ചെന്നൈ: റൺമലയ്ക്ക് മുന്നിൽ പൊരുതിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി ഐപിഎൽ പതിനാറാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗവിനെ 12 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ മോയിൻ അലിയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് വെടിക്കെട്ടിന് അതേ നാണയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മറുപടി കൊടുക്കുന്നതാണ് കണ്ടത്. ആദ്യ ഓവറിലെ അടി തുടങ്ങിയ കെയ്ൽ മയേഴ്സും കെ എൽ രാഹുലും ഒന്നാം വിക്കറ്റിൽ 5.3 ഓവറിൽ 79 റൺസ് ചേർത്തു. പേസർമാർ അടിവാങ്ങി മടുത്തതോടെ സ്പിന്നർമാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്. കൂടുതൽ അപകടകാരിയായ മയേഴ്സ് 21 പന്തിൽ അർധ സെഞ്ചുറി തികച്ചു. തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് മയേഴ്‌സിന്റേത്. എന്നാൽ മയേഴ്‌സ് ഇതേ ഓവറിൽ തന്നെ മൊയീൻ അലിയുടെ പന്തിൽ കോൺവേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ആറ് ഓവർ പൂർത്തിയാകുമ്പോൾ 80-1 എന്ന ശക്തമായ സ്‌കോറുണ്ടായിരുന്നു ലഖ്നൗവിന്.

സഹ ഓപ്പണറും ക്യാപ്റ്റനുമായ കെ.എൽ രാഹുലിനൊപ്പം 79 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മയേഴ്സ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ദീപക് ഹൂഡയെ (2) മിച്ചൽ സാന്റ്നർ മടക്കി. എട്ടാം ഓവറിൽ കെ.എൽ രാഹുലും മോയിൻ അലിക്ക് മുന്നിൽ വീണതോടെ ലഖ്നൗ പതറി. 18 പന്തിൽ നിന്ന് ക്യാപ്റ്റന് നേടാനായത് 20 റൺസ് മാത്രം. തുടർന്നെത്തിയ ക്രുണാൽ പാണ്ഡ്യയും (9) മോയിന് മുന്നിൽ വീണു.

തുടർന്ന് മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പുരനും ചേർന്ന് സ്‌കോർ മുന്നോട്ടുചലിപ്പിക്കവെ 14-ാം ഓവറിൽ സ്റ്റോയ്നിസിനെ മടക്കി മോയിൻ അലി വീണ്ടും ലഖ്നൗവിന് തിരിച്ചടി നൽകി. 18 പന്തിൽ നിന്ന് 21 റൺസെടുത്താണ് സ്റ്റോയ്നിസ് മടങ്ങിയത്. എന്നാൽ തകർത്തടിച്ച നിക്കോളാസ് പുരൻ ടീമിന് ജയപ്രതീക്ഷ നൽകിയെങ്കിലും 16-ാം ഓവറിൽ ഇംപാക്റ്റ് പ്ലെയറായ തുഷാർ ദേശ്പാണ്ഡെയെ കൊണ്ടുവന്ന് ധോനി, പുരനെ വീഴ്‌ത്തി. 18 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 32 റൺസെടുത്ത് ചെന്നൈയെ വിറപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

തുടർന്ന് ക്രീസിൽ ഒന്നിച്ച ആയുഷ് ബധോനി - കൃഷ്ണപ്പ ഗൗതം സഖ്യം അതിവേഗം 39 റൺസ് കൂട്ടിച്ചേർത്തെങ്കിലും ബൗളിങ് മികവിലൂടെ ചെന്നൈ വിജയം പിടിക്കുകയായിരുന്നു. ബധോനി 18 പന്തിൽ നിന്ന് 23 റൺസും ഗൗതം 11 പന്തിൽ നിന്ന് 17 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തിരുന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോൺ കോൺവെയുടെയും ഇന്നിങ്‌സുകളാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തച്ചത്. 31 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 57 റൺസെടുത്ത ഋതുരാജും 29 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 47 റൺസെടുത്ത കോൺവെയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 110 റൺസ്. വെറും 55 പന്തുകളാണ് ഇതിനായി ഇവർക്ക് വേണ്ടിവന്നത്.

എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്‌കോറിങ് താഴ്ന്നു. 16 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 27 റൺസെടുത്ത ശിവം ദുബെയ്ക്കും 14 പന്തിൽ രണ്ട് വീതം സിക്‌സും ഫോറുമായി 27 റൺസോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവിനും മാത്രമാണ് പിന്നീട് ചെന്നൈ സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകൾ നൽകാനായത്.

ബെൻ സ്റ്റോക്ക്‌സ് (8) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ രവീന്ദ്ര ജഡേജയ്ക്ക് നേടാനായത് വെറും മൂന്ന് റൺസ് മാത്രം. മോയിൻ അലി 13 പന്തിൽ 19 റൺസെടുത്തു. അവസാന ഓവറിൽ ക്രീസിലെത്തിയ നായകൻ എം.എസ് ധോനി (12) നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സറിന് പറത്തി സ്റ്റേഡിയത്തെ ആവേശത്തിലാക്കിയെങ്കിലും മൂന്നാം പന്തിൽ പുറത്തായി. ലഖ്‌നൗവിനായി മാർക്ക് വുഡും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.