മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ അറിയിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ വേദികള്‍ ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതാണിപ്പോള്‍ ബിസിസിഐ തള്ളിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാവുന്നത്.

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയിരുന്നു. പാക് ബോര്‍ഡ് നല്‍കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്.

എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നീവേദികളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പാക് ബോര്‍ഡ് തുടങ്ങിയിരുന്നു.

ഐസിസി റാങ്കിങ്ങില്‍ മുന്നിലുള്ള എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാക്കിസ്ഥാനില്‍ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. മത്സരക്രമത്തിന്റെ പ്രാഥമിക വിവരവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് സമര്‍പ്പിച്ചു. ഇതനുസരിച്ച് ലഹോറില്‍ ഏഴു മത്സരങ്ങളും റാവല്‍പിണ്ടിയില്‍ അഞ്ച് മത്സരങ്ങളും കറാച്ചിയില്‍ മൂന്ന് മത്സരങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം, മാര്‍ച്ച് ഒന്നിന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.

ബിസിസിഐയുടേതു കൂടി നിര്‍ദേശങ്ങള്‍ അനുസരിച്ചാകും ഐസിസി അന്തിമതീരുമാനം എടുക്കുക. 2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യ പോയിട്ടില്ല. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് രണ്ട് ടീമുകളും പരസ്പരം ഉഭയകക്ഷി പരമ്പര കളിച്ചിട്ടുള്ളത്. 2012 - 13ലായിരുന്നു പാക്കിസ്ഥാന്റെ ഇന്ത്യ പര്യടനം.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ കാരണം ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍നിന്നു മാറ്റുകയും ഫൈനല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു പാക്കിസ്ഥാന്റെ മത്സരങ്ങള്‍.