ചെന്നൈ: ഐപിഎൽ പതിനാറാം സീസണിനായി സർവ സന്നാഹം ഒരുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്. ക്യാപ്റ്റൻ എം എസ് ധോണി ചെന്നൈയിൽ എത്തിയതോടെ പരിശീലന ക്യാംപ് സജീവമായിക്കഴിഞ്ഞു. 2023 ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ അവസാന സീസൺ ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചെപ്പോക്കിലെ ഹോം ഗ്രൗണ്ടിൽ കളിച്ച് 'തല' വിരമിക്കും എന്നാണ് കണക്കുകൂട്ടൽ.

ഐപിഎൽ സീസണിന് മുന്നോടിയായി നാളുകൾ മുന്നേ ധോണി പരിശീലനം ആരംഭിച്ചിരുന്നു. വലിയ ആരാധകവൃന്ദം ധോണിയെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിലെത്തി. ഇതിന് ശേഷം ഹോട്ടലിലേക്ക് പോയ ധോണിക്ക് ബൊക്കയും സമ്മാനങ്ങളും നൽകാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു. ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ നാല് തവണ ഐപിഎല്ലിൽ ചാംപ്യന്മാരായിട്ടുണ്ട്.

ഇത്തവണ താരലേലത്തിൽ ബെൻ സ്റ്റോക്സ്, അജിൻക്യ രഹാനെ, തുടങ്ങിയവരെ ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് ഈമാസം 31ന് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ജയന്റ്സിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം.

ക്യാംപ് തുടങ്ങുന്നതിന് മുമ്പെ ചെന്നൈയ്ക്ക് തിരിച്ചടിയേറ്റിരുന്നു. സ്റ്റാർ ഓൾറൗണ്ടർ കെയ്ൽ ജാമീസൺ കളിക്കില്ലെ വാർത്തകൾ വന്നിരുന്നു. പരിക്കാണ് ന്യൂസിലൻഡ് താരത്തിന് വിനയായത്. അതോടൊപ്പം മറ്റൊരു തിരിച്ചടി കൂടി ടീം നേരിട്ടു. എം എസ് ധോണിക്ക് ശേഷം ടീമിന്റെ ഭാവി നായകനാകും എന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിന് പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാകും. അയർലൻഡിന് എതിരായ ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റിന് മുമ്പ് ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സ്റ്റോക്‌സ് വ്യക്തമാക്കിയതോടെയാണിത്.

മെയ് 20ന് അവസാനിക്കുന്ന ലീഗ് ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ എല്ലാ മത്സരങ്ങൾക്കും ബെൻ സ്റ്റോക്‌സിന്റെ സാന്നിധ്യമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ മിനി താരലേലത്തിൽ 16.25 കോടി രൂപ മുടക്കിയാണ് സ്റ്റോക്‌സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. ഐപിഎൽ പ്ലേ ഓഫ് മത്സരക്രമം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ബെൻ സ്റ്റോക്‌സ് മാത്രമല്ല, ചില ഓസ്ട്രേലിയൻ താരങ്ങൾക്കും ഐപിഎൽ പ്ലേഓഫ് നഷ്ടമായേക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പൈനലിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ഓസീസ് ടീമിന് പദ്ധതികളുണ്ട് എന്നതിനാലാണിത്.

2020 ഓഗസ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എം എസ് ധോണി പിന്നീട് ഐപിഎല്ലിൽ മാത്രമാണ് കളിച്ചിരുന്നത്. കോവിഡ് ഇടവേളയ്ക്ക് ശേഷം ഐപിഎൽ ഹോം-എവേ ഫോർമാറ്റിലേക്ക് മടങ്ങിയെത്തുമ്പോൾ ചെപ്പോക്കിൽ തലയുടെ ബാറ്റിങ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ധോണി ചെന്നൈയിൽ എത്തുന്നതിന്റെ വീഡിയോ ചെന്നൈ സൂപ്പർ കിങ്‌സ് തന്നെ സാമൂഹ്‌മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ധോണിക്ക് പുറമെ അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരും ടീം ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിഎസ്‌കെ പങ്കുവെച്ചു.