അഹമ്മദാബാദ്: ഐപിഎല്ലിലെ ഗുജറാത്ത്-ചെന്നൈ കലാശപ്പോരാട്ടത്തിന്റെ അവസാന ഓവറുകൾ നെഞ്ചിടിപ്പോടെയാണ് ആരാധകർ ഉറ്റുനോക്കിയത്. ഒരു ഘട്ടത്തിൽ ചെന്നൈ അനായാസം വിജയത്തിലെത്തുമെന്ന് കരുതിയെങ്കിലും അമ്പാട്ടി റായിഡുവും എം എസ് ധോണിയും അടുത്തടുത്ത പന്തുകളിൽ മടങ്ങിയതോടെ ചെന്നൈ ആരാധകർ ആശങ്കയുടെ മുൾമുനയിൽ. പ്രതീക്ഷ കൈവിട്ട ഗുജറാത്ത് ആരാധകരും ആവേശത്തിലായി.

പോരാട്ടം അവാസന ഓവറിലേക്ക് ചുരുങ്ങുമ്പോൾ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. ക്രീസിലുണ്ടായിരുന്നത് ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ അടിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും. എന്നാൽ മോഹിത് ശർമ തുടർച്ചയായി യോർക്കറുകൾ എറിഞ്ഞതോടെ ചെന്നൈക്ക് ആദ്യ നാലു പന്തിൽ നേടാനായത് മൂന്ന് റൺസ് മാത്രം. ഇതോടെ അവസാന രണ്ട് പന്തിൽ വിജയലക്ഷ്യം പത്ത് റൺസായി. അതുവരെ മനോഹരമായി പന്തെറിഞ്ഞ മോഹിത് ശർമ ഗുജറാത്തിന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ച നിമിഷം.

ഫൈനൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽനിന്നു ക്യാമറയിൽ പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ദൃശ്യങ്ങളിലുള്ളത് മറ്റാരുമല്ല, ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്. ആദ്യ രണ്ട് പന്തുകളിൽ രണ്ട് റൺ്‌സ മാത്രം വിട്ടുകൊടുത്ത മോഹിത് ശർമ്മയുടെ പോരാട്ടവീര്യം കണ്ടതോടെ വിഐപി ഗ്യാലറിയിലിരുന്ന ബിസിസഐ സെക്രട്ടറി ജയ് ഷാ സമീപത്തുള്ള ആരെയോ നോക്കി ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയിൽ മുഷ്ടി ചുരുട്ടി വിജയച്ചിരി ചിരിച്ച് ആംഗ്യം കാട്ടി.

അവസാന രണ്ട് പന്തിൽ തന്ത്രം മാറ്റാനായി ആശിഷ് നെഹ്‌റ ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യക്ക് അരികിലേക്ക് വെള്ളക്കുപ്പിയുമായി പന്ത്രണ്ടാമനെ പറഞ്ഞയച്ചു. പിന്നീട് ഹാർദ്ദിക്കും മോഹിത് ശർമയും ചേർന്ന് ചെറിയൊരു കൂടിയാലോചന. നല്ല താളത്തിൽ പന്തെറിഞ്ഞിരുന്ന മോഹിത്തിന്റെ താളം തെറ്റിക്കുമോ ഈ കൂടിയാലോചനയും വൈകിപ്പിക്കലുമെന്ന് കമന്റേറ്റർമാർ പരസ്പരം പറഞ്ഞു.

ഒടുവിൽ മോഹിത് നിർണായക അഞ്ചാം പന്ത് എറിഞ്ഞു. അതുവരെ യോർക്കറുകൾക്കൊണ്ട് ശ്വാസം മുട്ടിച്ച മോഹിത്തിനെ ഒന്ന് പിന്നോട്ടാഞ്ഞ് ജഡേജ ലോംഗ് ഓണിലേക്ക് പറത്തി. അത് സിക്‌സാണെന്ന് തിരിച്ചറിയാൻ കമന്റേറ്റർമാർ പോലും കുറച്ചു സമയമെടുത്തു. ഇതോടെ മോഹിത്തിന് അടുത്തെത്തി ഹാർദ്ദിക് വീണ്ടും ചർച്ച തുടങ്ങി.

ജഡേജയുടെ ലെഗ് സ്റ്റംപിൽ എറിയാൻ ഹാർദ്ദിക്കിന്റെ നിർദ്ദേശം. ഫൈൻ ലെഗ് ഫീൽഡറെ ഇറക്കി നിർത്തിയിരുന്നതിനാൽ ആത്മഹത്യാപരമായ തീരുമാനമായിരുന്നു അത്. ലെഗ് സ്റ്റംപിൽ മോഹിത് എറിഞ്ഞ ഫുൾട്ടോസ് ബൗളിനെ ബാറ്റുകൊണ്ട് തഴുകി ഗുജറാത്തുകാരനായ രവീന്ദ്ര ജഡേജ ഫൈൻ ലെഗ്ഗ് ബൗണ്ടറി കടത്തുമ്പോൾ ജയ് ഷായുടെ മുഖത്തേക്ക് മാത്രം ക്യാമറകൾ സൂം ചെയ്തില്ല. രവീന്ദ്ര ജഡേജ മാസ്മരികമായ ഫിനിഷിംഗിലൂടെ ചെന്നൈയെ ജയത്തിലെത്തിച്ചതോടെ മൈതാനത്തെ ആഘോഷ കാഴ്ചയ്ക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്.

ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബിസിസിഐ സെക്രട്ടറിയുടെ വിവർണമായ മുഖം കാണേണ്ടിവന്നേനെയെന്നാണ് ആരാധകർ പറയുന്നത്. ബിസിസിഐ സെക്രട്ടറി തന്നെ ഗുജറാത്തിന്റെ ജയം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണിതെന്ന് ഒരു വിഭാഗം ആരാധകർ പറയുമ്പോൾ ഒന്നും പേടിക്കണ്ട ഇപ്പോ അടിക്കും എന്നാണ് ജയ് ഷാ പറയുന്നതെന്ന് മറുവിഭാഗവും പറയുന്നു. എല്ലാം നേരത്തെ തയാറാക്കിയ തിരക്കഥയാണെന്നും തിരക്കഥ മറന്ന് പ്രതികരിച്ചതാണ് ജയ് ഷാക്ക് പണിയായതെന്നും ചിലർ ആരോപിക്കുന്നുണ്ട്.