ന്യൂഡൽഹി: പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക്. 2023 ഏഷ്യകപ്പിൽ പാക്കിസ്ഥാനിൽ പോയി കളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ബി.സി.സിഐ. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ടീമിനെ അയക്കുമെന്നാണ് ബി.സി.സിഐ വ്യക്തമാക്കുന്നത്. ഒക്ടോബർ 18ന് നടക്കുന്ന ജനറൽ മീറ്റിങ്ങിന് മുമ്പായി സംസ്ഥാന അസോസിയേഷനുകൾക്ക് നൽകിയ കുറിപ്പിലാണ് ബി.സി.സിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.

2023ൽ ഐ.സി.സി വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്ക, ഐ.സി.സി അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്ക, ഏഷ്യ കപ്പ് പാക്കിസ്ഥാൻ, ഐ.സി.സി ലോകകപ്പ് ഇന്ത്യ എന്നിവയിൽ പങ്കെടുക്കുമെന്നാണ് ബി.സി.സിഐ അറിയിച്ചിരിക്കുന്നത്.

2023ന്റെ രണ്ടാംപാദത്തിലാണ് ലോകകപ്പ് നടക്കുക. ദീർഘകാലമായി ഇന്ത്യ പാക്കിസ്ഥാനിൽ മത്സരം കളിച്ചിട്ടില്ല. ബി.സി.സിഐ ജനറൽ സെക്രട്ടറി ജയ് ഷാ ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യപ്രതികരിച്ചിട്ടില്ല. അതേസമയം, കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ ഇന്ത്യക്ക് പാക്കിസ്ഥാനിൽ കളിക്കാനാവില്ല.

ഇരു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളാൽ ദീർഘ കാലമായി ഇന്ത്യ, പാക്കിസ്ഥാനിൽ മത്സരങ്ങൾ കളിച്ചിരുന്നില്ല. സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ബിസിസിഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക.

2008ലാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാൻ സന്ദർശിച്ചത്. ഏഷ്യാ കപ്പ് ടൂർണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്. അതേ സമയം 2012-13 സീസണിലാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി20 മത്സരങ്ങളും പാക്കിസ്ഥാൻ കളിച്ചിരുന്നു.

ഒക്ടോബർ 18ന് വാർഷിക ബോർഡ് മീറ്റിങ്ങ് നടക്കാനിരിക്കെ വിവിധ ഈവന്റുകളിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനങ്ങളെ കുറിച്ചുള്ള കുറിപ്പ് ബിസിസിഐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കൈമാറിയതായി ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു.

2023 പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പ് 50 ഓവർ ഫോർമാറ്റിലാണ് സംഘടിപ്പിക്കുക. ശേഷം ഐസിസി പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ബിസിസിഐ തയ്യാറാണ്.

നിലവിൽ ഐസിസിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കളിക്കുന്നത്. 2022 ഏഷ്യാ കപ്പിൽ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ മത്സരം വീതം ഇരുവരും വിജയിച്ചു. ഒക്ടോബർ 23ന് നടക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.