റാഞ്ചി: ട്വന്റി 20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി വീണ്ടും താരങ്ങളുടെ പരിക്ക്. ജസ്പ്രീത് ബുമ്രയ്ക്ക് പിന്നാലെ പേസർ ദീപക് ചാഹറും പരിക്കിന്റെ പിടിയിലായതാണ് ആശങ്ക ഉയർത്തുന്നത്.

ട്വന്റി 20 ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ താരം കൂടിയായ ചാഹറിനെ പുറംവേദനയെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. ദീപക് ചാഹറിന്റെ പകരക്കാരനായി വാഷിങ്ടൺ സുന്ദറെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ടീമിലെടുക്കുകയും ചെയ്തു. നീണ്ട ഇടവേളക്കുശേഷമാണ് വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്.

എന്നാൽ പേസർക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി ഓഫ് സ്പിന്നറായ സുന്ദറിനെ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു. ടീമിൽ ഇപ്പോൾ തന്നെ സ്പിന്നർമാരുടെ ബാഹുല്യമുണ്ട്. കുൽദീപ് യാദവും രവി ബിഷ്‌ണോയിയും ഷഹബാസ് അഹമ്മദും സ്പിന്നർമാരായി ടീമിലുള്ളപ്പോഴാണ് നാലാം സ്പിന്നറായി വാഷിങ്ടൺ സുന്ദറെ കൂടി ടീമിലെടുക്കുന്നത്.

ട്വന്റി 20 ലോകകപ്പ് ടീമിൽ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ആദ്യം പരിഗണിക്കുന്ന മുഹമ്മദ് ഷമിയെ ടീമിലെടുത്തിരുന്നെങ്കിൽ ഷമിക്ക് ലോകകപ്പിന് മുമ്പ് മത്സരപരിചയം ഉറപ്പാക്കാൻ കഴിയുമായിരുന്നു. എന്നാൽ പേസർക്ക് പരിക്കേറ്റപ്പോൾ പകരം സ്പിന്നറെ എടുത്ത സെലക്ടർമാരുടെ നടപടി അതിശയിപ്പിക്കുന്നതായി. ഷമിയുടെ കായികക്ഷമതയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തത വരുത്താൻ ബിസിസിഐക്ക് കഴിഞ്ഞിട്ടില്ല.

ദീപക് ചാഹറിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഏകദിന പരമ്പരക്കുശേഷം ചാഹർ ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുശേഷം പുറം വേദനയെത്തുടർന്ന് ചാഹർ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ചാഹറിനെ ആദ്യ മത്സരത്തിൽ കളിപ്പിക്കാതിരുന്നതിനെതിരെയും വിമർശനം ഉയർന്നിരുന്നു.

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് ഷമിക്കൊപ്പം പരിഗണിക്കുന്ന പേസർ കൂടിയാണ് ചാഹർ. ഒക്ടോബർ 15ന് മുമ്പ് മുഹമ്മദ് ഷമി പൂർണ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ ചാഹറിനെയോ മുഹമ്മദ് സിറാജിനെയോ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചാഹറിനും പരിക്കേറ്റെന്ന വാർത്ത ഇന്ത്യൻ ടീമിന്റെ പദ്ധതികളെ മുഴുവൻ തകിടം മറിക്കുന്നതാണ്.