- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ; കിരീടവുമായി നിൽക്കുന്ന ക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങൾ വൈറൽ; സമൂഹമാധ്യമങ്ങളിൽ വിമർശനം; വിശദീകരണവുമായി ടീം അധികൃതർ
ഹൈദരാബാദ്: ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പ്രത്യേക പൂജകൾ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികൾ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏൽപ്പിച്ചശേഷം പ്രത്യേക പൂജകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തുകയായിരുന്നു. ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.
ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏൽപ്പിച്ചശേഷം പ്രത്യേക പൂജകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സൺ ന്യൂസാണ് പുറത്തുവിട്ടത്. ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ ഐപിഎൽ കിരീടവുമായി നിൽക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് ഇത്തവണ ടീം കിരീടം നേടിയതെന്നും അതിനാലാണ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്റിന്റെ വിശദീകരണം.
കഴിഞ്ഞ ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകർ പോലും കിരീട സാധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ വീണ്ടും തല ഉയർത്തിയ ചെന്നൈ ലീഗ് റൗണ്ടിൽ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്.
ചെന്നൈയിൽ നടന്ന ആദ്യ ക്വാളിഫയറിൽ ഒന്നാമന്മാരായ ഗുജറാത്തിനെ വീഴ്‌ത്തി ഫൈനലിൽ എത്തി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റൺസടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി.
മഴകാരണം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 214 റൺസടിച്ചു. സാഹ 39 പന്തിൽ 54 റൺസെടുത്തപ്പൾ സുദർശൻ 47 പന്തിൽ 96 റൺസടിച്ച് പുറത്തായി. ചെന്നൈ ബാറ്റിങ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിർത്തിവെച്ചു.
സ്പോർട്സ് ഡെസ്ക്