ബെംഗളൂരു: അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും ലക്‌നൗ സൂപ്പർ ജയന്റസും തമ്മിൽ നടന്നത്.ബാംഗ്ലൂർ ഉറപ്പിച്ച വിജയം നിക്കോളാസ് പൂരന്റെ അവിസ്മരണീയ ബാറ്റിങ്ങ് പ്രകടനത്തിലൂടെ ലക്‌നൗ തട്ടിയെടുക്കുകയായിരുന്നു.അവസാന പന്തിലായിരുന്നു ലക്‌നൗ വിജയം ഉറപ്പിച്ചത്.എന്നാൽ ഇപ്പോൾ മത്സരത്തിന് പിന്നാലെ ബിസിസിഐയുടെ വക പണി കിട്ടിയിരിക്കുകയാണ് ലക്‌നൗ താരം ആവേശ്ഖാനും ബാംഗ്ലൂർ ക്യാപ്റ്റൻ ഡ്യൂപ്ലസിക്കും.

അവസാന പന്തിൽ വിജയറൺ നേടിയതിന് പിന്നാലെ ആവേശം മൂത്ത് ഹെൽമറ്റ് വലിച്ചെറിഞ്ഞതാണ് ആവേശ്ഖാന് വിനയായത്.പിന്നാലെ താരത്തിനെതിരെ നടപടിയുമായി ബിസിസിഐ രംഗത്തെത്തി.ഐപിഎല്ലിൽ 'അച്ചടക്കം ലംഘിച്ചതായി' കണ്ടെത്തി താരത്തെ ബിസിസിഐ താക്കീത് ചെയ്തു.അവസാന പന്ത് അടിക്കാൻ ആവേശ് ഖാന് സാധിച്ചില്ലെങ്കിലും, ആർസിബി വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ പിഴവ് മുതലെടുത്ത് ഒരു റൺ ഓടിയെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആവേശ് ഖാന്റെ അതിരുവിട്ട ആവേശ പ്രകടനം.

എന്നാൽ കുറഞ്ഞ ഓവർ നിരക്കാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസിക്ക് തിരിച്ചടിയായത്.പിന്നാലെ താരത്തിന് ഐപിഎൽ ഗവേണിങ് കൗൺസിൽ പിഴ ചുമത്തി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഡ്യുപ്ലേസി പിഴയൊടുക്കേണ്ടത്.
ഓവറുകൾ കൃത്യസമയത്ത് തീർക്കാത്തതിനാണ് ഡ്യുപ്ലേസിക്കെതിരായ നടപടി.

അതേസമയം മത്സരഫലത്തിൽ ആനന്ദം കണ്ടെത്തിയത് ട്രോളന്മാരായിരുന്നു. ആരാധകർ കരയുന്ന ചിത്രങ്ങളെടുത്ത് ട്രോളുകളുണ്ടാക്കി. രസകരമായ അടിക്കുറിപ്പുകളിലൂടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്.

ലഖ്നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്.എം എസ് ധോണി പല സമയത്തും, പ്രത്യേകിച്ച് 2016 ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സമാനമായ സാഹചര്യത്തിൽ നടത്തിയ മിന്നുന്ന പ്രകടനം ഒന്ന് കണ്ട് നോക്കാനാണ് ആരാധകർ കാർത്തിക്കിനോട് പറയുന്നത്.

ഒരു പടി കൂടെ കടന്ന ദിനേശ് കാർത്തിക്കിന്റെ നിദാഹാസ് ട്രോഫിയിലെ ഫിനിഷിങ് ഭാഗ്യം കൊണ്ട് മാത്രമായിരുന്നുവെന്ന് വരെ ചില ആരാധകർ വിമർശിക്കുന്നുണ്ട്.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 212 റൺസ് പിന്തുടർന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഇന്നിങ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹർഷൽ പട്ടേലിന്റെ അവസാന ബോളിൽ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് ഉന്നം പിഴച്ചപ്പോൾ ബൈ റൺ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.

അതേ സമയം ആർസിബിക്കെതിരെ അവസാന ഓവർ ത്രില്ലറിൽ വിജയിച്ച് കയറിയിട്ടും ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനെ വിമർശനങ്ങൾ കൊണ്ട് മൂടി ആരാധകർ. താരത്തിന്റെ മെല്ലെപോക്കാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ 90 പ്രഹരശേഷിയിലാണോ ടീമിന്റെ നായകൻ കളിക്കേണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. 20 പന്തിൽ 18 റൺസ് മാത്രമാണ് ഇന്നലെ രാഹുലിന് നേടാൻ സാധിച്ചത്.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്നൗവിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ 12-ാം ഓവർ വരെ നായകൻ പിടിച്ചുനിന്നു. എന്നാൽ, തീരെ ഫോമിലല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിങ്. കെ എൽ രാഹുൽ കൂടുതൽ ഓവറുകളിൽ നിന്നിരുന്നെങ്കിൽ ടീം തോറ്റേനെയെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.