- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി തലയുയർത്തി ജോസ് ബട്‌ലർ; പിന്തുണച്ച് ദേവദത്ത് പടിക്കൽ; സഞ്ജു വീണിട്ടും മധ്യനിര കാത്ത് ഹെറ്റ്‌മെയറും അശ്വിനും; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 176 റൺസ് വിജയലക്ഷ്യം
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ തട്ടകത്തിൽ മികച്ച സ്‌കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്. അർധസെഞ്ചുറിയുമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ജോസ് ബട്‌ലർ, മികച്ച പിന്തുണ നൽകിയ ദേവദത്ത് പടിക്കൽ, അവസാന ഓവറുകൾ മിന്നൽ ആക്രമണം നടത്തിയ ഹെറ്റ്‌മെയർ എന്നിവരുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് കരുത്തായത്. ചെന്നൈക്കെതിരെ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് രാജസ്ഥാൻ കുറിച്ചത്.
ജോസ് ബട്‌ലർ 36 പന്തിൽ 52 റൺസും ദേവദത്ത് പടിക്കൽ 26 പന്തിൽ 38 റൺസും ഹെറ്റ്‌മെയർ 18 പന്തിൽ 30 റൺസും നേടി. ചെന്നൈക്കായി ആകാശ് സിങ്, തുഷാർ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി സ്റ്റാർ പെയറുകളായ ജോസ് ബട്‌ലർക്കും യശ്വസി ജയ്‌സ്‌വാളിനും ഇത്തവണ മികച്ച തുടക്കം നൽകാനായില്ല. രണ്ടാം ഓവറിൽ തുഷാർ പാണ്ഡെയ്ക്ക് മുന്നിൽ ജയ്‌സ്‌വാളിന് പിഴച്ചു. എട്ട് പന്തിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ, സഞ്ജുവിന് പകരം സ്ഥാനക്കയറ്റം കിട്ടി വന്ന ദേവദത്ത് പടിക്കലും ബട്‌ലറും ഒന്നിച്ചതോടെ റോയൽസ് സ്‌കോർ ബോർഡിലേക്ക് റൺസ് എത്തിത്തുടങ്ങി.
ഫോമിലേക്ക് എത്താൻ കഷ്ടപ്പെട്ടിരുന്ന പടിക്കലിന് പവർ പ്ലേയിൽ കൂടുതൽ അവസരം നൽകി വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയാണ് ബട്‌ലർ ചെയ്തത്. ഇത് മുതലാക്കി പടിക്കൽ വളരെ മെച്ചപ്പെട്ട നിലയിൽ സ്‌കോർ ചേർത്തു. മോയിൻ അലിയെ രണ്ട് സിക്‌സുകൾക്ക് തൂക്കി ബട്‌ലർ അധികം വൈകാതെ ടോപ് ഗിയറിടുകയും ചെയ്തു. എന്നാൽ, ധോണി തന്റെ വജ്രായുധത്തെ നിയോഗിച്ചതോടെ ചെന്നൈ ഒരേ ഒരു ഓവറിൽ മത്സരം തിരിച്ചു. ഓരോവറിൽ പടിക്കലിനെയും പിന്നാലെ വന്ന സഞ്ജുവിന്റെയും വിക്കറ്റുകളെടുത്താണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്.
രവിചന്ദ്ര അശ്വിനെ ഇറക്കി വിക്കറ്റ് കൊഴിച്ചിൽ പിടിച്ച് നിർത്താൻ രാജസ്ഥാൻ ശ്രമിച്ചു. ഇത് റണ്ണൊഴുക്ക് വല്ലാതെ കുറച്ചു. പിന്നീട് ആകാശ് സിംഗിനെ രണ്ട് സിക്‌സുകൾ പായിച്ച് അശ്വിൻ ശ്രമിച്ചെങ്കിലും ആ ഓവറിൽ തന്നെ പുറത്തായി. 22 പന്തിൽ 30 റൺസാണ് താരം നേടിയത്. ഇതിനിടെ സൂക്ഷിച്ച് കളിച്ച ബട്‌ലർ അർധ സെഞ്ചുറി പൂർത്തിയാക്കി. പക്ഷേ, അവസാന ഓവറുകളിൽ മിന്നിക്കത്താമെന്നുള്ള ബട്‌ലറുടെ കണക്കുകൂട്ടൽ മോയിൻ അലി അവസാനിപ്പിച്ചു.
36 പന്തിൽ 52 റൺസെടുത്ത ബട്‌ലറുടെ വിക്കറ്റുകൾ അലി തെറിപ്പിക്കുകയായിരുന്നു. വമ്പനടിക്കാരായ ഷിമ്രോൺ ഹെറ്റ്‌മെയറും ധ്രുവ് ജുറലും ചേർന്നിട്ടും ബൗണ്ടറികൾ കണ്ടെത്താനാകാതെ രാജസ്ഥാൻ വിഷമിച്ചു. 17-ാം ഓവറിൽ അഞ്ചാം പന്തിൽ തുഷാറിനെ ഹെറ്റ്‌മെയർ അതിർത്തി കടത്തിയതോടെ റോയൽസ് ഒന്ന് ആശ്വസിച്ചത്. ഹെറ്റ്‌മെയർ ഒരറ്റത്ത് അടി തുടർന്നെങ്കിലും മികവിലേക്ക് ഉയരാൻ ബുദ്ധിമുട്ടിയ ജുരൽ മടങ്ങി. അവസാന ഓവറിൽ ഫോറോടെ ഹെറ്റ്‌മെയർ ആരംഭിച്ചെങ്കിലും ടീം സ്‌കോർ 180 കടത്താനായില്ല.
സ്പോർട്സ് ഡെസ്ക്