മൗണ്ട് മൗംഗനുയി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന അപൂർവ നേട്ടം പേരിൽ കുറിച്ച് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സ്. ഇംഗ്ലണ്ട് ടീം മുഖ്യ പരിശീലകനും മുൻ ന്യൂസീലൻഡ് താരവുമായ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോഡാണ് സ്റ്റോക്ക്‌സ് സ്വന്തം പേരിലാക്കിയത്.

നിലവിലെ ഇംഗ്ലീഷ് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ 107 സിക്സുകളുടെ റെക്കോർഡാണ് സ്റ്റോക്സ് തിരുത്തിയത്. ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് സ്റ്റോക്സ് ടെസ്റ്റ് സിക്സർ വേട്ടയിൽ രാജാവായത്. സ്റ്റോക്സ് റെക്കോർഡ് മറികടക്കുമ്പോൾ ഡ്രസിങ് റൂമിലിരുന്ന് മക്കല്ലം അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്റ്റോക്ക്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് സിക്‌സറുകൾ നേടിയ താരം 33 പന്തിൽ നിന്ന് 31 റൺസെടുത്ത് പുറത്തായി. 90 ടെസ്റ്റുകൾ കളിച്ച സ്റ്റോക്ക്‌സിന് നിലവിൽ 109 സിക്‌സറുകളായി. 101 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 107 സിക്‌സറുകളായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം.

107 ടെസ്റ്റുകളിലെ 176 ഇന്നിങ്സുകളിലാണ് മക്കലം 107 സിക്സറുകൾ പറത്തിയത് എങ്കിൽ 90 ടെസ്റ്റുകളിലെ 164 ഇന്നിങ്സിൽ സ്റ്റോക്സ് അത് മറികടന്നു. ക്രിസ് ഗെയ്ൽ(100), ആദം ഗിൽക്രിസ്റ്റ്(98), ജാക്ക് കാലിസ്(97) എന്നിവരാണ് ടെസ്റ്റ് സിക്സറുകളിൽ തൊട്ടുപിന്നിൽ. കിവികൾക്കെതിരായ ഇന്നിങ്സോടെ സ്റ്റോക്സിന്റെ സിക്സുകൾ 109ലെത്തിയിട്ടുണ്ട്.

ബേ ഓവലിലെ ആദ്യ ടെസ്റ്റിൽ ബാസ്ബോൾ ശൈലിയിൽ ഇരു ഇന്നിങ്സിലും ബാറ്റേന്തിയ ഇംഗ്ലണ്ട് വമ്പൻ വിജയപ്രതീക്ഷയിലാണ്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 394 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോൾ കിവികൾ 23 ഓവറിൽ അഞ്ച് വിക്കറ്റിന് 63 റൺസെന്ന നിലയിൽ തകർച്ച നേരിടുകയാണ്. ടോം ലാഥം(15), ദേവോൺ കോൺവേ(2), കെയ്ൻ വില്യംസൺ(0), ഹെന്റി നിക്കോൾസ്(7), ടോം ബ്ലെൻഡൽ(1) എന്നിവരാണ് പുറത്തായത്. 13 റൺസുമായി ഡാരിൽ മിച്ചലും 25 റൺസുമായി മൈക്കൽ ബ്രേസ്വെല്ലുമാണ് ക്രീസിൽ. സ്റ്റുവർട്ട് ബ്രോഡിന്റെ നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് കരുത്തായത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 73.5 ഓവറിൽ 374 റൺസെടുത്തിരുന്നു. ജോ റൂട്ട്(57), ഹാരി ബ്രൂക്ക്(54), ബെൻ ഫോക്സ്(51) എന്നിവർ അർധ സെഞ്ചുറി നേടിയപ്പോൾ ഓലി പോപ് 49 റണ്ണിൽ പുറത്തായി. ഓലി റോബിൻസൺ 39 ഉം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 31 ഉം റണ്ണെടുത്തു.

ടെസ്റ്റിൽ 100 സിക്‌സും 100ലേറെ വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്ററെന്ന നേട്ടം ഇംഗ്ലീഷ് ഓൾ റൗണ്ടർ സ്വന്തമാക്കിയിരുന്നു. ലീഡ്‌സിൽ ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് സ്റ്റോക്‌സിലായിരുന്നു ഈ നേട്ടം പേരിലാക്കിയത്.