ചെന്നൈ: മഹേന്ദ്ര സിങ് ധോണി ഇക്കുറി ഐപിഎല്ലും പൊക്കി മടങ്ങുമോ? ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ തകർപ്പൻ വിജയം തുടർന്ന് ധോണിപ്പട കുതിപ്പു തുടരുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പർ വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ആറ് കളികളിൽ നാല് വിജയവുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

സൺ റൈസേഴ്‌സിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങൾ തിളങ്ങിയതോടെയാണ് ധോണിപ്പട എളുപ്പം വിജയം എത്തിപ്പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് എടുക്കാനായത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ ഏഴ് വിക്കറ്റുകളും എട്ട് പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു.

അർധ സെഞ്ച്വറിയടിച്ച ഡിവോൺ കോൺവേയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. താരം 57 പന്തുകളിൽ 12 ഫോറുകളും ഒരു സിക്‌സും സഹിതം 77 റൺസ് എടുത്തു. ചെന്നൈക്ക് വേണ്ടി ഓപണർമാരായ റുതുരാജ് ഗെയ്ക്‌വാദും ഡിവോൺ കോൺവേയും ഗംഭീര തുടക്കമായിരുന്നു നൽകിയത്. 11-ാം ഓവറിൽ റുതുരാജ് പുറത്താകുമ്പോൾ ചെന്നൈയുടെ അക്കൗണ്ടിൽ 87 റൺസ് ഉണ്ടായിരുന്നു. 30 പന്തുകളിൽ 35 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടർന്നെത്തിയ അജിൻക്യ രഹാനെ (9) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങി.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ ചെന്നൈ ബൗളർമാർ 20 ഓവറിൽ ഏഴു വിക്കറ്റിന് 134ലൊതുക്കിയിരുന്നു. നാലു ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ രവീന്ദ്ര ജഡേജയായിരുന്നു ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. ഓരേ വിക്കറ്റ് വീതവുമായി ആകാശ് സിങ്, മഹീഷ് തീക്ഷണ, മതീഷ പതിരാന എന്നിവർ പിന്തുണ നൽകി.

ആരും അർധ സെഞ്ച്വറി തികക്കാത്ത ഹൈദരാബാദ് ഇന്നിങ്‌സിൽ 34 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ്‌സ്‌കോറർ. 26 പന്തിൽ ഒരു സിക്‌സും മൂന്നു ബൗണ്ടറിയുമടങ്ങിയതായിരുന്നു ഇടംകൈയന്റെ ഇന്നിങ്‌സ്. ഹാരി ബ്രൂക് (18), രാഹുൽ ത്രിപതി (21), നായകൻ എയ്ഡൻ മാർക്രം (12), ഹെന്റിച് ക്ലാസൻ (17), മാർകോ യാൻസൻ (17) എന്നിവർക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബാറ്റിങ് ഓർഡറിൽ താഴോട്ടിറങ്ങേണ്ടിവന്ന മായങ്ക് അഗർവാളിനും (2) തിളങ്ങാനായില്ല.