സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കം തന്നെ തകർന്ന് ഇന്ത്യ. 24 രൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് പേരെ നഷ്ടമായി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലാാണ് ഇന്ത്യ. വിരാട് കോഹ്ലി (19), ശ്രേയസ് അയ്യർ (15) എന്നിവരാണ് ക്രീസിൽ.

സ്‌കോർ 13ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം മടങ്ങിയത്. താരം അഞ്ച് റൺസ് മാത്രമാണ് എടുത്തത്. പിന്നാലെ യശസ്വി ജയ്ശ്വാളും പുറത്തായി. താരം 17 റൺസ് കണ്ടെത്തി. ഒരു റൺ കൂടി ചേർക്കവേ രണ്ട് റൺസുമായി ശുഭ്മാൻ ഗില്ലും പുറത്ത്. അരങ്ങേറ്റക്കാരൻ നാന്ദ്ര ബർഗർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. റബാഡ ഒരു വിക്കറ്റെടുത്തു.

മഴ മൂലം മത്സരം വൈകിയാണ് തുടങ്ങിയത്. ഏകദിന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് വിശ്രമത്തിന് ശേഷം രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾ കളിക്കുന്ന ആദ്യം മത്സരമാണിത്. ഇന്ത്യക്ക് വേണ്ടി പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ അരങ്ങേറ്റം കുറിച്ചു.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയിലെത്തി ട്വന്റി പരമ്പര സമനിലയിൽ പിടിക്കുകയും ഏകദിനത്തിൽ 2-1 ജയം നേടുകയും ചെയ്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. കാഗിസോ റബാഡ, ലുൻഗി എൻഗിഡി, മാർകോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി എന്നിവരുടെ പേസിന് മുമ്പിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായാൽ മത്സരം അനുകൂലമാക്കാം. കേശവ് മഹാരാജാണ് ഇവരുടെ സ്പിന്നിലെ തുറുപ്പ് ചീട്ട്. ടെംബ ബാവുമ, എയ്ഡൻ മാർക്രം, ഡീൻ എൽഗാർ, ഏകദിന പരമ്പരയിൽ തിളങ്ങിയ ടോണി ഡി സോർസി തുടങ്ങിയവർ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും കരുത്തുപകരാനുണ്ട്.