- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരട്ട സെഞ്ചുറിയുമായി നൂറാം ടെസ്റ്റ് ആഘോഷമാക്കി വാർണർ; വിമർശകരുടെ വായടപ്പിച്ച് എലൈറ്റ് പട്ടികയിൽ; നേട്ടങ്ങളുടെ നെറുകയിൽ ഓസീസ് ഓപ്പണർ; ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ദിനം ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

മെൽബൺ: വിമർശകരുടെ വായടപ്പിച്ച് നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മെൽബണിലെ കനത്ത ചൂടിനെ വകവയ്ക്കാതെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറിയിലൂടെയാണ് വാർണർ നിരന്തരമായി നേരിട്ട വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞത്. ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ താരം റിട്ടയേർഡ് ഹർട്ടാവുകയും ചെയ്തു. ഇതിനിടെ ചില റെക്കോർഡുകളും ഇടങ്കയ്യൻ ബാറ്ററെ തേടിയെത്തി.
മൂന്നുവർഷത്തോളമായി വിടാതെ പിന്തുടരുന്ന ടെസ്റ്റ് സെഞ്ച്വറി ക്ഷാമം തീർത്താണ് മെൽബൺ മൈതാനത്ത് കരിയറിലെ മൂന്നാം ഇരട്ട ശതകം കുറിച്ചത്. 100-ാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്റസ്മാനാണ് വാർണർ. ആദ്യത്തെ ഓസ്ട്രേലിയൻ താരവും. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ആദ്യത്തേത്. കഴിഞ്ഞ വർഷം 218 റൺസാണ് റൂട്ട് നേടിയത്. നേരത്തെ സെഞ്ചുറി പൂർത്തിയാക്കിയതോടെ എലൈറ്റ് പട്ടികയിലും വാർണർ ഇടം പിടിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ദിനം ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോൾ 91 ഓവറിൽ 386-3 എന്ന സ്‌കോറിലാണ് ഓസീസ്. ട്രാവിസ് ഹെഡും(48 പന്തിൽ 48*), അലക്സ് ക്യാരിയുമാണ്(22 പന്തിൽ 9*) ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 189 റൺസ് പിന്തുടരുന്ന ഓസീസിനിപ്പോൾ 197 റൺസ് ലീഡുണ്ട്. ഇരട്ട സെഞ്ചുറി നേടിയ ഡേവിഡ് വാർണറും പിന്നാലെ കാമറൂൺ ഗ്രീനും പരിക്കേറ്റ് റിട്ടയർഡ് ഹർട്ടായപ്പോൾ സ്റ്റീവ് സ്മിത്ത് സെഞ്ചുറിക്കരികെ പുറത്താവുകയായിരുന്നു.
A double century for David Warner!
- cricket.com.au (@cricketcomau) December 27, 2022
But his #OhWhatAFeeling jump comes at a cost! ????#AUSvSA | @Toyota_Aus pic.twitter.com/RqJLcQpWHa
ടെസ്റ്റ് ക്രിക്കറ്റിൽ 100-ാം ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കുന്ന പത്താമത്തെ താരമായിരിന്നു വാർണർ. മുൻ ഇംഗ്ലണ്ട് താരം കോളിൻ കൗഡ്രിയാണ് നേട്ടാം സ്വന്തമാക്കിയ ആദ്യതാരം. 1968ലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 104 റൺസാണ് കൗഡ്രി നേടിയത്. മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് രണ്ടാമതായി നേട്ടത്തിലെത്തി. 1989ൽ 145 റൺസാണ് മിയാൻദാദ് നേടിയത്.
1990ൽ വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൺ ഗ്രീനിഡ്ജ് 149 റൺസും സ്വന്തമാക്കി. 2000ൽ ഇംഗ്ലണ്ടിൽ ഇലക്സ് സ്റ്റിവാർട്ടും പട്ടികയിലെത്തി. 2005ൽ മുൻ പാക്കിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖിന്റെ ഊഴമായിരുന്നു. 184 റൺസാണ് താരം നേടിയത്. 2006ൽ മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് തന്റെ നൂറാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി. 120, 143 എന്നിങ്ങനെയായിരുന്നു പോണ്ടിംഗിന്റെ സ്‌കോർ. 2012ൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്തും പട്ടികയിലെത്തി. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം ആംല 2014ൽ 134 റൺസ് നേടി പട്ടികയിൽ ഇടം പിടിച്ചു. 2021ൽ ജോ റൂട്ടും ഇപ്പോൾ വാർണറും.
