മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്‌സാസിക്കോ പോരാട്ടത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 11 പന്ത് ബാക്കി നിർത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയവും മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണിത്.

27 പന്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി 61 റൺസടിച്ച അജിങ്ക്യാ രഹാനെയും 36 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്വാദും ചേർന്നാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 157-8, ചെന്നൈ സൂപ്പർ കിങ്‌സ് 18.1 ഓവറിൽ 159-3.

സ്‌കോർ ബോർഡിൽ റൺസെത്തും മുമ്പെ റൺസൊന്നുമെടുക്കാതെ ഡെവോൺ കോൺവെ മടങ്ങിയെങ്കിലും വരാനിരിക്കുന്നതുകൊടുങ്കാറ്റാണെന്ന് മുംബൈ പ്രതീക്ഷിച്ചില്ല. വൺ ഡൗണായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ തുടക്കം മുതൽ അടിച്ചു തകർത്തപ്പോൾ എവിടെ പന്തെറിയണമെന്നറിയാതെ മുംബൈ ബൗളർമാർ കുഴങ്ങി. ബെഹൻഡോർഫിന്റെ മൂന്നാം ഓവറിൽ സിസ്‌ക് അടിച്ചു തുടങ്ങിയ രഹാനെ ആളിക്കത്തിയത് അർഷാദ് ഖാന്റെ നാലാം ഓവറിലായിരുന്നു.ആദ്യ പന്ത് സിക്‌സ് അടിച്ച രഹാനെ അടുത്ത നാലു പന്തും ബൗണ്ടറി കടത്തി.

നാലാം ഓവറിൽ മാത്രം ചെന്നൈ നേടിയത് 23 റൺസ്. ഇതോടെ മുംബൈയുടെ പിടി അയഞ്ഞു. കാമറൂൺ ഗ്രീനിനെയും സിക്‌സിന് പറത്തിയ രഹാനെ പവർ പ്ലേയിലെ അവസാന ഓവറിൽ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയടിച്ചാണ് വരവേറ്റത്. 19 പന്തിൽ രഹാനെ അർധസെഞ്ചുറി കുറിക്കുമ്പോൾ മറുവശത്ത് റുതുരാജ് 11 പന്തിൽ ഏഴ് റൺസിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പവർ പ്ലേയിൽ 68 റൺസടിച്ച ചെന്നൈക്ക് പവർ പ്ലേക്ക് പിന്നാലെ സ്‌കോർ 82ൽ നിൽക്കെ രഹാനെയെ(27 പന്തിൽ 61) നഷ്ടമായെങ്കിലും അപ്പോഴേക്കും മുംബൈയുടെ പ്രതീക്ഷ നഷ്ടമായിരുന്നു.

നാലാം നമ്പറിലെത്തിയ ശിവം ദുബെ(26 പന്തിൽ 28)അംബാട്ടി റായഡു(16 പന്തൽ 20*) എന്നിവർക്കൊപ്പം വിജയം പൂർത്തിയാക്കേണ്ട ചുമതല റുതുരാജ് ഗെയ്ക്വാദ്(36 പന്തിൽ 40*) അനായാസം പൂർത്തിയാക്കി.2.1 ഓവറിൽ 35 റൺസ് വഴങ്ങിയ അർഷാദ് ഖാനാണ് മുംബൈ ബൗളിങ് നിരിയിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റുവാങ്ങിയത്. മുംബൈക്കായി ബെഹൻഡോർഫും പിയൂഷ് ചൗളയും കുമാർ കാർത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ റൺസെടുക്കാനെ കഴിഞ്ഞുള്ളു. 32 റൺസെടുത്ത ഇഷാൻ കിഷനും 31 റൺസെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയിൽ പൊരുതിയത്. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകർന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചൽ സാന്റ്‌നർ രണ്ടും വിക്കറ്റെടുത്തു.