- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റൺസ് വിജയലക്ഷ്യം
ഗയാന: മഴ രസംകൊല്ലിയായ ടി-20 സെമി ഫൈനൽ മത്സരത്തിൽ, ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 172 റൺസ് വിജയലക്ഷ്യം. പ്രോവിഡെൻ സ്‌റ്റേഡിയത്തിലെ കളിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 171 റൺസെടുത്തു. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ചേർന്നാണ് പൊരുതാവുന്ന ടോട്ടലിലേക്ക് ഇന്ത്യയെ നയിച്ചത്. അവസാന ഓവറിൽ രവീന്ദ്ര ജഡേജ രണ്ടുഫോറടിച്ചു. 12 റൺസാണ് ജോഫ്ര ആർച്ചറുടെ അവസാന ഓവറിൽ ഇന്ത്യയുടെ സമ്പാദ്യം.
മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ, രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ രക്ഷിച്ചത്. മഴയും പിച്ചിലെ ഈർപ്പവുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാൻ സ്പിന്നർമാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ തന്ത്രവും ഫലം കണ്ടു.
ഇന്നിങ്‌സിലെ മൂന്നാം ഓവറിൽ കോഹ്ലിയെ റീസ് ടോപ്ലി മടക്കി അയച്ചു. ആറാം ഓവറിൽ സാം കറൻ റിഷഭ് പന്തിനെ കുടുക്കി. 39 പന്തിൽ 57 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയെ പിന്നീട് ആദിൽ റഷീദ് പുറത്താക്കി. 47 റൺസെടുത്ത സൂര്യകുമാർ യാദവ് ജോഫ്ര ആർച്ചറിന് മുന്നിൽ വീണു.13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ 10 റൺസെടുത്തു.
മഴ കാരണം ഒരു മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞാണ് ടോസ് ഇടാനായത്. സെമിക്ക് മാത്രമായി 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ റിസർവ് ദിനമില്ല. വിജയികൾ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
കളി തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴയെത്തുകയായിരുന്നു. ഒൻപതു പന്തുകളിൽ ഒൻപതു റൺസെടുത്ത കോലി പേസർ റീസ് ടോപ്ലിയുടെ പന്തിൽ ബോൾഡാകുകയായിരുന്നു. നാലു റൺസെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തും മടക്കി. പവർപ്ലേയിൽ 46 റൺസാണ് ഇന്ത്യ നേടിയത്.
ടൂർണമെന്റിലെ അപരാജിത കുതിപ്പിന്റെ കരുത്തിലാണ് ഇന്ത്യ സെമിപോരാട്ടത്തിന് ഇറങ്ങിയതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ 8ലും അപ്രതീക്ഷിത തോൽവി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. സ്പിന്നർമാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം. ഇതുവരെ നടന്ന 18 മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ടീം 6 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം 8 മത്സരങ്ങളിൽ വിജയികളായി. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ: 133
മഴ കാരണം മൂടിയിട്ട പിച്ചിൽ നിന്ന് തുടക്കത്തിൽ പേസർമാർക്ക് ആനുകൂല്യം ലഭിച്ചേക്കുമെന്നും ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണത്താലാണെന്നും ടോസ് നേടിയ ശേഷം പ്രതികരിക്കവെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞു.