ചെന്നൈ: തുഷാർ ദേശ്പാണ്ഡെയുടെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് മുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കൊമ്പുകുത്തിയതോടെ, ചെന്നൈ സൂപ്പർ കിങ്‌സിന് 78 റൺസ് വിജയം. 27 റൺസ് വിട്ടുകൊടുത്ത് തുഷാർ ദേശ്പാണ്ഡെ വീഴ്‌ത്തിയ നാലുവിക്കറ്റുകളാണ് കളിയുടെ ഗതി തിരിച്ചത്.32 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി.

ഹെദരാബാദിന് ദേശ്പാണ്ഡെയുടെ രണ്ടാം ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അടുത്തടുത്ത പന്തുകളിൽ ഓപ്പണർ ട്രാവിസ് ഹെഡും (13 പന്തിൽ ഏഴ്) ഇംപാക്ട് പ്ലെയറായെത്തിയ അന്മൽപ്രീത് സിങ്ങും (പൂജ്യം) പുറത്തായി. നാലാമത്തെ ഓവറിൽ ദേശ്പാണ്ഡെ വീണ്ടുമെത്തി ഓപ്പണർ അഭിഷേക് ശർമയെയും (ഒൻപത് പന്തിൽ 15) മടക്കിയതോടെ പവർ പ്ലേയ്ക്കുള്ളിൽത്തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. നിതീഷ് റെഡ്ഢി (15), ഹെന്റിച്ച് ക്ലാസൻ (20), അബ്ദുൽ സമദ് (19), പാറ്റ് കമിൻസ് (5), ഷഹബാസ് അഹ്‌മദ് (7) ഉനദ്കട്ട് (1) എന്നിവരും നിരാശപ്പെടുത്തി.

സ്‌കോർ: ചെന്നൈ-212-3(20.0)

ഹൈദരാബാദ്: 134-10(18.5)

നേരത്തെ നായകൻ റുതുരാജ് ഗെയ്കവാദിന്റെയും(98) തന്റെ ഐപിഎല്ലിലെ ആദ്യ അർദ്ധ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിന്റെയും മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ടോ്‌സ നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

54 പന്തിൽ മൂന്ന് സിക്‌സും 10 ഫോറുമടക്കം നേടിയാണ് ഗെയ്ക്‌വാദ് 98 ൽ എത്തിയത്. ചെന്നൈക്ക് മോശം ഫോമിലുള്ള അജിൻക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായി. 12 പന്തിൽ ഒമ്പത് റൺസിന് രഹാനെ പുറത്തായി. ഡാറിൽ മിച്ചലും ഗെയ്ക്‌വാദും ചേർന്നാണ് ചെന്നൈക്ക് മികച്ച അടിത്തറയിട്ടത്. 32 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52ലെത്തിയ മിച്ചൽ ഉനദ്കട്ടിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടിയാണ് മടങ്ങിയത്. ഇരുവരും 64 പന്തിൽ 107 റൺസ് ചേർത്തു. ശിവം ദുബെ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെയാണ് സ്‌കോർ 200 കടന്നത്. എം.എസ് ധോണി രണ്ട് പന്തിൽ ഒരു ഫോറടക്കം അഞ്ച് റൺസെടുത്തു. ചെന്നൈക്കായി ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

സീസണിൽ പുതിയ നായകന് കീഴിൽ നല്ല തുടക്കമിട്ട സിഎസ്‌കെയെ കഴിഞ്ഞ രണ്ടുകളികളിലും ലക്‌നൗവിനോട് രണ്ടുവട്ടം തോറ്റിരുന്നു, ഐപിഎല്ലിൽ രണ്ടുതവണ ഏറ്റവും ഉയർന്ന സ്‌കോറിന്റെ റെക്കോഡ് തകർത്തവരാണ്.