- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധസെഞ്ചുറിയുമായി 'നിലയുറപ്പിച്ച്' വാർണർ; ബാറ്റിങ് വെടിക്കെട്ടുമായി അക്ഷർ പട്ടേലും; ഡൽഹിയെ എറിഞ്ഞൊതുക്കി പിയുഷ് ചൗളയും ബെഹ്റെൻഡോർഫും; മുംബൈക്ക് 173 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ ഒരിക്കൽ കൂടി തിളങ്ങിയെങ്കിലും ബാറ്റിങ് വെടിക്കെട്ടുമായി കളം നിറഞ്ഞ അക്‌സർ പട്ടേലാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ മുംബൈ ബോളർമാർ ഡൽഹിയെ 19.4 ഓവറിൽ 172 റൺസിൽ എറിഞ്ഞൊതുക്കി.
ഓപ്പണറായി ഇറങ്ങി 43 പന്തിൽ അർധസഞ്ചുറി തികച്ച വാർണർ 47 പന്തിൽ 51 റൺസെടുത്ത് പത്തൊമ്പതാം ഓവറിൽ പുറത്തായപ്പോൾ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തിൽ 54 റൺസടിച്ച അക്ഷർ പട്ടേലാണ് ഡൽഹിക്ക് മാന്യമായ സ്‌കോർ ഉറപ്പാക്കിയത്.
പൃഥ്വി ഷായും ഡൽഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോൾ പതിമൂന്നാം ഓവറിൽ 98-5ലേക്ക് തകർന്ന ഡൽഹിയെ അവസാന ഓവറുകളിൽ തകർത്തടിച്ച അക്ഷർ ആണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 22 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് അക്ഷർ അർധസെഞ്ചുറി തികച്ചത്.മുംബൈക്കായി പിയൂഷ് ചൗളയും ജേസൺ ബെഹൻഡോർഫും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്നിങ്‌സിലെ ആദ്യ ഓവറിൽ ഏഴ് റൺസെടുത്ത ഡൽഹി അർഷാദ് ഖാൻ എറിഞ്ഞ രണ്ടാം ഓവറിൽ 12 റൺസടിച്ച് ടോപ് ഗിയറിലായി. 10 പന്തിൽ 15 റൺസുമായി നല്ല തുടക്കമിട്ട പൃഥ്വി ഷായെ നാലാം ഓവറിൽ വീഴ്‌ത്തി ഹൃഥ്വിക് ഷൊക്കീൻ ഡൽഹിക്ക് ആദ്യ പ്രഹരംമേൽപ്പിച്ചു.റിലെ മെറിഡിത്തിനെതിരെ തുടർച്ചയായി ബൗണ്ടറി നേടി മനീഷ് പാണ്ഡെ പവർ പ്ലേയിലെ അവസാന ഓവറിൽ ഒമ്പത് റൺസ് കൂടി ചേർത്ത് ഡൽഹിയെ 50 കടത്തി.ഒരറ്റത്ത് മനീഷ് പാണ്ഡെ സ്‌കോറുയർത്താൻ ശ്രമിക്കുമ്പോൾ ടൈമിങ് കണ്ടെത്താൻ പാടുപെട്ട വാർണർ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് സ്‌കോറുയർത്തിയത്.
18 പന്തിൽ 26 റൺസെടുത്ത മനീഷ് പാണ്ഡെയെ പിയൂഷ് ചൗള വീഴ്‌ത്തിയതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി.അരങ്ങേറ്റക്കാരൻ യാഷ് ജുൾ(2), റൊവ്മാൻ പവൽ(4), ലളിത് യാദവ്(2) എന്നിവർ കൂട്ടുകെട്ടുകളില്ലാതെ മടങ്ങിയപ്പോൾ 81-1 ൽ നിന്ന് 98-5ലേക്ക് ഡൽഹി കൂപ്പുകുത്തി. ഏഴാമനായി ക്രീസിലെത്തി വാർണറെ സാക്ഷി നിർത്തി തകർത്തടിച്ച അക്ഷറാണ് ഡൽഹിയെ 150 കടത്തിയത്. അർധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഒരോവറിൽ അക്ഷറെയും വാർണറെയും മടക്കി ബെഹൻഡോർഫ് ഡൽഹിയുടെ കുതിപ്പ് തടഞ്ഞു. ബെഹൻഡോർഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ നാലു വിക്കറ്റാണ് ഡൽഹിക്ക് നഷ്ടമായത്. വാർണറും, അക്ഷറും പുറത്തായതിന് പിന്നാലെ കുൽദീപ് യാദവ് റണ്ണൗട്ടായപ്പോൾ അവസാന പന്തിൽ അഭിഷേക് പോറൽ(1) കാമറൂൺ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങി.
അവസാന ഓവറുകളിലും താളം കണ്ടെത്താനാകാതെ വാർണർ പാടുപെട്ടപ്പോൾ അക്ഷർ നാലു ഫോറും അഞ്ച് സിക്‌സും പറത്തിയതാണ് ഡൽഹി സ്‌കോറിന് മാന്യത നൽകിയത്.മുംബൈക്കായി പിയൂഷ് ചൗള നാലോവറിൽ 22 റൺസിനും ജേസൺ ബെഹൻഡോർഫ് മൂന്നോവറിൽ 23 റൺസിനും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോൾ ഹൃത്വിക് ഷൊക്കീൻ ഒരു വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്