ഗയാന: രണ്ടു വർഷം ടി 20 ലോകകപ്പിൽ അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് വീട്ടിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. കരീബിയൻ മണ്ണിൽ പരാജയങ്ങൾ അറിയാതെയാണ് ഇന്ത്യയുടെ തേരോട്ടം. ഒരു വശത്ത് സൂപ്പർ ബാറ്റർ വിരാട് കോലി ഫോം കണ്ടെത്താൻ കഴിയാതെ ഉഴറുമ്പോഴും മറുവശത്ത് ക്യാപ്ടൻ രോഹിത് ശർമ്മയുടെ തന്ത്രങ്ങളിലൂടെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ കളിയിലെ താരം അക്ഷർ പട്ടേൽ ആണെങ്കിൽ കൂർമ്മ ബുദ്ധിയുമായി മുന്നിൽ നിന്നും കളി നയിച്ചത് ക്യാപട്ൻ രോഹിത് ശർമ്മ തന്നെയായിരുന്നു.

ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ജയം. 39 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ ആയത്. തുടക്കത്തിൽ തന്നെ കോലിയെ നഷ്ടമായെങ്കിലും പിച്ചിന്റെ സ്വഭാവം മനസിലാക്കി കരുതലോടെ കളിച്ചത് ക്യാപ്ടൻ രോഹിത് ശർമ്മ ആയിരുന്നു. രോഹിത്ത് ക്രീസിൽ നങ്കൂരമിട്ടതോടെ ഇന്ത്യൻ സ്‌കോർ വേഗത്തിൽ ചലിച്ചു. ഒരു വശത്ത് കൂറ്റനടികളുമായി സ്‌കോർബോർഡ് ചലിപ്പിച്ച ക്യാപ്ടൻ സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പുകളുമായി കളി മുന്നോട്ടു നയിച്ചു.

സൂര്യ കുമാർ യാദവുമായി ഹിറ്റ്മാൻ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്ടനെന്ന നിലയിലും രോഹിത്തിന്റെ തന്ത്രങ്ങൾ പൂർണമായും വിജയമായിരുന്നു. ബൗളർമാരെ സമർത്ഥമായി ഉപയോഗിക്കാൻ ക്യാപ്ടന് സാധിച്ചു. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ താളം കണ്ടെത്തി തുടങ്ങിയതോടെ ഉടൻ തന്നെ ബൗളിങ് ചേഞ്ച് കൊണ്ടുവന്നു. അക്ഷർ പട്ടേലിനെ പന്തേൽപ്പിച്ച ക്യാപ്ടന്റെ തന്ത്രം ശരിക്കു വിജയിച്ചു. ഇതടക്കം കൃത്യസമയത്തെ ബൗളിങ് ചേഞ്ചുകൾ ടീമിനെ വിജയത്തിൽ നിർണായമമായി.

കഴിഞ്ഞ തവണ സെമിയിൽ ജോസ് ബട്ട്ലർ - അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടിനു മുന്നിൽ തലതാഴ്‌ത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻ സംഘം ഇത്തവണത്തെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഇനി ഒരു വിജയം കൂടി മാത്രമാണ് ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാൻ വേണ്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഫൈനലിൽ പ്രവേശിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

ഫൈനലിലെത്താൻ 172 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 15 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 23 റൺസോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാൽ നാലാം ഓവറിൽ അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ നീക്കം ഫലപ്രദമായി. ഇവിടെയാണ് ക്യാപ്ടൻ രോഹിത് വ്യത്യസ്തനായത്. അക്ഷറിന്റെ ആദ്യ പന്തിൽ തന്നെ ബട്ട്ലർ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫിൽ സാൾട്ട് (5), ജോണി ബെയർസ്റ്റോ (0), മോയിൻ അലി (8), സാം കറൻ (2) എന്നിവർ സ്‌കോർബോർഡിൽ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി.

പിടിച്ചുനിൽക്കാൻ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുൽദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തിൽ 25 റൺസെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുൽദീപ് പങ്കാളിയായി. ജോഫ്ര ആർച്ചർ 21 റൺസെടുത്ത് പുറത്തായി. ക്രിസ് ജോർദൻ (1), ആദിൽ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ തുണച്ചത്. മഴയും പിച്ചിലെ ഈർപ്പവുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാൻ സ്പിന്നർമാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ തന്ത്രവും ഫലം കണ്ടു.

39 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 36 പന്തുകൾ നേരിട്ട സൂര്യകുമാർ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 73 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 14-ാം ഓവറിൽ രോഹിത്തിനു പിന്നാലെ 16-ാം ഓവറിൽ സൂര്യയും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നാലെ 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ 10 റൺസെടുത്തു.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ വിരാട് കോലിയെ (9) റീസ് ടോപ്ലി ബൗൾഡാക്കി. പിന്നാലെ ഋഷഭ് പന്തിനെ (4) സാം കറനും പുറത്താക്കിയതോടെ ഇന്ത്യ 5.2 ഓവറിൽ രണ്ടിന് 40 റൺസെന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു ഇന്ത്യയെ കരകയറ്റിയ രോഹിത് - സൂര്യകുമാർ കൂട്ടുകെട്ട്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകുകയായിരുന്നു. പിന്നാലെ ഇന്ത്യ എട്ട് ഓവറിൽ ഇന്ത്യ രണ്ടിന് 65 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.