- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തെ കടത്തിവെട്ടി; അഞ്ച് വനിതാ ഫ്രാഞ്ചൈസികൾ വിറ്റുപോയത് 4669.99 കോടി രൂപയ്ക്ക്! മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ആർസിബിക്കും ഇനി വനിതാ ഐപിഎൽ ടീമും; സിഎസ്‌കെയുടെ പിന്മാറ്റം ഞെട്ടിച്ചു
മുംബൈ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തി പ്രഥമ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് ബിസിസിഐ. ആകെ 4669.99 കോടി രൂപയ്ക്കാണ് അഞ്ച് ടീമുകളുടെ ലേലം നടന്നത്. 2008ലെ ആദ്യ പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തേക്കാൾ ഉയർന്ന തുകയാണ് ബിസിസിഐ നേടിയത്.
അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡൽഹി, ലക്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്. വനിതാ പ്രീമിയർ ലീഗ് എന്നാകും ടൂർണമെന്റ് അറിയപ്പെടുക.
പുരുഷ ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും വനിതാ ഐപിഎൽ ടീമുകളെ സ്വന്തമാക്കിയപ്പോൾ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് മാറി നിന്നത് എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.
ട്വന്റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും പ്രസിദ്ധമായ ടീമുകളിലൊന്നാണ് സിഎസ്‌കെ. ലോകമെമ്പാടും ആരാധകരുള്ള ടീം. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ അടുത്തിടെ ജൊബർഗ് സൂപ്പർ കിങ്സിനെ സ്വന്തമാക്കിയ സിഎസ്‌കെ വനിതാ ഐപിഎല്ലിന്റെ ഭാഗമാകാത്തത് ആരാധകരെ ഞെട്ടിച്ചു.
വുമൺസ് പ്രീമിയർ ലീഗ് ടീമിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്സ് ആദ്യം താൽപര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ചില ബിസിനസ് കാരണങ്ങളെ തുടർന്നാണ് പിന്മാറ്റം എന്നാണ് ക്രിക്‌ബസിനോട് സിഎസ്‌കെ പ്രതിനിധി വ്യക്തമാക്കിയത്.
അഞ്ച് ഫ്രാഞ്ചൈസികൾ മതി ആദ്യ സീസണിൽ എന്നാണ് ബിസിസിഐയുടെ തീരുമാനം. ഭാവിയിൽ എട്ടോ പത്തോ ടീമുകളിലേക്ക് വുമൺസ് പ്രീമിയർ ലീഗ് വളർന്നാൽ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിൽ താരങ്ങളെ മൈതാനത്ത് കാണാനാകും.
ഇന്ന് മുംബൈയിൽ നടന്ന ഫ്രാഞ്ചൈസി ലേലത്തിൽ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്പോർട്സ്ലൈൻ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കുകയായിരുന്നു. 912.99 കോടിക്ക് മുംബൈ ടീമിനെ മുംബൈ ഇന്ത്യൻസിനായി ഇന്ത്യാവിൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് പിടിച്ചെടുത്തു. ബെംഗളൂരു ടീമിനെ റോയൽ ചലഞ്ചേഴ്സ് സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ഡൽഹി ടീമിനെ ജെഎസ്ഡബ്ലൂ ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്നൗ ടീമിനെ കാപ്രി ഗ്ലോബൽ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി.
വനിതാ പ്രീമിയർ ലീഗ് വലിയ വിപ്ലവമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു. വനിതാ ഐപിഎൽ സംപ്രേഷണ അവകാശം വലിയ തുകയ്ക്കാണ് വിറ്റുപോയത്. റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വർഷത്തേക്ക് 951 കോടി രൂപക്ക് വനിതാ ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കി. 2023-27 കാലയളവിൽ നടക്കുന്ന വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നൽകുക. ഡിസ്‌നി+ ഹോട്സ്റ്റാർ, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റർമാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്. ഇതുവരെ പുരുഷ ഐപിഎല്ലിന്റെ ഇടവേളകളിൽ നടത്തിയിരുന്ന വനിതാ ടി20 ചലഞ്ച് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.
ലേലത്തിനായി താരങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്ഡ്, അൺക്യാപ്ഡ് താരങ്ങൾക്ക് ലേലത്തിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ക്യാപ്ഡ് താരങ്ങളിൽ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അൺ ക്യാപ്ഡ് താരങ്ങൾക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക.