- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവിനെ തഴയുമ്പോഴും കാര്യവട്ടത്തെ ചേർത്തുപിടിച്ച ബിസിസിഐ ; ടി20 ക്ക് പിന്നാലെ ഏകദിനത്തിനും വേദിയാകാനൊരുങ്ങി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ; ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ അവസാന ഏകദിനം തിരുവനന്തപുരത്ത് ; ഇത്തവണയെങ്കിലും ജന്മനാട്ടിൽ സഞ്ജു ഇറങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകരും

മുംബൈ: ജനുവരിയിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു.ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവും.ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.
ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂണെയിൽ രണ്ടാം ടി20യും ഏഴിന് രാജ്കോട്ടിൽ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗോഹട്ടിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊൽക്കത്തയിൽ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും.
ടി20 ക്ക് പിന്നാലെ ഏകദിനത്തിനും കാര്യവട്ടത്തെ തെരഞ്ഞെടുക്കുമ്പോൾ കാണികളുടെ മത്സരത്തോടുള്ള മനോഭാവവും പിന്തുണയും മികച്ച സംഘാടനവും തന്നെയാണ് കൈയടി നേടുന്നത്.ഇതിനുമുൻപ് വെസ്റ്റ്ഇൻഡീസിനെതിരായ ഒരു ഏകദിനമത്സരം മാത്രമാണ് ഇവിടെ അരങ്ങേറിയത്.മറ്റ് രണ്ട് മത്സരങ്ങളും ടി 20 ആയിരുന്നു.കഴിഞ്ഞ മത്സരത്തിലെ പിച്ച് ടി 20 ക്ക് ചേർന്നതല്ലെന്ന തരത്തിൽ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.ബാറ്റ്‌സ്മാന്മാർക്ക് നന്നായി കളിക്കാൻ പറ്റാതിരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
എന്നാൽ കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും പിച്ചിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.ബാറ്റ്‌സ്മാന്മാരെ പരീക്ഷിക്കുന്ന ഇത്തരത്തിലു്ള്ള പിച്ചുകൾ എപ്പോഴും നല്ലതാണെന്നും അതാണ് വേണ്ടതെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക്‌ശേഷമാണ് ശ്രീലങ്കക്കെതിരായ പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഫീൽഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
അതേസമയം മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരയിൽ ടീമിലിടം കിട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.എല്ലാം ഒത്തുവന്നാൽ ഇത്തവണ സ്വന്തം നാട്ടിൽ പാഡണിയാൻ സഞ്ജുവിന് അവസം ലഭിക്കും.ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന് പരിക്കേറ്റതിനാൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കെ എൽ രാഹുലാണ് ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പറുടെ റോളിൽ കളിക്കുന്നത് .
ശ്രീലങ്കക്ക് പുറമെ ന്യൂസിലൻഡിനും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകളുടെ മത്സരക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം ജനുവരി 18 മുതൽ ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ കളിക്കും. ഫെബ്രുവരി ഒമ്പത് മുതൽ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാഗ്പൂർ, ഡൽഹി, ധർമശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദിയാവുക.


