വിശാഖപട്ടണം: ഋഷഭ് പന്തിന്റെ അർദ്ധ സെഞ്ചുറിയുടെയും മുകേഷ് കുമാറിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സിനെ 20 റൺസിന് കീഴടക്കി. വിശാഖപട്ടണത്ത് നടന്ന ഐപിഎൽ മത്സരത്തിൽ, 192 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് തുടരെ വിക്കറ്റുക്കൾ പോയത് തിരിച്ചടിയായി. എന്നിരുന്നാലും, അജിങ്ക്യ റഹാനെയും(45), ഡാരി മിച്ചലും( 34) ടീമിനെ പോരാളികളാക്കി. ഇരുവരും പുറത്തായ ശേഷം ഡൽഹി തിരിച്ചുവന്നെങ്കിലും, ധോണി തടസ്സമായി. 16 പന്തിൽ 37 റൺസെടുത്ത ധോണി ആരാധകരെ ആവേശത്തിലാഴ്‌ത്തി. എന്നാൽ, ഡൽഹിയെ കൊമ്പുകുത്തിക്കാൻ അതും പോന്നതായില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ ചെന്നൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഡൽഹിക്ക് ഇത് സീസണിലെ ആദ്യജയവും.

നേരത്തെ, ഡേവിഡ് വാർണറുടെയും ഋഷഭ് പന്തിന്റെയും അർദ്ധസെഞ്ചുറികളുടെ ബലത്തിലാണ് ഡൽഹി ക്യാപ്പിറ്റൽസ് ചെന്നൈ സുപ്പൂർ കിങ്‌സിന് എതിരെ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് വേണ്ടി ഓപ്പണർമാരായ വാർണറും, പൃഥ്വിഷായും മികച്ച പങ്കാളിത്തത്തിലൂടെ മുന്നേറി. വാർണർ, പൃഥ്വി ഷാ (27 പന്തിൽ 43) എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ നേടിയ 93 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി.

എന്നാൽ, തുടർച്ചയായി നാലുവിക്കറ്റുകൾ വീഴ്‌ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് പന്തിന്റെ ദ്രുതഗതിയിലുള്ള ഇന്നിങ്‌സ് കൂടിയായതോടെ ഡൽഹി മികച്ച ടോട്ടൽ കണ്ടെത്തി. 35 പന്തിൽ 51 റൺസ് നേടിയ പന്തിനെ 19ാം ഓവറിൽ മതീഷ പതിരണ ഋതുരാജ് ഗയ്ക്വാദിന്റെ കൈകളിലെത്തിച്ചു. 3 സിക്‌സും 4 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. അക്ഷർ പട്ടേൽ (7*), അഭിഷേക് പൊറൽ (9*) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈക്കു വേണ്ടി മതീഷ് പതിരണ മൂന്നു വിക്കറ്റു വീഴ്‌ത്തി.