- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നാഥൻ ലിയോണിന് മുന്നിൽ നിലയുറപ്പിക്കാനാകാതെ മുൻനിര; പ്രതീക്ഷയായി കോഹ്ലിയും ജഡേജയും; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ നാലിന് 88; നൂറാം ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായി പൂജാര
ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 റൺസിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ചയിലാണ്. 14 റൺസോടെ വിരാട് കോലിയും 15 റൺസോടെ രവീന്ദ്ര ജഡേജയും ക്രീസിൽ.
ആറ് വിക്കറ്റ് കൈയിലിരിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്കിനിയും 175 റൺസ് കൂടി വേണം. ഓപ്പണർമാരായ രോഹിത് ശർമ, കെ എൽ രാഹുൽ ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനിൽ നഷ്ടമായത്. ഓസീസിനായി നേഥൻ ലിയോൺ നാലു വിക്കറ്റും വീഴ്‌ത്തി.
രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. പാറ്റ് കമിൻസിനെയും മാത്യു കുനെമാനെയും ആത്മവിശ്വാസത്തോടെ രോഹിത്തും രാഹുലും നേരിട്ടപ്പോൾ ഇന്ത്യ മികച്ച സ്‌കോറിലേക്ക് അടിത്തറയിടുമെന്ന് കരുതി. എന്നാൽ കുനെമാനെതിരെ സിക്‌സടിച്ച് രാഹുൽ പ്രതീക്ഷ നൽകിയതിന് പിന്നാലെ വീണു. നേഥൻ ലിയോണിന്റെ വരവാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നിൽ കുടുക്കിയ ലിയോൺ പിന്നാലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ(32) മിഡിൽ സ്റ്റംപിളക്കി.
പിച്ച് ചെയ്ത് താണുവന്ന പന്താണ് രോഹിത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാര ക്രീസിലെത്തിയ ഉടൻ നേരിട്ട രണ്ടാം പന്തിൽ തന്നെ ശക്തമായ എൽബിഡബ്ല്യു അപ്പീലിൽ നിന്ന് രക്ഷപ്പെട്ടു. ഓസ്‌ട്രേലിയ റിവ്യു എടുക്കാത്തതിനാൽ മാത്രം പുറത്താവാതിരുന്ന പൂജാരക്കും പക്ഷെ അധികം ആയുസുണ്ടായില്ല. രോഹിത്തിനെ പുറത്താക്കിയ അതേ ഓവറിൽ പൂജാരക്കെതിരെ വീണ്ടുമൊരു എൽബിഡബ്ല്യു അപ്പീൽ. ഓൺ ഫീൽഡ് അമ്പയർ നിഷേധിച്ചെങ്കിലും ഓസ്‌ട്രേലിയ റിവ്യു എടുത്തു.
മൂന്നാം അമ്പയർ ഔട്ട് വിധിച്ചതോടെ നൂറാം ടെസ്റ്റിൽ പൂജാര പൂജ്യനായി മടങ്ങി. 46-0ൽ നിന്ന് ഇന്ത്യ 54-3ലേക്ക് വീണു. 16 പന്തുകളുടെ ഇടവേളയിലാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. മൂന്ന് വിക്കറ്റും വീഴ്‌ത്തിയതാകട്ടെ നേഥൻ ലിയോണായിരുന്നു. പിന്നാലെ സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള ശ്രേയസ് അയ്യർ ക്രീസിലെത്തി.
ശ്രേയസും കോലിയും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും സ്‌കോർ 56ൽ നിൽക്കെ നിരുപദ്രവകരമായൊരു പന്തിൽ ശ്രേയസിനെ ഷോർട്ട് ലെഗ്ഗിൽ പീറ്റർ ഹാൻഡ്‌സ്‌കോംബ് അവിശ്വസനീയമായി കൈയിലൊതുക്കി. നാലു റൺസായിരുന്നു ശ്രേയസിന്റെ സംഭാവന. പിന്നീടെത്തിയ ജഡേജയും കോലിയും ചേർന്ന് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ 88ൽ എത്തിച്ചു. ഓസ്‌ട്രേലിയക്കായി നേഥൻ ലിയോൺ 11 ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി.