ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിന് മുന്നോടിയായുള്ള മിനി ലേലത്തിന്റെ ഭാഗമായി ടീമിൽ നിന്നും തന്നെ പുറത്താക്കിയ ചെന്നൈ സൂപ്പർ കിങ്‌സിന് ബാറ്റു കൊണ്ട് മറുപടി നൽകുകയാണ് തമിഴ്‌നാട് ബാറ്റർ എൻ.ജഗദീശൻ. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ നാല് സെഞ്ചുറികളുമായി ബാറ്റിങ് വെടിക്കെട്ട് തുടർന്ന ജഗദീശൻ ഇന്ന് അരുണാചൽ പ്രദേശിന് എതിരെ കുറിച്ചത് റെക്കോർഡുകളുടെ കൂമ്പാരം.

അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ഡബിൾ സെഞ്ചറി നേടിയാണ് ജഗദീശൻ നിറഞ്ഞാടിയത്. വെറും 141 പന്തിൽ 277 റൺസ് അടിച്ചുകൂട്ടിയ ജഗദീശൻ, ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് സ്വന്തമാക്കി. ഇംഗ്ലണ്ട് മുൻ താരം അലിസ്റ്റർ ബ്രൗൺ കുറിച്ച 268 റൺസായിരുന്നു ലിസ്റ്റ എ മത്സരങ്ങളിൽ ഇതുവരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കുറിച്ച 264 റൺസും ഇതോടെ പഴങ്കഥയായി.

അരുണാചലിനെതിരെ 76 പന്തിൽനിന്ന് ആദ്യ 100 റൺസ് നേടിയ ജഗദീശന് ഡബിൾ സെഞ്ചറി അടിക്കാൻ 38 പന്തുകൂടിയേ വേണ്ടിവന്നുള്ളു. 141 പന്തിൽ നിന്നാണ് 277 റൺസ് ജഗദീശൻ നേടിയത്. 25 ഫോറും 15 സിക്‌സും അടിച്ചുകൂട്ടിയ ജഗദീശന്റെ സ്‌ട്രൈക്ക് റേറ്റ് 196.45 ആണ്. ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ 114 റൺസും ചത്തിസ്ഗഡിനെതിരെ 107 റൺസും ഗോവയ്‌ക്കെതിരെ 168 റൺസും ഹരിയാനയ്‌ക്കെതിരെ 128 റൺസുമാണ് ഇതിന് മുൻപ് നേടിയത്.

തുടർച്ചയായി അഞ്ച് ഇന്നിങ്‌സിൽ സെഞ്ചറി നേടിയെന്ന ലോക റെക്കോർഡും ഇന്നത്തെ ഇന്നിങ്‌സോടെ ജഗദീശൻ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ലിസ്റ്റ് എ മത്സരങ്ങളിൽ തുടർച്ചയായി നാല് സെഞ്ചറി നേടിയ കുമാർ സംഗക്കാരയുടെയും ആൽവിറോ പീറ്റേഴ്‌സന്റേയും ദേവ്ദത്ത് പടിക്കലിന്റേയും റെക്കോർഡാണ് ജഗദീശൻ തിരുത്തിയത്. വിരാട് കോലി, പൃഥ്വി ഷാ എന്നിവരും ഇതിനു മുൻപ് വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ നാല് ഇന്നിങ്‌സുകളിൽ സെഞ്ചറി നേടിയിരുന്നു.

ജഗദീശനൊപ്പം തമിഴ്‌നാട് ടീമും റെക്കോർഡിട്ടു. ലിസ്റ്റ് എ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് തമിഴ്‌നാട് ഇന്നു കുറിച്ചത്. 50 ഓവറിൽ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 506 റൺസാണ് തമിഴ്‌നാട് നേടിയത്. ജഗദീശനെ കൂടാതെ, സായ് സുദർശന്റെ സെഞ്ചറിയും (102 പന്തിൽ 154) തമിഴ്‌നാടിനു കരുത്തായി. ഈ വർഷം നെതർലൻഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയ 498 റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്. സുദർശനും ജഗദീശനും ചേർന്ന് 416 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മറുപടി ബാറ്റിങ്ങിൽ, 28.4 ഓവറിൽ 71 റൺസിന് അരുണാചൽ പ്രദേശ് ഓൾ ഔട്ടായി. തമിഴ്‌നാടിന് 435 റൺസിന്റെ കൂറ്റൻ ജയം.