ചെന്നൈ: ചെപോക്ക് സ്റ്റേഡിയത്തിലെ ബാറ്റിങ് പൂരത്തിന് ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നാല് വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. 'കിങ്‌സ്' ടീമുകളുടെ ത്രില്ലർ പോരാട്ടത്തിൽ 201 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്. അവസാന ഓവറിൽ 9 റൺസാണ് ജയത്തിനായി പഞ്ചാബിനു വേണ്ടിയിരുന്നത്. മതീഷ പതിരണയാണ് ചെന്നൈയ്ക്കു വേണ്ടി ബോൾ ചെയ്തത്. ക്രീസിൽ സിക്കന്ദർ റാസയും (7 പന്തിൽ 13*), ഷാറൂഖ് ഖാനും (3 പന്തിൽ 2*).

ആദ്യ രണ്ടു പന്തുകളിൽ സിംഗിൾ, മൂന്നാം പന്ത് ഡോട്ട് ബോൾ. വിജയലക്ഷ്യം മൂന്നു പന്തിൽ 7 റൺസ് എന്ന നിലയിൽ. നാലാം പന്ത് നേരിട്ട റാസ, ഡബിൾ ഓടിയെടുത്തു. അഞ്ചാം പന്തിലും ഡബിൾ എടുത്തതോടെ അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ്. പതിരണയുടെ ബോളിനെ ബൗണ്ടറി ലൈനിലേക്ക് നീട്ടിയടിച്ച റാസ, മൂന്നു റൺസ് ഓടിയെടുത്തതോടെ പഞ്ചാബിനു 'സൂപ്പർ' ജയം. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. ചെന്നൈ നാലാമതായി മാറുകയും ചെയ്തു.

ഇംപാക്ട് പ്ലെയർ പ്രഭ്‌സിമ്രാൻ സിങ്ങും (24 പന്തിൽ 42) ക്യാപ്റ്റൻ ശിഖർ ധവാനും (15 പന്തിൽ 28) ചേർന്നു നൽകിയ ബാറ്റിങ് വെടിക്കെട്ടാണ് ത്രില്ലർ ജയത്തിന് വഴിയൊരുക്കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയാണ് ശിഖർ ധവാനെ പുറത്താക്കിയത്. പവർപ്ലേ പൂർത്തിയായപ്പോൾ 62/1 എന്ന നിലയിലായിരുന്നു പഞ്ചാബ്. ഈ സീസണിലെ അവരുടെ ഏറ്റവും മികച്ച രണ്ടാമത്തെ പവർപ്ലേ സ്‌കോറാണിത്.

പ്രഭ്‌സിമ്രാനും മൂന്നാമനായി ഇറങ്ങിയ അഥർവ തെയ്ഡെയും (17 പന്തിൽ 13) പുറത്തായശേഷം ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റന്റെ (24 പന്തിൽ 40) ആണ് പഞ്ചാബ് സ്‌കോർബോർഡ് ചലിപ്പിച്ചത്. നാല് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റന്റെ ഇന്നിങ്‌സ്. 16ാം ഓവറിൽ തുഷാർ തന്നെയാണ് ലിവിങ്സ്റ്റനെ പുറത്താക്കിയത്. പിന്നീടെത്തിയ സാം കറൻ (20 പന്തിൽ 29), ജിതേഷ് ശർമ (10 പന്തിൽ 21) എന്നിവർ പൊരുതിയെങ്കിലും വിജയത്തിൽ എത്തിക്കുന്നതിനു മുൻപ പുറത്തായി. ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ മൂന്നു വിക്കറ്റും രവീന്ദ്ര ജഡേജ രണ്ടും മതീഷ പതിരണ ഒരു വിക്കറ്റും വീഴ്‌ത്തി.

സെഞ്ചറിയോളം തന്നെ തിളക്കമുള്ള അഞ്ചാം അർധസെഞ്ചറി തികച്ച ഡെവൺ കോൺവേയുടെ (52 പന്തിൽ 92*) ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിനു മികച്ച സ്‌കോർ നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തുത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (31 പന്തിൽ 37) കോൺവേയും ചേർന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേ അവസാനിക്കുമ്പോൾ 57/0 എന്ന നിലയിലായിരുന്നു ചെന്നൈ. പത്താം ഓവറിൽ ഗെയ്ക്വാദിനെ പുറത്താക്കി സിക്കന്ദർ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് മൂന്നാമനായി ഇറങ്ങിയ ശിവം ദുബെയുടെ (17 പന്തിൽ 28) 'കാമിയോ' പ്രകടനവും ചെന്നൈയ്ക്ക് തുണയായി. രണ്ടു സിക്‌സും ഒരു ഫോറും സഹിതമായിരുന്നു ദുബെയുെട ഇന്നിങ്‌സ്. 14ാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് ദുബെയെ പുറത്താക്കിയത്. പിന്നീടെത്തിയ മൊയീൻ അലി (6 പന്തിൽ 10), രവീന്ദ്ര ജഡേജ (10 പന്തിൽ 12) എന്നിവർക്ക് തിളങ്ങാനായില്ലെങ്കിലും 20ാം ഓവറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ എം.എസ് ധോണി (4 പന്തിൽ 13*) അവസാന രണ്ടു പന്തുകളിൽ പായിച്ച സിക്‌സർ ചെന്നൈ സ്‌കോർ 200ൽ എത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ്, സിക്കന്ദർ റാസ, രാഹുൽ ചാഹർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.