- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിലെ മൂന്നാം സെഞ്ചുറിയുമായി രചിൻ രവീന്ദ്ര; പാക്കിസ്ഥാനെതിരേ കിവീസിന് കൂറ്റൻ സ്‌കോർ; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യം
ബെംഗളൂരു: സെമി ഫൈനൽ സാധ്യതകൾ നിലനിർത്താനുള്ള പാക്-കീവീസ് പോരാട്ടത്തിൽ കീവീസിന് കൂറ്റൻ സ്‌കോർ. യുവതാരം രചിൻ രവീന്ദ്ര ലോകകപ്പിലെ മൂന്നാം സെഞ്ചുറി കുറിച്ച മത്സരത്തിൽ പാക്കിസ്ഥാന് മുന്നിൽ റൺമല തന്നെയാണ് ഉണ്ടായിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുക്കുകയായിരുന്നു.
രചിൻ രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അർധ സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഇന്നിങ്സുമാണ് കിവീസിന്റെ വമ്പൻ സ്‌കോറിലേക്ക് നയിച്ചത്. രചിന്റെ സെഞ്ചുറി തന്നെയായിരുന്നു കിവീസ് ഇന്നിങ്സിലെ പ്രത്യേകത. 94 പന്തുകൾ നേരിട്ട താരം ഒരു സിക്സും 15 ഫോറുമടക്കം 108 റൺസെടുത്തു. ലോകകപ്പിലെയും ഏകദിന കരിയറിലെയും മൂന്നാം സെഞ്ചുറി കുറിച്ച താരം 523 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ പുറത്തായി (39 പന്തിൽ 35 റൺസ്). പിന്നീട് ഒത്തുചേർന്ന വില്യംസൺ - രചിൻ സഖ്യം 180 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസൺ പക്ഷേ അഞ്ച് റൺസകലെ വീണു. 79 പന്തുകൾ നേരിട്ട് 10 ഫോറും രണ്ട് സിക്സുമടക്കം 95 റൺസെടുത്താണ് കിവീസ് ക്യാപ്റ്റൻ മടങ്ങിയത്. തൊട്ടുപിന്നാലെ മുഹമ്മദ് വസീമിന്റെ പന്തിൽ രചിനും പുറത്തായി.
തുടർന്ന് ഡാരിൽ മിച്ചൽ (18 പന്തിൽ 29), മാർക്ക് ചാപ്മാൻ (27 പന്തിൽ 39), ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 41), മിച്ചൽ സാന്റ്നർ (17 പന്തിൽ 26) എന്നിവരുടെ സംഭാവനകളാണ് സ്‌കോർ 400 കടത്തിയത്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്