- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിരയെ തകർത്ത് പാണ്ഡ്യ; മധ്യനിരയെ കറക്കിവീഴ്‌ത്തി കുൽദീപും; വാലറ്റം ചെറുത്തുനിന്നപ്പോൾ ചെന്നൈ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോർ; 270 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം
ചെന്നൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് നല്ല തുടക്കമിട്ടെങ്കിലും ഹാർദ്ദിക് പാണ്ഡ്യയിലൂടെയും കുൽദീപ് യാദവിലുടെയും പിടിച്ചുകെട്ടിയ ഇന്ത്യ സന്ദർശകരെ 49 ഓവറിൽ 269 റൺസിന് പുറത്താക്കി. ഓസ്‌ട്രേലിയൻ നിരയിൽ ഒറ്റ ബാറ്റർ പോലും അർധസെഞ്ചുറി തികക്കാതിരുന്ന മത്സരത്തിൽ 47 റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹാർദ്ദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
270 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസെടുത്തിട്ടുണ്ട്.32 റൺസുമായി ശുഭ്മാൻ ഗില്ലും 28 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ.ഓസീസ് നിരയിൽ തുടക്കം മുതൽ മിച്ചൽ മാർഷും ട്രാവിസ് ഹെഡും അടിച്ചു തകർത്തതോടെ ഓസ്‌ട്രേലിയൻ സ്‌കോർ പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 61ൽ എത്തി.എന്നാൽ പതിനൊന്നാം ഓവർ എറിയാനായി ഹാർദ്ദിക് പാണ്ഡ്യ എത്തിയതോടെ കളി മാറി.
ഹാർദ്ദിക്കിന്റെ രണ്ടാം പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ ബൗണ്ടറിയിൽ ശുഭ്മാൻ ഗിൽ കൈവിട്ടെങ്കിലും രണ്ട് പന്തുകളുടെ ഇടവേളയിൽ ഹെഡിനെ തേർഡ് മാനിൽ കുൽദീപ് യാദവിന്റെ കൈകളിലെത്തിച്ച് ഹാർദ്ദിക് ഓസീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. 31 പന്തിൽ 33 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ഹെഡ്-മാർഷ് സഖ്യം 68 റൺസടിച്ചു.വൺ ഡൗണായി എത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ഹാർദ്ദിക് ഇരട്ട പ്രഹരമേൽപ്പിച്ചു.
നിലയുറപ്പിച്ചെന്ന് കരുതിയ മിച്ചൽ മാർഷിനെ കൂടി ബൗൾഡാക്കി പാണ്ഡ്യ ഓസസീസിന്റെ തലയരിഞ്ഞതോടെ ഓസീസ് കുതിപ്പിന് കടിഞ്ഞാൺ വീണു.കരിയറിലാദ്യമായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഡേവിർ വാർണർ 23 റൺസടിച്ച് നല്ല തുടക്കമിട്ടെങ്കിലും അധികം നീണ്ടില്ല. കുൽദീപ് യാദവിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് വാർണർ മടങ്ങുമ്പോൾ ഓസീസ് സ്‌കോർ ബോർഡിൽ 125 റൺസെ ഉണ്ടായിരുന്നുള്ളു.പിന്നാലെ മാർനസ് ലാബുഷെയ്‌നും അലക്‌സ് ക്യാരിയും ചേർന്ന് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയെങ്കിലും ലാബുഷെയ്‌നും(28) കുൽദീപിനെ സിക്‌സടിക്കാനുള്ള ശ്രമക്കിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തി.
മാർക്കസ് സ്റ്റോയ്‌നിസ്- അലക്‌സ് ക്യാരി സഖ്യം 58 റൺസ് കൂട്ടുകെട്ടിലൂടെ ഓസീസിനെ മികച്ച സ്‌കോറിലെത്തിക്കുമെന്ന് കരുതിയിരിക്കെ സ്റ്റോയിനിസിനെ(25) അക്‌സറും സ്‌കോർ 200 കടന്നതിന് പിന്നാലെ അലക്‌സ് ക്യാരിയെ ബൗൾഡാക്കി കുൽദീപും ആഞ്ഞടിച്ചതോടെ ഓസീസിന് താളം തെറ്റി.അവസാന ഓവറുകളിൽ പിടിച്ചു നിന്ന് തകർത്തടിച്ച ഷോൺ ആബട്ടും(23 പന്തിൽ 26) ആഷ്ടൺ അഗറും(21 പന്തിൽ 17) ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ 250ന് അടുത്തെത്തിച്ചത്. രണ്ട് സിക്‌സടിച്ച ആബട്ടിനെ അതേ ഓവറിൽ അക്‌സറും അഗറെ സിറാജും മടക്കിയതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം തീർന്നെന്ന് കരുതിയെങ്കിലും മിച്ചൽ സ്റ്റാർക്കും ആദം സാംപയും അവസാന വിക്കറ്റിൽ പിടിച്ചു നിന്ന് 22 റൺസ് കൂടി കൂട്ടി ചേർത്തതോടെ ഓസ്‌ട്രേലിയ 269ൽ എത്തി.
സ്റ്റാർക്ക് 10 റൺസെടുത്ത് പുറത്തായപ്പോൾ സാംപ 10 റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് 10 ഓവറിൽ 56 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഹാർദ്ദിക് പാണ്ഡ്യ ഏഴോവറിൽ 40 ഖൺസിന് മൂന്നും മുഹമ്മദ് സിറാജ് ഏവോവറിൽ 37 റൺസിനും അക്‌സർ പട്ടേൽ എട്ടോവറിൽ 57 റൺസിനും രണ്ട് വിക്കറ്റ് വീതമെടുത്തു.