്ഷ നൽകിയെങ്കിലും കുൽദീപ് യാദവ് ബംഗ്ലാദേശിന്റെ നടുവൊടിച്ചു. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനെ(3) വീഴ്‌ത്തി വിക്കറ്റ് വേട്ട തുടങ്ങിയ കുൽദീപ് പിന്നാലെ മുഷ്ഫീഖുറിനെയും നൂറുൽ ഹസനെയും(16), തൈജുൾ ഇസ്ലാമിനെയും(0) വീഴ്‌ത്തി ബംഗ്ലാദേശിനെ 102-8ലേക്ക് തള്ളിയിട്ടു. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ 30 റൺസടിച്ച എബാദോത്ത്-മെഹ്ദി സഖ്യമാണ് ബംഗ്ലാദശിനെ കൂടുതൽ നഷ്ടങ്ങളില്ലാതെ 132ൽ എത്തിച്ചത്.

278 റൺസിന് ആറുവിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 404 റൺസിന് ഓൾ ഔട്ടായി. 90 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 86 റൺസെടുത്ത ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത രവിചന്ദ്ര അശ്വിനും കുൽദീപ് യാദവുമാണ് ഇന്ത്യൻ സ്‌കോർ 400 കടത്താൻ സഹായിച്ചത്. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും നേടി.

ബംഗ്ലാദേശിനായി മെഹ്ദി ഹസ്സനും തൈജുൽ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ഇബാദത് ഹൊസെയ്നും ഖാലിദ് അഹമ്മദും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.വലിയ സ്‌കോർ പിന്തുടർന്ന ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ പന്തിൽ തന്നെ ഓപ്പണർ നജ്മുൽ ഷാന്റോയെ മടക്കി മുഹമ്മദ് സിറാജ് കരുത്തുകാട്ടി. പിന്നാലെ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

28 റൺസെടുത്ത മുഷ്ഫിഖുർ റഹീമും 24 റൺസ് നേടിയ ലിട്ടൺ ദാസും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.സാക്കിർ ഹസ്സൻ (20), യാസിർ അലി (4), ഷാക്കിബ് അൽ ഹസ്സൻ (3), നൂറുൽ ഹസൻ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. 16 റൺസുമായി മെഹ്ദി ഹസ്സനും 13 റൺസ് നേടി ഇബാദത് ഹൊസെയ്നും പുറത്താവാതെ നിൽക്കുന്നു.

ഇന്ത്യയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത കുൽദീപ് യാദവിന് പുറമേ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും തിളങ്ങി. ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.