ദുബായ്: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ നായക സ്ഥാനം ഒഴിഞ്ഞപ്പോൾ ഒപ്പം കളിച്ചവരിൽ മഹേന്ദ്ര സിങ് ധോണി മാത്രമാണ് തനിക്ക് സന്ദേശം അയച്ചതെന്ന വിരാട് കോലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിമർശനം ഉയർത്തി ബിസിസിഐ പ്രതിനിധി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. വിരാട് കോലിക്ക് ടീം അംഗങ്ങളുടയും ബിസിസിഐയുടേതും അടക്കം എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും പിന്തുണ ലഭിച്ചില്ലെന്ന കോലിയുടെ പ്രസ്താവന ശരിയല്ലെന്നും ബിസിസിഐ പ്രതിനിധി ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

'ഞാൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം വിട്ടപ്പോൾ ഒരു വ്യക്തി മാത്രമാണ് സന്ദേശം അയച്ചത്. ഞങ്ങൾ നിരവധി മത്സരങ്ങൾ ഒപ്പം കളിച്ചിട്ടുണ്ട്. ആ വ്യക്തി മഹേന്ദ്രസിങ് ധോണിയാണ്, വേറാരും എനിക്ക് ഒരു സന്ദേശവും അയച്ചിട്ടില്ല. നിരവധി പേരുടെ കയ്യിൽ എന്റെ നമ്പറുണ്ട്, നിരവധി പേർ എനിക്ക് ടിവിയിലൂടെ നിർദേശങ്ങൾ നൽകാറുമുണ്ട്. എന്നാൽ ധോണി മാത്രമാണ് എനിക്ക് സന്ദേശമയച്ചത്. നിങ്ങളോട് ആർക്കെങ്കിലും ആത്മാർഥമായ ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് കൃത്യമായി അറിയാൻ സാധിക്കും. കാരണം ഇരുവശത്തുനിന്നും ഒരു സുരക്ഷിതത്വം നിങ്ങൾക്ക് അനുഭവപ്പെടും.

എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽനിന്നും ഒന്നും ആവശ്യമില്ല, അദ്ദേഹത്തിന് എന്നിൽനിന്നും. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഒരു അരക്ഷിതാവസ്ഥ എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനും തിരിച്ചും അങ്ങനെയാണ്. എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഞാൻ അവരോടു തന്നെ നേരിട്ടു പറയും. അതാണ് മറ്റുള്ളവരിൽനിന്നും പ്രതീക്ഷിക്കുന്നത്. ടെലിവിഷനു മുന്നിൽനിന്ന് എനിക്ക് ഒരു നിർദ്ദേശം നൽകാനാണ് നിങ്ങൾ താൽപര്യപ്പെടുന്നതെങ്കിൽ ഞാൻ അതിന് യാതൊരു വിലയും നൽകുന്നില്ല. നിങ്ങൾക്ക് എന്നോട് നേരിട്ട് സംസാരിക്കാം, ഞാൻ കാര്യങ്ങളെ അത്രയേറെ സത്യസന്ധതയോടെയാണ് കാണുന്നത്. ഞാൻ ഒന്നും കാര്യമാക്കുന്നില്ല എന്നല്ല, കാര്യങ്ങളെ അതിന്റേതായ രീതിയിൽ കാണാൻ നിങ്ങൾ ശ്രമിക്കണം.' ഇതായിരുന്നു വിരാട് കോലി വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞത്.

ഈ പരാമർശങ്ങൾക്ക് എതിരെയാണ് ബിസിസിഐ പ്രതിനിധി രംഗത്ത് വന്നത്. ബിസിസിഐയിലെ ആർക്കും കോലിയോട് വിദ്വേഷമില്ലെന്നും മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ പ്രധാന കളിക്കാരനാണ് കോലിയെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ശരിയായ സമയത്താണ് കോലി ഫോമിലേക്ക് മടങ്ങിയെത്തയതെന്നും മികച്ച പ്രകടനം തുടരാൻ കോലിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കോലിയുടെ ഫോം ടി20 ലോകകപ്പിൽ പ്രധാനമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

കോലിക്ക് പഴയ ഊർജ്ജത്തോടെ തിരിച്ചെത്താൻ ഇടക്കിടെ ആവശ്യമായ വിശ്രമം നൽകിയിരുന്നു. ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ബിസിസിഐ ഉൾപ്പെടെ എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം എന്താണ് പറയുന്നതെന്ന് തനിക്കറിയില്ലെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഇതാദ്യമായല്ല, കോലി ബിസിസിഐക്കെതിരെ തുറന്നടിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കാൻ തീരുമാനിച്ച കാര്യം തീരുമാനമെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് തന്നെ സെലക്ടർമാർ അറിയിച്ചതെന്ന് കോലി പറഞ്ഞിരുന്നു. എന്നാൽ കോലിയോട് ആരും നായകസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ടി20 നായകസ്ഥാനം ഒഴിയരുതെന്ന് താൻ കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ഇത് നിഷേധിച്ചായിരുന്നു കോലിയുടെ പ്രസ്താവന.

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയ വിരാട് കോലി ഏഷ്യാ കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി 154 റൺസാണ് കോലി അടിച്ചെടുത്തത്. അതിൽ പാക്കിസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 44 പന്തിൽ നേടിയ 60 റൺസ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞപ്പോൾ പാക്കിസ്ഥാനു മുന്നിൽ വെല്ലുവിളിയുയർത്താൻ കോലിയുടെ ഒറ്റയാൻ പോരാട്ടത്തിനായി.