- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിനെതിരായ തോൽവിൽ സഞ്ജുവിന്റെ തന്ത്രം പാളി
ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ മത്സരത്തിൽ പാളിയത് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അവസാന ഓവർ തന്ത്രങ്ങൾ. സന്ദീപ് ശർമയുടെ അഭാവമാണ് സഞ്ജുവിനെ പ്രതിരോധത്തിലാക്കിയത്. വലിയ റൺ നിരക്ക് ആവശ്യമായിരുന്നിട്ടും ഗുജറാത്ത് ബാറ്റർമാർ വിജയലക്ഷ്യം കാണുകയായിരുന്നു. സമാനമായ മുൻ മത്സരങ്ങളിൽ സഞ്ജു ആവേശ് ഖാനെ കൊണ്ട് പന്തെറിയിപ്പിച്ച് വിജയം നേടിയിരുന്നു. എന്നാൽ, ഇന്നലെ ഗുജറാത്തിന് മുന്നിൽ ഈ തന്ത്രം പാളി. ഇകതോടെ സഞ്ജുവിന്റെ ക്യാപ്ടൻസിക്കെിതരെയും വിമർശങ്ങൾ ഉയർന്നു.
അവസാന ഓവറിൽ 15 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. നന്നായി പന്തെറിഞ്ഞ ട്രെന്റ് ബോൾട്ടിന് ഓവർ ബാക്കിയുണ്ടായിരുന്നിട്ടും സഞ്ജു ആവേശ് ഖാന് പന്ത് നൽകുകയായിരുന്നു. രണ്ട് ഓവറിൽ വെറും എട്ട് റൺസ് മാത്രമായിരുന്നു ബോൾട്ട് വിട്ടുകൊടുത്തത്. രണ്ടോവറിൽ 16 റൺസ് മാത്രം വിട്ടുനൽകിയ കേശവ് മഹാരാജും ബാക്കിയുണ്ടായിരുന്നു. എന്നാൽ, 18ാം ഓവർ മികച്ച രീതിയിൽ എറിഞ്ഞ ആവേശ് ഖാനെ തന്നെ അവസാന ഓവറും എറിയാൻ സഞ്ജു നിയോഗിച്ചു.
നേരത്തെ, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 17 റൺസ് ആവശ്യമായിരുന്നപ്പോൾ സഞ്ജു പന്തെറിയാൻ നൽകിയത് ആവേശ് ഖാനായിരുന്നു. പക്ഷേ വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാൻ അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സഞ്ജുവിന്റെ തീരുമാനത്തെയും എല്ലാവരും പുകഴ്‌ത്തി. എന്നാൽ ഇന്നലെ ഈ തീരുമാനം പിഴച്ചു.
ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ റാഷിദ് ഖാൻ ഫോർ നേടി. അടുത്ത പന്തിൽ രണ്ട് റൺസ് നേടി. മൂന്നാം പന്തിൽ വീണ്ടും ഫോർ. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ തെവാട്ടിയ റൺഔട്ട് ആയെങ്കിലും രണ്ട് റൺ നേടി. അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റാഷിദ് ഖാൻ ടീമിനെ വിജയത്തിലേക്കെത്തിച്ചു.
18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തുകയും 11 പന്തിൽ 24 റൺസ് നേടുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം. സ്‌കോർ - രാജസ്ഥാൻ റോയൽസ് 196/3 (20 ഓവർ), ഗുജറാത്ത് ടൈറ്റൻസ് 199/7 (20 ഓവർ).
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് മികച്ച തുടക്കമായിരുന്നില്ല. 19 പന്തിൽ 24 റൺസെടുത്ത യാശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജോസ് ബട്ട്‌ലർ എട്ട് റൺസിന് പുറത്തായതോടെ 5.4 ഓവറിൽ രണ്ടിന് 42 എന്ന നിലയിലായി റോയൽസ്. എന്നാൽ, പിന്നീട് ഒന്നുചേർന്ന സഞ്ജു സാംസൺ-റയാൻ പരാഗ് സഖ്യം കളി മാറ്റിയെഴുതി. മികച്ച ഫോമിൽ തുടർന്ന സഞ്ജു 38 പന്തിൽ പുറത്താകാതെ 68 റൺസെടുത്തു. റയാൻ പരാഗ് 48 പന്തിൽ 76 റൺസെടുത്തു. അവസാന ഓവറുകളിൽ റണ്ണൊഴുകിയതോടെ 196 എന്ന വലിയ സ്‌കോറിലേക്ക് റോയൽസ് എത്തി. ഷിമ്രോൺ ഹെറ്റ്‌മെയർ അഞ്ച് പന്തിൽ 13 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (44 പന്തിൽ 72) മുന്നിൽ നിന്ന് നയിച്ചു. 35 റൺസെടുത്ത സായി സുദർശൻ മികച്ച പിന്തുണയേകി. ഇടക്ക് മഴയെത്തിയതും അതിന് പിന്നാലെ വിക്കറ്റുകൾ വീണതും ഗുജറാത്തിനെ സമ്മർദത്തിലാക്കി. മാത്യു വേഡ് (4), അഭിനവ് മനോഹർ (1) എന്നിവർ അതിവേഗം പുറത്തായി. ഗിൽ പുറത്തായതോടെ മത്സരം കടുത്തു. വിജയ് ശങ്കർ 16 റൺസെടുത്ത് പുറത്തായി.
ഗിൽ പുറത്താകുമ്പോൾ 28 പന്തിൽ 64 റൺസ് വേണ്ടിയിരുന്നു ജയിക്കാൻ. പിന്നീട് ഒത്തുചേർന്ന രാഹുൽ തെവാട്ടിയയും (11 പന്തിൽ 22), റാഷിദ് ഖാനും മത്സരം റോയൽസിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. തോൽവി നേരിട്ടെങ്കിലും പോയിന്റ് പട്ടികയിൽ രാജസ്ഥാൻ തന്നെയാണ് ഒന്നാമത്. ജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തെത്തി.