ബെംഗളൂരു: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഗുജറാത്ത് താരം ശുഭ്മൻ ഗില്ലിനും സഹോദരിക്കുമെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിക്കാതെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അധികൃതർ. സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണങ്ങൾ ഉയർന്നിട്ടും ടീം അധികൃതർ പുലർത്തുന്ന നിശബ്ദത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

മത്സരം കാണാൻ ഗില്ലിന്റെ സഹോദരി ഷഹനീൽ ഗില്ലും ബെംഗളൂരുവിലെത്തിയിരുന്നു. മത്സരത്തിൽ ശുഭ്മൻ ഗിൽ സെഞ്ചറി നേടുകയും ഗുജറാത്ത് ടൈറ്റൻസ് വിജയിക്കുകയും ചെയ്തതോടെ പ്ലേ ഓഫിൽ കടക്കാമെന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോഹം പാഴായി. ഗുജറാത്ത് വിജയത്തിനു പിന്നാലെ ടീമിന്റെ ചിത്രങ്ങൾ ഗില്ലിന്റെ സഹോദരി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചിത്രത്തിനു താഴെ ഷഹനീലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത്. സൈബർ ആക്രമണം രൂക്ഷമായതോടെ ഗില്ലിനെയും സഹോദരിയെയും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

ചിന്നസ്വാമിയിൽ ഗിൽ- കോലി പോരാണ് നടന്നതെന്ന തരത്തിലാണ് പലരും കമന്റുകളിട്ടത്. കോലിയുടെ ടീമിനെ തോൽപിക്കാൻ ഗിൽ മനഃപൂർവം ഇറങ്ങിത്തിരിച്ചതാണെന്നും ചിലർ ആരോപിച്ചു. മത്സരശേഷം കോലിയും ഗില്ലും പരസ്പരം ആശ്ലേഷിച്ച് അഭിനന്ദിച്ച ശേഷമാണ് മൈതാനം വിട്ടതെന്ന് പോലും ആർസിബി ആരാധകർ മുഖവിലയ്ക്കെടുത്തില്ല.

അശ്ലീല കമന്റുകൾ നിറഞ്ഞതോടെ ക്രിക്കറ്റ് ലോകവും ആർസിബി ആരാധകർക്കെതിരെ രംഗത്തെത്തി. ആർസിബി ആരാധകർ കാണിക്കുന്നത് മര്യാദകേടാണണെന്നും ജയവും തോൽവിയും പതിവാണെന്നും അത് മാനിക്കണമെന്നും ആരാധകർ പറയുന്നു. ഇത്തരം മോശം ചിന്തഗതികൊണ്ടാണ് ആർസിബിക്ക് കിരീടം ലഭിക്കാത്തതെന്ന് ആരാധകരിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഗിൽ ഇന്ത്യയുടെ ഭാവി താരമാണെന്ന് അംഗീകരിക്കണമെന്നും മറ്റൊരാൾ.

ഇക്കാര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. ഗില്ലും വിരാട് കോലിയും പ്രതികരിച്ചിട്ടില്ല. മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി കോലിയുടെ സെഞ്ചുറി കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

52 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 104 റൺസെടുത്തു പുറത്താകാതെനിന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ വിജയ് ശങ്കറും ബാറ്റിങ്ങിൽ തിളങ്ങി. 35 പന്തുകൾ നേരിട്ട വിജയ് ശങ്കർ 53 റൺസെടുത്തു.