ഇപ്പോൾ സജീവമായ താരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ സെഞ്ചുറിനേടുന്ന താരങ്ങളിൽ രണ്ടാമതെത്താനും വാർണർക്കായി. ഇക്കാര്യത്തിൽ 72 സെഞ്ചുറിയുമായി ഇന്ത്യൻ താരം വിരാട് കോലിയാണ് മുന്നിൽ. വാർണർക്ക് 45 സെഞ്ചുറിയായി. 44 സെഞ്ചുറി നേടിയ റൂട്ടിനെയാണ് വാർണർ മറികടന്നത്. ഓസ്ട്രേിയയുടെ സ്റ്റീവൻ സ്മിത്ത് (41), ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (41) എന്നിവരും പിന്നിലുണ്ട്.
ഓസ്ട്രേലിയക്ക് വേണ്ടി 8000 റൺസ് പൂർത്തിയാക്കുന്ന എട്ടാമത്തെ താരം കൂടിയാണ് വാർണർ. ഓസ്ട്രേലിയൻ മണ്ണിൽ 5000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ ഓസീസ് താരമെന്ന നേട്ടവും വാർണറെ തേടിയെത്തി.
2020 ജനുവരിയിലാണ് വാർണർ അവസാനമായി ടെസ്റ്റിൽ ശതകം നേടുന്നത്. പിന്നീട് 27 ഇന്നിങ്‌സ് കളിച്ചിട്ടും മൂന്നക്കം തൊടാനാകാതെ ഉഴറിയിരുന്നു. ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സചിന്റെ പേരിലുള്ള റെക്കോഡിനൊപ്പം എത്തുക കൂടി ചെയ്തിട്ടുണ്ട് വാർണർ. ഏകദിന, ടെസ്റ്റ്, ട്വന്റി മത്സരങ്ങൾ ചേർത്താണ് വാർണറുടെ പ്രകടനമെങ്കിൽ സചിൻ ഏകദിനങ്ങളിൽ മാത്രമാണ് ഈ നേട്ടം പിടിച്ചത്.
ഡേവിഡ് വാർണറിന്റെ മോശം ഫോം ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് ഭീഷണിയായേക്കുമെന്നുള്ള രീതിയിൽ വാർത്തകൾ വന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്യാപ്റ്റൻസി വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ചതും വലിയ ചർച്ചയായി. താനൊരു കുറ്റവാളിയല്ലെന്നും ഒരു സംഭവത്തിന്റെ പേരിൽ ആജീവനാന്ത വിലക്കേർപ്പെടുത്തുന്നത് കടുത്ത നടപടിയാണെന്നും വാർണർ പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും വാർണർ പരാജയപ്പെട്ടിരുന്നു.
എന്നാൽ മെൽബണിൽ തന്റെ 100-ാം ടെസ്റ്റ് കളിക്കാനെത്തിയ വാർണർ വിമർശകരുടെ വായടപ്പിച്ചു. അതും ഇരട്ട സെഞ്ചുറിയോടെ. ഈ ടെസ്റ്റിൽ കൂടി ഫോമായില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്നുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് വാർണറുടെ നേട്ടം. ഇരട്ട സെഞ്ചുറി നേടിയശേഷമുള്ള ആദ്ദേഹത്തിന്റെ ആഘോത്തിൽ എല്ലാമുണ്ടായിരുന്നു.
ഇരട്ട സെഞ്ചുറിക്ക് ശേഷം വായുവിൽ ഉയർന്നുചാടിയാണ് വാർണർ ആഘോഷിച്ചത്. അതിൽ കാണാമായിരുന്നു അദ്ദേഹം എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടെന്ന്. മാത്രമല്ല, താരം വീകാരാധീനനായും കാണപ്പെട്ടു. എന്നെന്നും ഓർക്കാനുള്ള നിമിഷങ്ങളാണ് വാർണർ മെൽബണിൽ സമ്മാനിച്ചത്. ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ വാർണർ റിട്ടയേർഡ് ഹർട്ടാവുകയും ചെയ്തു. ഫിസിയോയയുടെ സഹായത്തോടെയാണ് വാർണർ ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. വാർണറുടെ ഇരട്ട സെഞ്ചുറി ആഘോഷം കാണാം.
After a tremendous knock in scorching heat, @davidwarner31 walks off to a standing ovation for an incredibly well-earned sit down ???? pic.twitter.com/knNy6abf9s
- Cricket Australia (@CricketAus) December 27, 2022


