മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചേതർ ശർമയെ നിലനിർത്തി പുതിയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച് ബി.സി.സിഐ. ദക്ഷിണ മേഖലയിൽനിന്ന് ശ്രീധരൻ ശരത്, മധ്യമേഖലയിൽനിന്ന് ശിവ സുന്ദർദാസ്, സുബ്രബോ ബാനർജി (കിഴക്ക്), സലിൽ അങ്കോള (വെസ്റ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമിയിൽ പുറത്തായതോടെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പൂർണമായും പിരിച്ചുവിട്ടിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അവസാനം തെരഞ്ഞെടുത്തത്. എന്നാൽ ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ സെലക്ഷൻ കമ്മിറ്റിയെ കണ്ടെത്തെനാവാഞ്ഞതോടെ ഈ പരമ്പരക്കുള്ള ടീമിനെയും ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു.

പുതിയ സെലക്ടർമാർക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും അശോക് മൽഹോത്ര, ജതിൻ പരഞ്ജ്‌പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ഉപദേശക സമിതി മുൻ താരങ്ങളുടെ അഭിമുഖങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ പ്രമുഖ താരങ്ങളാരും അഭിമുഖത്തിന് എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വെങ്കടേഷ് പ്രസാദ് മാത്രമാണ് അഭിമുഖത്തിന് എത്തിയ മുൻ താരങ്ങളിലെ പ്രമുഖൻ. ഈ സാഹചര്യത്തിൽ ചേതൻ ശർമക്ക് ഒരു ഊഴം കൂടി നൽകാൻ ബിസിസിഐ തീരുമാനിച്ചത്. രണ്ടു വർഷമായി അധ്യക്ഷ പദവിയിൽ തുടരുന്ന ചേതൻ ശർമയെ ഒടുവിൽ നിലനിർത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

സെലക്ഷൻ പാനലിന്റെ ടേബിളിന്റെ തലപ്പത്ത് ശർമ്മയ്ക്ക് പകരം വെങ്കിടേഷ് പ്രസാദിനെ മുൻനിര താരമായി പരിഗണിച്ചിട്ടും, ഷോർട്ട്‌ലിസ്റ്റിൽ വെങ്കിടേഷ് പ്രസാദിന്റെ പേരില്ലാതിരുന്നത് ആരാധകരെ അതിശയിപ്പിച്ചിരുന്നു. ഒടുവിൽ ചേതൻ ശർമയെ വീണ്ടും നിലനിർത്താൻ തീരുമാനിച്ചതോടെ ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നിക്ക് എതിരെ അടക്കം വിമർശനം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ബി.സി.സിഐ വെബ്‌സൈറ്റിൽ അടുത്ത അംഗങ്ങളെ തേടി പരസ്യം ചെയ്തിരുന്നു. 600 പേർ അപേക്ഷിച്ചതിൽനിന്നാണ് ഇത്രയും പേരെ കണ്ടെത്തിയതെന്ന് ബി.സി.സിഐ വാർത്താകുറിപ്പിൽ അറിയിച്ചു. 11 അംഗങ്ങളുടെ ഷോർട് ലിസ്റ്റ് തയാറാക്കിയ ശേഷം അഭിമുഖത്തിന് വിളിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഏഴ് ടെസ്റ്റ്/30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ/10 ഏകദിനങ്ങളും 20 ഫസ്റ്റ ക്ലാസ് മത്സരങ്ങളും കളിച്ചവരാകണമെന്നും അഞ്ചു വർഷം മുമ്പ് വിരമിച്ചവരാകണമെന്നും നിബന്ധനയുണ്ടായിരുന്നു. മറ്റേതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയിൽ അഞ്ചു വർഷം അംഗമായവരെ പരിഗണിച്ചില്ല. ബി.സി.സിഐക്ക് പാദവാർഷികമായി ടീമിന്റെ പ്രകടനത്തെ കുറിച്ച് റിപ്പോർട്ട് നൽകുക, ഓരോ ഫോർമാറ്റിലും ക്യാപ്റ്റനെ നിശ്ചയിക്കുക എന്നിവയും സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയാകും.

സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാർഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്ക് 1 കോടി രൂപയും വാർഷിക പ്രതിഫലമായി ലഭിക്കും. ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാൽ ന്യൂസിലൻഡിനെതിരായ പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്.