ബംഗളുരു: ഐപിഎല്ലിനെ വെല്ലാൻ ലക്ഷ്യമിട്ട് സൗദി അറേബ്യവിഭാവനം ചെയ്യുന്ന സമ്പന്നമായ ടി20 ലീഗിന് തുടക്കത്തിൽ തന്നെ ചെക്ക് വച്ച് ബിസിസിഐ.ഇന്ത്യൻ താരങ്ങളെ ലീഗിലേക്ക് അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്ത്.ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിൽ ബിസിസിഐ വിലക്കുണ്ട്.സൗദിയുടെ നിർദ്ദേശത്തിന് മുന്നിൽ വിലക്കിൽ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.എന്നാൽ വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറല്ലെന്നാണ് നിലവിലെ നിലപാട് സൂചിപ്പിക്കുന്നത്.

സമ്പന്നമായ ടി20 ലീഗ് ആരംഭിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികളെ സൗദി അറേബ്യ ക്ഷണിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ബിസിസിഐയുടെ വിശദീകരണം. ''നിലവിലെ ഇന്ത്യൻ കളിക്കാരൊന്നും ഒരു ലീഗിലും പങ്കെടുക്കില്ല. പക്ഷേ ഫ്രാഞ്ചൈസി പങ്കാളിത്തത്തെ ഞങ്ങൾക്ക് തടയാൻ കഴിയില്ല. അത് അവരുടെ വ്യക്തിഗത തീരുമാനമാണ്. ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയിലും ദുബായിലും പോയിട്ടുണ്ട്, ഇല്ലെന്ന് പറയാൻ കഴിയില്ല. ലോകമെമ്പാടുമുള്ള ഏത് ലീഗിലും അവരുടെ ടീം ഉണ്ടായിരിക്കുന്നത് അവരുടെ തിരഞ്ഞെടുപ്പാണ്.'' ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഐ.പി.എൽ മാതൃകയിൽ വമ്പൻ ടി20 ക്രിക്കറ്റ് ലീഗ് നടത്താൻ പദ്ധതിയുമായി സൗദി അറേബ്യ. ഇതുവരെയുള്ള ക്രിക്കറ്റ് ലീഗുകളെ അപേക്ഷിച്ച് ഏറ്റവുമധികം പണം ഇറക്കുന്ന ക്രിക്കറ്റ് ലീഗാണ് സൗദി ലക്ഷ്യമിടുന്നത്. സമ്മാനത്തുകയിലും താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിലുമെല്ലാം ഐ.പി.എല്ലിനെപ്പോലും കടത്തിവെട്ടുന്ന ലീഗാകും സൗദി അറേബ്യ ഒരുക്കുന്നത്.

ലോകത്തെത്തന്നെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് ആകും സൗദി അറേബ്യയിൽ വെച്ച് നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം നടത്തിപ്പുകാർ ഐ.പി.എൽ സംഘാടകരുമായും ടീം ഉടമകളുമായി പുതിയ ലീഗിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.ഐ.പി.എല്ലിൽ കളിക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസികൾ തന്നെ സൗദി ലീഗിലും ടീമുകൾ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഫുട്‌ബോൾ, ഫോർമുല 1 തുടങ്ങിയ കായിക ഇനങ്ങളിൽ വൻ നിക്ഷേപം നടത്തിയ സൗദി അറേബ്യ, ക്രിക്കറ്റിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടി20 ലീഗ് ആരംഭിക്കുന്നതെന്നായിരുന്നു വാർത്തകൾ. ഇതു സംബന്ധിച്ച ചർച്ചകൾക്ക് ഐപിഎൽ ഉടമകളെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ഒരു വർഷത്തോളമായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് ഇപ്പോൾ തടസ്സമായി നിൽക്കുന്നത്.

സൗദി സർക്കാരിന്റെയും വിവിധ വ്യവസായികളുടെയും പ്രതിനിധികൾ ഇന്ത്യയിലെ ക്രിക്കറ്റ് മേഖലയുമായി അടുപ്പമുള്ളവരെ സന്ദർശിക്കുന്നുണ്ട്. ഐപിഎൽ ഉടമകളെയും ബിസിസിഐയെയും അവരുടെ ട്വന്റി20 ലീഗിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏഷ്യാ കപ്പ്, ഉദ്ഘാടന മത്സരം അല്ലെങ്കിൽ ഐപിഎല്ലിന്റെ ഒരു റൗണ്ട് എന്നിവ സൗദി അറേബ്യയിൽ നടത്താനുള്ള സാധ്യതകളും പദ്ധതിയിലുണ്ടെന്നാണ് റിപ്പോർട്ട്.