ന്യൂഡൽഹി: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 77 റൺസിന് കീഴടക്കി പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ചെന്നൈ 224 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡെവോൺ കോൺവെ (51 പന്തിൽ 87) റിതുരാജ് ഗെയ്കവാദ് (50 പന്തിൽ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്ത് വിരമാമിട്ടു. 58 പന്തിൽ 86 റൺസെടുത്ത ഡേവിഡ് വാർണറാണ് ടോപ് സ്‌കോറർ. ദീപക് ചാഹർ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

പ്ലേ ഓഫ് കാണാതെ പുറത്തായ ഡൽഹിക്കായി ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് ഒന്ന് പൊരുതി നോക്കിയത്. 58 പന്തുകൾ നേരിട്ട വാർണർ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 86 റൺസെടുത്തു. പക്ഷേ ഡൽഹി നിരയിൽ ഒരാൾ പോലും വാർണർക്ക് പിന്തുണ നൽകാൻ ഉണ്ടായില്ല. പൃഥ്വി ഷാ (5), ഫിലിപ് സാൾട്ട് (3), റൈലി റൂസ്സോ (0) എന്നിവരെല്ലാം സമ്പൂർണ പരാജയമായി മാറി. യാഷ് ദുൾ (13), അക്ഷർ പട്ടേൽ (15) എന്നിവർക്കും ഡൽഹി സ്‌കോറിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല.

മോശം തുടക്കമായിരുന്നു ഡൽഹിക്ക്. രണ്ടാം ഓവറിൽ തന്നെ ഡൽഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. തുഷാർ ദേഷ്പാണ്ഡെയുടെ പന്തിൽ മിഡ് ഓഫിൽ അമ്പാട്ടി റായുഡുവിന് ക്യാച്ച്. അഞ്ചാം ഓവറിൽ ഫിലിപ് സാൾട്ടും (3) മടങ്ങി. ചാഹറിന്റെ സ്ലോവറിൽ അജിൻക്യ രഹാനെയ്ക്കായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തിൽ റിലീ റൂസ്സോയെ (0) ചാഹർ ബൗൾഡാക്കി. യഷ് ദുൾ (13), അക്സർ പട്ടേൽ (15), അമൻ ഹക്കീം ഖാൻ (7) എന്നിവരും നിരാശപ്പെടുത്തി. 19-ാം ഓവറിലാണ് ഡേവിഡ് വാർണർ മടങ്ങുന്നത്. പതിരാനയുടെ പന്തിൽ ഗെയ്കവാദിന് ക്യാച്ച്. മടങ്ങുമ്പോൾ അഞ്ച് സിക്സും ഏഴ് ഫോറും വാർണർ നേടിയിരുന്നു. കുൽദീപ് യാദവാണ് പുറത്തായ മറ്റൊരു താരം. ആന്റിച്ച് നോർജെ (0), ചേതൻ സക്കറിയ (0) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തിരുന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോൺ കോൺവെയുടെയും കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 141 റൺസ് അടിച്ചെടുത്തു. 52 പന്തിൽ നിന്ന് മൂന്ന് സിക്‌സും 11 ഫോറുമടക്കം 87 റൺസെടുത്ത കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 50 പന്തുകൾ നേരിട്ട ഗെയ്ക്വാദ് നാല് ഫോറും ഏഴ് സിക്‌സും പറത്തി 79 റൺസെടുത്തു.

ഗെയ്ക്വാദ് പുറത്തായ ശേഷമെത്തിയ ശിവം ദുബെ പതിവുപോലെ തകർത്തുകളിച്ചു. ഒമ്പത് പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 22 റൺസെടുത്ത ദുബെ രണ്ടാം വിക്കറ്റിൽ കോൺവെയ്‌ക്കൊപ്പം അതിവേഗം 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. തുടർന്നെത്തിയ രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുത്തു. ഏഴ് പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം ജഡേജ 20 റൺസോടെ പുറത്താകാതെ നിന്നു. നാല് പന്തുകൾ നേരിട്ട ക്യാപ്റ്റൻ ധോനി അഞ്ച് റൺസെടുത്തു.